|    Sep 24 Mon, 2018 2:01 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഇവിടെ ഭ്രാന്ത് ചങ്ങലയ്ക്കാണ്

Published : 21st January 2017 | Posted By: fsq

 

കൊല്ലപ്പെട്ടയാള്‍ മറ്റൊരു മതത്തില്‍പ്പെട്ടയാളാണെന്നതു മാത്രമായിരുന്നു പ്രശ്‌നം. ഇതു പ്രതികള്‍ക്ക് അനുകൂലമായ ഘടകമായി ഞാന്‍ കാണുന്നു. മറ്റു ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അവര്‍ പ്രകോപിതരായതു മതത്തിന്റെ പേരിലാണെന്നാണു മനസ്സിലാവുന്നത്.” മതത്തിന്റെ പേരിലായാല്‍ പ്രകോപിതനാവുന്നതോ അങ്ങനെ ആയതിനുശേഷം നിരപരാധികളായ അന്യമതസ്ഥരെ കൊല്ലുന്നതോ വ്യക്തിവൈരാഗ്യം മൂലം കൊല്ലുന്നതിനോളം ഗുരുതരമോ ശക്ഷിക്കപ്പെടേണ്ടതോ അല്ലെന്നു പറയുന്നത് പരമതവിദ്വേഷം പ്രാണവായുവായി സ്വീകരിച്ചിരിക്കുന്ന ആത്യന്തികനിലപാടുള്ള ഏതെങ്കിലും സംഘടനകളല്ല. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും തദനുസാരം ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടനാദത്തമായി സിദ്ധിച്ച രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാസ്ഥാപനമായ ജുഡീഷ്യറിയില്‍നിന്നാണ്. 2014 ജൂണില്‍ മുംബൈയില്‍ കൊല്ലപ്പെട്ട മുഹ്‌സിന്‍ ശെയ്ഖിന്റെ ഘാതകര്‍ക്ക് ജാമ്യമനുവദിക്കുന്നതിനുള്ള ന്യായീകരണമായി മുംബൈ ഹൈക്കോടതി ജസ്റ്റിസ് മൃദുല ഭട്കറുടെ വിധിപ്രസ്താവത്തിലുള്ളതാണ് തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ (മലയാള മനോരമ, ജനുവരി 18, 2017). ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകരായ 21 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. അവരിലെ മൂന്നുപേരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇപ്രകാരം വിചിത്രമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. 11 പേരെ നേരത്തേ തന്നെ കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. 2014 ജൂണില്‍ ശിവജിക്കും ശിവസേനയുടെ സ്ഥാപകനേതാവ് ബാല്‍താക്കറെക്കുമെതിരേ ആരോ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെ തുടര്‍ന്ന് പ്രകോപിതരായി തെരുവിലിറങ്ങിയ ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകര്‍ അതുവഴി ബൈക്കില്‍ സഹോദരനോടൊത്ത് യാത്രചെയ്യുകയായിരുന്ന മുഹ്‌സിന്‍ ശെയ്ഖിനെ കൊലപ്പെടുത്തുകയായിരുന്നു. സാമൂഹികജീവിയായ മനുഷ്യന്‍ കൂട്ടായി ജീവിക്കുമ്പോള്‍ പരസ്പരമുള്ള കൊള്ളക്കൊടുക്കലുകള്‍ക്കിടയില്‍ സ്വാഭാവികമായും വ്യത്യസ്ത പ്രകൃതക്കാരായ മനുഷ്യര്‍ തമ്മില്‍ പലകാരണങ്ങളാലും അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. അത്തരം പ്രശ്‌നങ്ങള്‍ അപരനോടുള്ള വൈരാഗ്യമായി മാറുകയും കൊലപാതകങ്ങളില്‍ വരെ എത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇത്തരം കൊലപാതകങ്ങളുടെ ആഘാതം കൊല്ലപ്പെട്ട വ്യക്തിയിലും അയാളുടെ കുടുംബത്തിലും പരിമിതമാണ്. എന്നാല്‍, ഒരു വ്യക്തി തന്റേതല്ലാത്ത മറ്റൊരു മതവിശ്വാസിയാണ് എന്ന കാരണത്താല്‍ കൊല്ലപ്പെടുമ്പോള്‍ അതിന്റെ അനുരണനങ്ങള്‍ വളരെ വലുതാണ്. അതുല്‍പാദിപ്പിക്കുന്ന പ്രതികാരോര്‍ജം വര്‍ഗീയകലാപങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. ഒരു പ്രത്യേക മതത്തില്‍ ജനിച്ചു, അല്ലെങ്കില്‍ വിശ്വസിച്ചു എന്നതുകൊണ്ടുമാത്രം നിരപരാധിയായ ഒരു മനുഷ്യന്‍ നിഷ്ഠുരമായി കൊലചെയ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട സമുദായാംഗങ്ങള്‍ക്കിടയില്‍ അത് സൃഷ്ടിക്കുന്ന മുറിവുകള്‍ ആഴത്തില്‍ വേരുകളുള്ളതായിരിക്കും. നിയമപാലകരും അധികാരികളും കൊലപാതകികള്‍ക്ക് യാതൊരു പഴുതും നല്‍കാതെ, ഒരു വിട്ടുവീഴ്ചയും കൂടാതെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമ്പോള്‍ മാത്രമേ ബന്ധപ്പെട്ടവരുടെ രോഷാഗ്നി അല്‍പമെങ്കിലും ശമിക്കുകയുള്ളൂ. അല്ലാത്തപക്ഷം അത് പ്രതിഭീകരത വളര്‍ത്താനും സമൂഹത്തിന്റെ സൈ്വരജീവിതം താറുമാറാക്കുന്ന അവസ്ഥയിലേക്കു നീങ്ങാനും മാത്രമേ ഉപകരിക്കൂ. സംഘപരിവാരത്തിന്റെ അനേകം ഔട്ട്ഫിറ്റുകളിലൊന്നായ ഹിന്ദുരാഷ്ട്രസേനാ പ്രവര്‍ത്തകരായ പ്രതികളെല്ലാവരും തന്നെ കൃത്യത്തിന് തൊട്ടുമുമ്പ് സംഘടനയുടെ യോഗത്തില്‍ സംബന്ധിച്ചിരുന്നതായി പോലിസ് റിപോര്‍ട്ടിലുണ്ട്. അതിനര്‍ഥം സംഭവം വൈകാരിക വിക്ഷുബ്ധരായ ഒരു ജനക്കൂട്ടത്തിന്റെ ആകസ്മികമായ ചെയ്തിയായിരുന്നില്ല, മറിച്ച് ആസൂത്രിതമായ ഗൂഢാലോചനയായിരുന്നു എന്നാണ്. ഹിന്ദുത്വശക്തികള്‍ അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെയും ഇരയുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്താനും പോലിസിനെ സ്വാധീനിക്കാനും സാധ്യതകള്‍ ഏറെയാണ്. യഥാര്‍ഥത്തില്‍ സംഘം ചേര്‍ന്ന് പരമതവിദ്വേഷം പ്രചരിപ്പിച്ചതിനും കൊലപാതകം ആസൂത്രണം ചെയ്തതിനും തെരുവില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ജാമ്യം ലഭിക്കാത്ത, കുറ്റം തെളിയിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ ലഭിക്കാവുന്ന യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്താവുന്നതാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതോ ഒരയല്‍രാജ്യത്തെ സ്‌ഫോടനക്കേസില്‍ പ്രതിയായ ഒരാളില്‍ നിന്ന് ഇസ്‌ലാംമതപ്രബോധകനായ സാകിര്‍ നായിക്കിന്റെ ഒരു പ്രഭാഷണ സിഡി കണ്ടെടുത്തു എന്ന തെറ്റായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ പരമതവിദ്വേഷാരോപണം ഉയര്‍ത്തി യുഎപിഎ ചുമത്തുകയും എന്‍ഐഎ വേട്ടയാടുകയും ചെയ്ത സാകിര്‍ നായിക്കിന്റെ അതേ മഹാരാഷ്ട്രയിലാണ് ഒരു നിരപരാധിയുടെ ജീവന്‍ ഹനിച്ചത് പരമതവിദ്വേഷത്തിന്റെ പേരിലായതുകൊണ്ട് ജാമ്യം അനുവദിക്കാവുന്നതാണെന്ന് ഒരു ന്യായാധിപന് തോന്നുന്നത്. ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടാം, ഭ്രാന്ത് ചങ്ങലയ്ക്കായാലോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss