|    Jul 22 Sun, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ തെളിവുമായി സിബിഐ: മുന്‍ ഡിജിപി പാണ്ഡേ വീണ്ടും പ്രതിക്കൂട്ടില്‍

Published : 25th September 2017 | Posted By: fsq

ന്യൂഡല്‍ഹി: 19കാരിയായ കോളജ് വിദ്യാര്‍ഥിനി ഇശ്‌റത് ജഹാനെയും അവരുടെ സുഹൃത്ത് മലയാളിയായ ജാവീദ് ശെയ്ഖ് എന്ന പ്രാണേഷിനെയും മറ്റു രണ്ടുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുജറാത്ത് മുന്‍ ഡിജിപി പി പി പാണ്ഡേക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പാണ്ഡേ സമര്‍പ്പിച്ച ഹരജിയില്‍ അഹ്മദാബാദിലെ പ്രത്യേക കോടതി വാദംകേള്‍ക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിയില്‍ പ്രാഥമിക വാദം കേട്ട കോടതി, കൂടുതല്‍ വാദം കേള്‍ക്കുന്നതിന് കേസ് അടുത്തമാസം 11ലേക്കു മാറ്റിവച്ചു. ഇതിനു മുമ്പായി ഇശ്‌റത്തിന്റെ അഭിഭാഷകനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.കുറ്റം നടക്കുമ്പോള്‍ പാണ്ഡേ ഗുജറാത്തില്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇതിനെ ഖണ്ഡിച്ച സിബിഐ അഭിഭാഷകന്‍ ആര്‍ കെ കൊഡേക്കര്‍, പാണ്ഡേക്കു കൊലപാതകങ്ങളില്‍ വ്യക്തമായ പങ്കുണ്ടെന്ന് വ്യക്തമാക്കി. തെളിവുകളായി പാണ്ഡേയുടെ ഗണ്‍മാന്റെയും പോലിസ് ഇന്‍സ്‌പെക്ടര്‍ ബി എച്ച് പാട്ടീല്‍ ഉള്‍പ്പെടെയുള്ളവരുടെയും മൊഴികള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഇശ്‌റത്തും സുഹൃത്തും നിയമവിരുദ്ധ കസ്റ്റഡിയിലായിരിക്കെ ഇരുവരുമായും പാണ്ഡേ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സിബിഐ അറിയിച്ചു. കൂടാതെ, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ മൂന്നു മൊഴികളും ആര്‍ കെ കൊഡേക്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകങ്ങളില്‍ പാണ്ഡേയുടെ പങ്ക് വിശദമാക്കുന്ന മൊഴികളാണിവ.
2004 ജൂണ്‍ 15നാണ് ഇശ്‌റത് ജഹാന്‍, ആലപ്പുഴ സ്വദേശി പ്രാണേഷ് പിള്ള, പാക് പൗരന്‍മാരെന്നു കരുതുന്ന സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരെ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലശ്കര്‍ ഭീകരര്‍ എന്നാരോപിച്ച് ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്. സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു പാണ്ഡേ. സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയ കോടതി, അന്വേഷണം പിന്നീട് സിബിഐക്കു വിടുകയായിരുന്നു. 2013ലാണ് ഗുജറാത്തിലെ മുതിര്‍ന്ന ഏഴു പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പാണ്ഡേയെ കൂടാതെ ഡി ജി വന്‍സാര, ജി എല്‍ സിംഗാള്‍ എന്നിവര്‍ക്കെതിരേ തട്ടിക്കൊണ്ടുപോവല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss