|    Nov 13 Tue, 2018 7:56 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇഷ്ടക്കാര്‍ക്ക് പദവികള്‍ നല്‍കാന്‍ നികുതിപ്പണം

Published : 15th August 2018 | Posted By: kasim kzm

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയായി. കുസൃതികാട്ടുന്ന കുട്ടികളെ കുറച്ചുനേരം ബെഞ്ചില്‍ കയറ്റിനിര്‍ത്തിയശേഷം വീണ്ടും ക്ലാസിലിരുത്തുന്ന ശിക്ഷാസമ്പ്രദായമുണ്ടായിരുന്നു പള്ളിക്കൂടങ്ങളില്‍. ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതും തിരിച്ചുകൊണ്ടുവന്നതുമെല്ലാം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു നടപടി മാത്രമായിരിക്കണം. അതിലപ്പുറം യാതൊരു ഗൗരവവും അവര്‍ ഇതിനു നല്‍കിയിട്ടില്ല. നല്‍കിയിരുന്നെങ്കില്‍ സംസ്ഥാനം മഴക്കെടുതിയില്‍പ്പെട്ട് നരകിക്കുന്നതിനിടയില്‍, തിരക്കിട്ട് ഇങ്ങനെയൊരു ചടങ്ങിന് വട്ടംകൂട്ടുകയില്ലായിരുന്നു സര്‍ക്കാര്‍. പിണറായിയുടെ വിശ്വസ്ത സഖാവിന് മന്ത്രിമന്ദിരവും സ്റ്റേറ്റ് കാറും അധികാരവും ലഭിച്ചു. അത്രയേ അതേപ്പറ്റി പറയേണ്ടതുള്ളൂ.
ജയരാജനെ മന്ത്രിയാക്കുന്നതോടൊപ്പം സിപിഐ എംഎല്‍എമാരിലൊരാളെ ചീഫ്‌വിപ്പാക്കുന്നുമുണ്ട്. കാബിനറ്റ് റാങ്കില്‍ രണ്ടുപേര്‍ വരുന്നതോടെ പ്രതിവര്‍ഷം 15 കോടി രൂപയാണ് സംസ്ഥാനത്തിന് അധികച്ചെലവ്. ഇത്തരം അധികച്ചെലവുകളെ സദാ എതിര്‍ത്തുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പി സി ജോര്‍ജിനെ ചീഫ്‌വിപ്പാക്കുമ്പോള്‍ അത് അഴിമതിയും ധൂര്‍ത്തുമാണെന്നു പറഞ്ഞ സിപിഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. അല്ലെങ്കിലും ഘടകകക്ഷികളെയും നേതാക്കളെയും അനുനയിപ്പിച്ചുനിര്‍ത്താന്‍ മുന്നണിരാഷ്ട്രീയത്തില്‍ ഇത്തരം ഏര്‍പ്പാടുകള്‍ വ്യാപകമാണ്. വി എസ് അച്യുതാനന്ദനെ എന്തിനാണ് ഭരണപരിഷ്‌കാരത്തിനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയെന്നു പറഞ്ഞ് കാബിനറ്റ് പദവിയില്‍ കുടിയിരുത്തിയത്? ഭരണം പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് എന്ത് ഉപദേശമാണ് അദ്ദേഹം നല്‍കിയത്? സര്‍ക്കാര്‍ ചെലവില്‍ ഒരാള്‍ ജീവിക്കുന്നു എന്നുമാത്രം. മുന്നാക്ക സമുദായ കോര്‍പറേഷന്‍ എന്നത് ബാലകൃഷ്ണപ്പിള്ളയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയതാണ്. ഇമ്മാതിരി വെള്ളാനകളെല്ലാം ചേര്‍ന്നു മുടിക്കുന്നത് ഖജനാവിലെ കോടിക്കണക്കിനു രൂപയാണ്. അതായത് ഇവര്‍ തിന്നുതീര്‍ക്കുന്നത് നമ്മുടെ നികുതിപ്പണമാണ്. മഴക്കെടുതിയില്‍പ്പെട്ട് അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കഞ്ഞിയും പയറും വിളമ്പാന്‍ ചെലവാക്കേണ്ട പണമാണ് മന്ത്രിയും ചീഫ്‌വിപ്പും മറ്റും വിഴുങ്ങി കുമ്പവീര്‍പ്പിക്കുന്നത് എന്നുകൂടി ഈ തീരാമഴയുടെ സമയത്ത് ഓര്‍ക്കുന്നതു നന്ന്.
ജയരാജനെ ഇത്ര തിരക്കിട്ട് വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കേണ്ട എന്തു കാര്യമാണുള്ളത്? അദ്ദേഹം കാണിച്ച സ്വജനപക്ഷപാതം ഒരിക്കലും സ്വജനപക്ഷപാതമാവാതിരിക്കുന്നില്ല. സിപിഎം കേന്ദ്രകമ്മിറ്റി അദ്ദേഹത്തിനു നല്‍കിയ ശാസന പിന്‍വലിച്ചിട്ടുമില്ല. അതായത് ജയരാജന്റെ മേല്‍ വീണ കറ അതേപടി നിലനില്‍ക്കുകയാണ്. കറപുരണ്ട ഒരു വ്യക്തിയെ മന്ത്രിയാക്കുന്നതിന് നഷ്ടപരിഹാരമായി സിപിഐക്ക് കാബിനറ്റ് സ്ഥാനം നല്‍കുകയും ചെയ്തു. പദവി കിട്ടേണ്ട താമസം, തങ്ങള്‍ മുമ്പു പറഞ്ഞതൊക്കെ വിഴുങ്ങുകയാണു ചെയ്യുന്നതെങ്കില്‍ സിപിഐയുടെ ആദര്‍ശനാട്യത്തെപ്പറ്റി ഏറെയൊന്നും പറയാനില്ലതാനും.
കാബിനറ്റ് പദവികള്‍ വര്‍ധിപ്പിച്ച് പണം ധൂര്‍ത്തടിച്ചു എന്നായിരുന്നു യുഡിഎഫിനെപ്പറ്റിയുള്ള ഇടതുമുന്നണിയുടെ വലിയ പരാതി. പൊതുമുതല്‍ നശിപ്പിക്കുന്നു എന്ന്. ഇപ്പോള്‍ എല്‍ഡിഎഫും അതേ നിലയില്‍ തന്നെ എത്തിയിരിക്കുന്നു. ഒരു ചോദ്യം: ഇഷ്ടക്കാര്‍ക്ക് പദവികള്‍ നല്‍കി എല്‍ഡിഎഫ് ധൂര്‍ത്തടിച്ചുകളയുന്നതും നാട്ടുകാരുടെ പിച്ചച്ചട്ടിയില്‍ നിന്നു കൈയിട്ടു വാരുന്ന കാശല്ലേ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss