|    Mar 26 Sun, 2017 1:02 pm
FLASH NEWS

ഇസ്താംബുള്‍ ആക്രമണം: 13 പേര്‍ കസ്റ്റഡിയില്‍; പിന്നില്‍ ഐഎസ് എന്നു സൂചന

Published : 1st July 2016 | Posted By: SMR

അങ്കാറ: ഇസ്താംബുളിലെ അതാതുര്‍ക്ക് വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് 13പേരെ തുര്‍ക്കി പോലിസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മൂന്നു സ്‌ഫോടനങ്ങളിലായി 42പേരാണ് മരിച്ചത്. 239 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഇതുവരെ ശേഖരിച്ച വിവരങ്ങളില്‍ നിന്നും ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നാണ് സൂചനയെന്ന് ആഭ്യന്തരമന്ത്രി എഫ്കാന്‍ അല പറഞ്ഞു. ഇസ്താംബുള്‍ നഗരത്തിലെ 16 ഇടങ്ങളില്‍ പോലിസ് ഒരേസമയം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയതെന്ന് തുര്‍ക്കിയിലെ അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇസ്താംബുളിലും കടല്‍ത്തീര നഗരമായ ഇസ്മിറിലും സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു കരുതുന്ന ഐഎസ് പ്രവര്‍ത്തകര്‍ക്കായി പോലിസ് തിരച്ചില്‍ നടത്തി.
ഇസ്താംബുളിലെ പെന്‍ഡിക്, ബസാകെഷിര്‍, സുല്‍താന്‍ ബെയില്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് തിരച്ചില്‍ തുടരുന്നത്. ഐഎസിനു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നതായും സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പങ്കുള്ളതായും കരുതപ്പെടുന്നവരെ ഇസ്മിറില്‍ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമികളില്‍ ഒരാള്‍ റഷ്യന്‍ സ്വദേശി
അങ്കാറ: ഇസ്താംബുള്‍ അതാതുര്‍ക് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ ഒരാള്‍ റഷ്യന്‍ സ്വദേശിയെന്ന് തുര്‍ക്കി പോലിസ്. ചെച്‌നിയയില്‍ നിന്നുള്ള ഒസ്മാന്‍ വാദിനോവാണ് ഇയാളെന്ന് പോലിസ് അറിയിച്ചു. എട്ടുപേരാണ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്ന് പോലിസ് അറിയിച്ചു. ഇതില്‍ വാദിനോവ് അടക്കം മൂന്നുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഉസ്‌ബെകിസ്താന്‍, കിര്‍ഗിസ്താന്‍ സ്വദേശികളാണ് കൊല്ലപ്പെട്ട മറ്റു രണ്ടു അക്രമികള്‍. എന്നാല്‍ ഇവരുടെ പേരും മറ്റു വിവരങ്ങളും പോലിസ് വെളിപ്പെടുത്തിയിട്ടില്ല. എകെ റൈഫിളുകള്‍ ഉപയോഗിച്ച് വെടിവയ്പ് നടത്തുകയും ശരീരത്തില്‍ കെട്ടിവച്ച ബോംബുപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നു അക്രമികള്‍ ചെയ്തതെന്നു പോലിസ് അറിയിച്ചു. ചെച്ന്‍ വംശജനായ അഹ്മദ് ചതായേവാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്നും പോലിസ് അറിയിച്ചു.

(Visited 51 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക