|    May 26 Fri, 2017 6:55 pm
FLASH NEWS

ഇശ്‌റത് കേസിലെ കാണാതായ ഫയലുകള്‍: അന്വേഷണം തുടങ്ങി

Published : 26th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സംബന്ധിച്ച ഫയലുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു കാണാതായതു സംബന്ധിച്ച് ഡല്‍ഹി പോലിസ് അന്വേഷണം ആരംഭിച്ചു. കേസില്‍ 409ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജതിന്‍ നര്‍വാല്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി സന്‍സത്മാര്‍ഗ് പോലിസും ചേര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രണ്ടു സത്യവാങ്മൂലങ്ങള്‍ ഉള്‍പ്പെടെ അഞ്ചു ഫയലുകളാണ് നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു കാണാതായത്. അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് 2009 സപ്തംബര്‍ 18നും 23നും എഴുതിയ കത്തുകളുടെ ഓഫിസ് പകര്‍പ്പ്, അറ്റോര്‍ണി ജനറലിന്റെ കരടു സത്യവാങ്മൂലം, ഇതില്‍ അന്നത്തെ ആഭ്യന്തരമന്ത്രി സപ്തംബര്‍ 24നു വരുത്തിയ ഭേദഗതി, സപ്തംബര്‍ 29നു ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ തുടര്‍സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് എന്നിവയാണിവ.
ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തിയിരുന്നു. ഫയല്‍ ആരെങ്കിലും മനഃപൂര്‍വം എടുത്തുമാറ്റിയതാണോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും കമ്മീഷണര്‍ പറഞ്ഞു.
നരേന്ദ്ര മോദിയെ വധിക്കാനെത്തിയവരെന്നാരോപിച്ച് ഇശ്‌റത് ജഹാന്‍, ജാവീദ് ശെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെയാണ് 2004 ജൂണ്‍ 15നു ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലും വ്യക്തമായി. തുടര്‍ന്ന് ഇശ്‌റത്തും സംഘവും തീവ്രവാദികളാണെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ തിരുത്തിനല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day