|    Jan 23 Mon, 2017 7:56 am
FLASH NEWS

ഇസ്രായേലിന്റെ ആണവമനുഷ്യന്‍

Published : 14th October 2016 | Posted By: SMR

റംസി  ബറൂദ്

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന ഷിമോണ്‍ പെരസിനെ ഏറ്റവും വിജയിയായ ഭരണകര്‍ത്താവായാണ് പലരും വിശേഷിപ്പിച്ചത്. അനന്തമായി തുടരുന്ന തത്ത്വദീക്ഷയില്ലാത്ത സംഘട്ടനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിവേകത്തിന്റെയും ബുദ്ധിയുടെയും സമാധാനത്തിന്റെയും ശബ്ദമായാണ് ലോകത്ത് പ്രചരിച്ചത്. നൊബേല്‍ പുരസ്‌കാര ജേതാവായ അദ്ദേഹം 93ാം വയസ്സില്‍ അന്തരിച്ചപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രശംസകള്‍ ചൊരിഞ്ഞാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഇസ്രായേല്‍ സ്ഥാപകനേതാക്കളില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഏറ്റവും ബുദ്ധികൂര്‍മതയുള്ള നേതാവായി അദ്ദേഹത്തെ അവര്‍ ചിത്രീകരിച്ചു. എന്നാല്‍, ഈ പുകഴ്ത്തലുകളെല്ലാം കേവലം വൈകാരികമായിരുന്നു. അതൊന്നും വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. ഫലസ്തീന്‍-ലബ്‌നാന്‍ ജനതകള്‍ക്കിടയിലും മധ്യപൗരസ്ത്യ മേഖലയിലെ നീതിയും സമാധാനവുമായി ബന്ധപ്പെട്ടുമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പൈതൃകം നിലകൊള്ളുന്നത്. സത്യത്തില്‍ അദ്ദേഹം ഒരു അതുല്യ നേതാവായിരുന്നില്ല. ഫലസ്തീന്‍ ജനതയുടെ അവകാശവും അന്തസ്സും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനു വേണ്ടി അദ്ദേഹം ഒരിക്കലും പരിശ്രമിച്ചിരുന്നില്ല. തന്റെ ജനതയുടെ സുരക്ഷിത ഭാവിക്കും അദ്ദേഹം യത്‌നിച്ചിരുന്നില്ല.
സത്യത്തില്‍, ഏതു മാര്‍ഗം സ്വീകരിച്ചായാലും എത്ര വില നല്‍കേണ്ടിവന്നാലും തന്റെ ലക്ഷ്യം നേടുന്നതിനു വേണ്ടി കരുക്കള്‍ നീക്കിയ സൂത്രശാലിയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ ഒരു പ്രത്യേക മേഖലയില്‍ മികവു പുലര്‍ത്താനുള്ള ഉയര്‍ന്ന യോഗ്യതകളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മറിച്ച്, ഒരു മാതൃകാ ഇസ്രായേലി രാഷ്ട്രീയക്കാരന്റെ പ്രതികാര മനോഭാവം പിന്തുടര്‍ന്ന നേതാവായിരുന്നു അദ്ദേഹം. അവസരത്തിനും ആവശ്യത്തിനുമനുസരിച്ച് തന്റെ സമീപനം മാറ്റാന്‍ അദ്ദേഹം സ്വയം തയ്യാറായിരുന്നു.
”ഏഴു പതിറ്റാണ്ടോളം പ്രധാനമന്ത്രിയായും പ്രസിഡന്റായും അദ്ദേഹം ഭരണം നടത്തിയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഒരു ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നില്ല. 12 മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിരുന്നു. പ്രതിരോധ-വിദേശകാര്യ-ധനകാര്യ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്” എന്ന് മിഡില്‍ഈസ്റ്റ് മോണിറ്ററില്‍ ബെന്‍ വെയ്റ്റ് എഴുതി. സ്വന്തം രാജ്യത്ത് ലക്ഷണമൊത്ത ഒരു പോരാളിയായിരിക്കുമ്പോള്‍ തന്നെ ലോകവേദികളില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ അദ്ദേഹം തന്റെ വ്യാജ പ്രതിച്ഛായയോടെയാണ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, എഹൂദ് ബറാക്, സിപി ലിവ്‌നി, എഹൂദ് ഓല്‍മെര്‍ട്ട് തുടങ്ങി പലര്‍ക്കും പെരസ് ഒരു വ്യാജ പ്രവാചകനാണെന്ന് അറിയാമായിരുന്നു. അദ്ദേഹം പേരില്‍ മാത്രമായിരുന്നു ഒരു നേതാവായിരുന്നത്. പൊതുവേ യുദ്ധക്കൊതിയന്മാരായ ജനറല്‍മാര്‍ നേതൃത്വം കൊടുക്കുന്ന ഇസ്രായേലില്‍ പെരസിന്റെ ‘മൃദുസമീപനം’ ഒരുപക്ഷേ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം. ഫലസ്തീനികള്‍ക്കും ലബ്‌നാന്‍കാര്‍ക്കും കടുത്ത ശിക്ഷയാണ് പെരസ് നല്‍കിയിരുന്നത്. ശിക്ഷിക്കപ്പെടാതെപോയ മൃഗീയ യുദ്ധക്കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ളത്.
1996ല്‍ ലബനീസ് ഗ്രാമമായ ഖാനയിലെ യുഎന്‍ രക്ഷാകേന്ദ്രത്തില്‍ ബോംബിടാന്‍ ഉത്തരവു നല്‍കിയ ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹം ഓര്‍മിക്കപ്പെടുന്നത്. നൂറുകണക്കിനു നിരപരാധികളായ ജനങ്ങളാണ് അന്നു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഈ സംഭവത്തിനു പ്രധാന സ്ഥാനമുണ്ട്. ഗസയില്‍ ഇസ്രായേലി വലതുപക്ഷ സര്‍ക്കാര്‍ നടത്തിയ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ സര്‍വ പിന്തുണയുമുണ്ടായിരുന്നു.
ഒരു നേതാവെന്ന നിലയിലും അദ്ദേഹം ദയനീയ പരാജയമായിരുന്നു. ഇസ്രായേലി അധിനിവേശം ഉറപ്പിക്കാന്‍ ഓസ്‌ലോ കരാറുണ്ടാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. എന്നാല്‍, അതിന്റെ ഫലമായി ഫലസ്തീനികള്‍ക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല.
ഷിമോണ്‍ പെരസിന്റെ ‘പ്രശസ്തി’ക്ക് വളരെക്കാലം പഴക്കമുണ്ട്. ഇസ്രായേല്‍ സ്ഥാപിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന അധോലോക സയണിസ്റ്റ് ഭീകര സംഘടനയായ ‘ഹഗാന’യില്‍ അംഗമായതു മുതല്‍ തുടങ്ങിയതാണത്. ഫലസ്തീനികളെ അവരുടെ ചരിത്രപരമായ മാതൃരാജ്യത്തുനിന്നു വംശഹത്യയിലൂടെ തുടച്ചുനീക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ആ സംഘടന രൂപീകരിക്കപ്പെട്ടത്.
”ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രിയായ ഡേവിഡ് ബെന്‍ഗൂരിയന്റെ അനുയായിയായാണ് പെരസ് തന്റെ ദീര്‍ഘകാല രാഷ്ട്രീയജീവിതം ആരംഭിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ മഹത്തായ വിജയങ്ങളെല്ലാം അണിയറയിലാണ് നടന്നത്”- ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ പ്രഫസര്‍ യാരോണ്‍ ഇസ്രാഹി, ജോനാതന്‍ കുക്കിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
അതിലൊരു ‘വിജയം’ അണുബോംബ് ആയിരുന്നു. ഒട്ടുമിക്ക മധ്യപൂര്‍വ രാഷ്ട്രങ്ങളും ഇറാഖിനെയും ഇറാനെയും അവരുടെ കൈവശമില്ലാത്ത അണുബോംബിന്റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ ഈ മേഖലയില്‍ ഈ മാരകായുധത്തിന്റെ പിതാവ് പെരസ് ആയിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
വാഷിങ്ടണ്‍ ഡിസിയുടെയും അറേബ്യന്‍ രാജ്യങ്ങളുടെയും മുന്നില്‍ ഇസ്രായേലിന്റെ അന്തസ്സായി ഉയര്‍ത്തിക്കാണിക്കേണ്ടത് ഈ ഇസ്രായേലി ബോംബാണെന്ന് തന്റെ ഗുരുവിനെപ്പോലെ പെരസും വിശ്വസിച്ചിരുന്നതായാണ് കുക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ വേണ്ടി പെരസ് ബ്രിട്ടന്‍, ഫ്രാന്‍സ്, നോര്‍വേ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്ന് വ്യാജമായ പ്രചാരണവും നടത്തിയിരുന്നു. അദ്ദേഹം ഒരിക്കലും തന്റെ സമാധാന പ്രസംഗം നിര്‍ത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രഭാഷണവിദ്യയും ആത്മാര്‍ഥതയുടെ കപടമുഖവും അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും അനുകരിച്ചിരുന്നു.
പെരസിന്റെ സമാധാനത്തിനു വേണ്ടിയുള്ള വാക്കുകളും ഏരിയല്‍ ഷാരോണിന്റെ നിലപാടുകളും അതാണ് കാണിക്കുന്നത്. യുദ്ധക്കൊതിയനായ ഷാരോണ്‍ ”ഇസ്രായേല്‍ ആരോഗ്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രമാണെ”ന്നാണ് അവകാശപ്പെട്ടത്. മുന്‍ ഇസ്രായേലി പ്രധാനമന്ത്രി യിത്‌സാക് ഷമീര്‍ അടക്കമുള്ള ശത്രുക്കള്‍ പെരസില്‍ നിന്നു വ്യത്യസ്തരാണെങ്കിലും ഇസ്രായേലിന്റെ സ്വന്തം രാഷ്ട്രീയ ചരിത്ര വിഷയത്തില്‍ ഇവരുടെ നിലപാടുകള്‍ ഒരേതരത്തിലുള്ളതാണ് എന്നതാണ് ഏറ്റവും വലിയ തമാശ.
ഉദാഹരണമായി, 1983-84ലും 1986-1992 കാലത്തും ഭരണം നടത്തിയിരുന്ന ഷമീര്‍ ഭീകര സയണിസ്റ്റ് അര്‍ധസൈനിക സംഘത്തില്‍ അംഗമായിരുന്നു. ഹഗാനയില്‍ പെരസ് അംഗമായിരുന്ന കാലത്താണിത്. ഭീകരപ്രവര്‍ത്തനകാലത്തും രാഷ്ട്രീയപ്രവര്‍ത്തനകാലത്തും രണ്ടു പേരും വംശഹത്യാ പ്രവര്‍ത്തനത്തിലും യുദ്ധത്തിലും അനധികൃത കോളനികള്‍ സ്ഥാപിക്കുന്നതിലും ഫലസ്തീന്‍ ഭൂമിയില്‍ സൈന്യത്തെ വിന്യസിക്കുന്നതിലും ഏര്‍പ്പെട്ടിരുന്നു.
എന്നാല്‍, പെരസ് തന്റെ വാക്കുകളെ വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. കൗശലക്കാരനായ ഒരു നയതന്ത്രജ്ഞനായിരുന്നു അദ്ദേഹം. എന്നാല്‍, ഷമീര്‍ ആകട്ടെ ആരെയും അംഗീകരിക്കാത്ത, എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. പ്രായോഗികതയില്‍ വ്യത്യസ്തമാണെങ്കിലും ഫലത്തില്‍ രണ്ടു പേരുടെയും നയങ്ങള്‍ ഒന്നായിരുന്നു. 1984ല്‍ ഷമീറിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും പെരസിന്റെ ലേബര്‍ പാര്‍ട്ടിയും ചേര്‍ന്ന് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.
ആ സമയത്ത് പെരസ് സമാധാനപ്രാവ് ചമയാനുള്ള ഒരുക്കത്തിലായിരുന്നു. അന്നു പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടത് യിത്‌സാക് റബിന്‍ ആയിരുന്നു. ഈ രണ്ടു നേതാക്കളുടെയും നേതൃത്വത്തിലുള്ള ഭരണമായിരുന്നു ഫലസ്തീനികളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത്. അന്താരാഷ്ട്രരംഗത്ത് ഷമീര്‍ കടുത്ത ഇസ്രായേലി പക്ഷപാതിയുടെയും പെരസ് സമാധാനദൂതന്റെയും ഭാഗം അഭിനയിച്ചു. അതേസമയം, രണ്ടു പേരും അവരുടെ സര്‍ക്കാരും തങ്ങളുടെ കലാപപൈതൃകവും ഫലസ്തീന്‍ ഭൂമിയിലുള്ള അനധികൃത കൈയേറ്റവും തുടരുകയും ചെയ്തു. 1988നും 1998നുമിടയിലാണ് ജൂതരുടെ അധിനിവേശം ഏറ്റവും കൂടുതല്‍ നടന്നത്.
1994 ഒക്ടോബറിലാണ് പെരസിന് യാസിര്‍ അറഫാത്തിനും യിത്‌സാക് റബിനുമൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. റബിന്‍ ഒരു ജൂതതീവ്രവാദിയുടെ വെടിയേറ്റും അറഫാത്ത് വിഷം അകത്തു ചെന്നെന്നു സംശയിക്കുന്ന സാഹചര്യത്തിലും മരിച്ചു. പെരസ് ഫലസ്തീന്‍ ജനതയുടെ ചെലവില്‍ ഇസ്രായേലിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് 93 വയസ്സു വരെ ജീവിച്ചു. അവസാനം വരെ അദ്ദേഹം ഇസ്രായേല്‍ നടത്തിയ യുദ്ധവും സൈനിക അധിനിവേശവും പിടിച്ചെടുക്കലുമെല്ലാം ന്യായീകരിച്ചു.
ഇസ്രായേലികളും പാശ്ചാത്യ മാധ്യമങ്ങളുടെ മുഖ്യധാരയും പെരസിനെ ഒരു ഹീറോ ആയി വാഴ്ത്തിയിട്ടുണ്ടാവാം. എന്നാല്‍, ഫലസ്തീനികള്‍ക്കും ലബനീസ് ജനതയ്ക്കും മറ്റു നിരവധി പേര്‍ക്കും തന്റെ അനേകം ദുഷ്‌കൃത്യങ്ങളില്‍ നിന്നു സമര്‍ഥമായി രക്ഷപ്പെട്ട യുദ്ധക്കുറ്റവാളി തന്നെയാണ് ഷിമോണ്‍ പെരസ്.

വിവ: കോയ കുന്ദമംഗലം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക