|    Dec 14 Fri, 2018 3:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇസ്രായേല്‍ അനുകൂല പ്രചാരണം തടയാന്‍ സഹായം വേണം

Published : 22nd November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: ഭരണ-രാഷ്ട്രീയ മേഖലകളിലെ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ സയണിസ്റ്റ് രാഷ്ട്രത്തിന് അനുകൂലമായ ജനാഭിപ്രായം രൂപപ്പെടുത്താനുള്ള നീക്കങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ഫലസ്തീന്‍ ജനത സഹായം അഭ്യര്‍ഥിച്ചു. ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഇന്ത്യന്‍ സമൂഹത്തിന് അവബോധം പകരാന്‍ മാധ്യമങ്ങള്‍ പങ്കു വഹിക്കണമെന്ന് ഫലസ്തീന്‍ ഇന്റര്‍നാഷനല്‍ ഫോറം സെക്രട്ടറി ജനറല്‍ ഹിഷാം ഖാസി അഭ്യര്‍ഥിച്ചു. ഇസ്താംബൂളില്‍ ഫലസ്തീന്‍ ഇന്റര്‍നാഷനല്‍ ഫോറം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തില്‍ സംബന്ധിക്കുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ജനാഭിപ്രായം അനുകൂലമാക്കുന്നതിന് ഇസ്രായേല്‍ സ്വീകരിക്കുന്ന വിവിധ തന്ത്രങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഫലസ്തീനെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്കു നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കു മുന്നില്‍ ആസൂത്രിതമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ തേജസ് ദിനപത്രത്തിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതും പത്രം അച്ചടി നിര്‍ത്താന്‍ നിര്‍ബന്ധിതമായതും ചര്‍ച്ചയില്‍ വിഷയമായി.
ഇന്ത്യന്‍ സമൂഹത്തില്‍ വിശേഷിച്ചും യുവജന-വിദ്യാര്‍ഥികളില്‍ ഇസ്രായേല്‍ അധിനിവേശവും ഫലസ്തീന്റെ വിമോചന പോരാട്ടവും അഭയാര്‍ഥികളുടെ ദുരിതങ്ങളും അവതരിപ്പിക്കുന്നതിന് വിവിധ മാധ്യമങ്ങളിലൂടെ സാധ്യമായ ശ്രമങ്ങള്‍ നടത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഫലസ്തീന്‍ മീഡിയ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ജനറല്‍ ഹബീബ് ഇംറാന്‍, ഫലസ്തീന്‍ മീഡിയ ഇന്ത്യ സെക്രട്ടറി ഗൗഹര്‍ ഇഖ്ബാല്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരായ ആരിഫ ഖാനം (ദി വയര്‍), ഊര്‍മിളേഷ്, ഇഫ്തിഖാര്‍ ജീലാനി, അഷ്‌റഫ് അലി, പി എ എം ഹാരിസ് (എക്‌സി. എഡിറ്റര്‍, തേജസ്), ആക്റ്റിവിസ്റ്റുകളായ ഡോ. നദീംഖാന്‍, മുത്തുകൃഷ്ണന്‍ (തമിഴ്‌നാട്), ഖാലിദ് സൈഫുല്ല, മുഹമ്മദ് അനീസ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss