|    Aug 17 Thu, 2017 7:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇവിടെ ട്വന്റി ക്രിക്കറ്റ് കളിയല്ല; പ്രചാരണ ആയുധം

Published : 17th March 2016 | Posted By: sdq

trinamool

കൊല്‍ക്കത്ത: ട്വന്റി ലോകകപ്പിന്റെ വെടിക്കെട്ട് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. മല്‍സരം ഇന്ത്യയും പാകിസ്താനും തമ്മിലായാലോ? വാശിയേറും പോരാട്ടം കനക്കും. കളിക്കളത്തിലുള്ളവര്‍ക്ക് മാത്രമല്ല കാണികള്‍ക്കും. എന്നാല്‍ കളിക്ക് മറവില്‍ വോട്ട് പെട്ടിയിലാക്കാനുള്ള തിരക്കിലാണ് പശ്ചിമബംഗാളിലെ പാര്‍ട്ടികള്‍.
അടുത്ത ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ-പാക് മല്‍സരം വോട്ട് പിടിക്കാനുള്ള അതുല്യ അവസരമാക്കി മാറ്റാനൊരുങ്ങുകയാണിവര്‍. പലയിടത്തും കളി കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ധോണിപ്പട പാക് ബൗളര്‍മാരെ അടിച്ച് നിലം പരിശാക്കുമ്പോള്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ആരാധകര്‍ നൃത്തം ചവിട്ടും. ഈ ഘട്ടത്തിലായിരിക്കും സ്ഥാനാര്‍ഥിയുടെ വരവ്. നാദിയയില്‍ ക്ലബ്ബിന് പുറത്ത് ഒരുക്കിയ പന്തലില്‍ മല്‍സരം കാണാന്‍ സ്ഥാനാര്‍ഥികള്‍ എത്തുമെന്ന് പ്രചാരണമുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസില്‍ കളി കാണുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് വക ചായയും കേക്കും വിതരണം ചെയ്യും. മമത സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ക്ലബ്ബുകളെ കൈയിലെടുക്കാന്‍ ഗ്രാന്റുകള്‍ അനുവദിച്ചിരുന്നു. മണ്ഡലത്തിലെ പ്രധാന കവലകളിലെല്ലാം ഭീമന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കാനും പാര്‍ട്ടിയുടെ ചിഹ്‌നവും സ്ഥാനാര്‍ഥിയുടെ ഫോട്ടോയുമുള്ള ലോകകപ്പ് മല്‍സരങ്ങളുടെ പട്ടിക വിതരണം ചെയ്യാനും ദോംജുറിലെ തൃണമൂല്‍ സ്ഥാനാര്‍ഥി രാജീവ് ബാനര്‍ജി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മല്‍സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡംഡമിലെ ക്ലബ്ബുകളോട് അഭ്യര്‍ഥിച്ചതായി ടൂറിസം മന്ത്രി ബ്രത്യ ബസു പറഞ്ഞു.
ടൂര്‍ണമെന്റ് നടക്കുന്ന ദിവസങ്ങളില്‍ എല്ലാ വോട്ടര്‍മാരും വീട്ടിലുണ്ടാവുമെന്നതിനാല്‍ അന്നേരം നേരില്‍ ചെന്ന് കാണാന്‍ തീരുമാനിച്ചതായി ശ്യാംപുകുറിലെ സ്ഥാനാര്‍ഥി ശശി പാഞ്ച അറിയിച്ചു.
ഹൗറ നോര്‍ത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയാണ്. അദ്ദേഹം ടൂര്‍ണമെന്റ് നടക്കുന്ന വേളയില്‍ വോട്ടുപിടിക്കാനെത്തുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് ചെലവ് കൂട്ടുമെന്ന് തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. വിനോദങ്ങള്‍ രാഷ്ട്രീയമാക്കാനാണ് തൃണമൂലിന്റെ ശ്രമമെന്ന് ഭവാനിപൂരില്‍ മമതാ ബാനര്‍ജിക്കെതിരേ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് മിശ്ര കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക