|    Jun 21 Thu, 2018 8:37 am
FLASH NEWS
Home   >  Editpage  >  Article  >  

‘ഇവിടെ ഇപ്പോള്‍ ഇങ്ങനെയാണു ഭായി’

Published : 1st November 2015 | Posted By: SMR

 

slug-avkshngl-nishdnglമലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലില്‍ ജോലിചെയ്യുന്ന കാമറമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ കഴിഞ്ഞ ദിവസം മരിച്ചത് ഡ്യൂട്ടി ഡോക്ടറുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചപ്പോള്‍ പിറ്റേദിവസം ചികില്‍സ കിട്ടാതെ വലഞ്ഞത് നൂറുകണക്കിനു രോഗികള്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മറ്റു ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ തടഞ്ഞുവയ്ക്കുകയുണ്ടായി. പണിമുടക്കി സംഘര്‍ഷം സൃഷ്ടിച്ച ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉപരോധക്കാരെ വളരെ പണിപ്പെട്ടാണു പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടറെ തടഞ്ഞുവച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുത്തത്. അല്ലാതെ ആശുപത്രിയില്‍ ചികില്‍സതേടി വന്നവര്‍ക്ക് ഉപരോധത്തിന്റെ മറവില്‍ ചികില്‍സ നിഷേധിച്ചതിനല്ലെന്നതാണു വസ്തുത.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സാപ്പിഴവുമൂലവും ചികില്‍സ ലഭിക്കാതെയും നിരവധിപേര്‍ മരിച്ചിട്ടുണ്ട്; ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരുടെ അനാസ്ഥയും അലംഭാവവും മറ്റുമാണ് ഇത്തരം മരണങ്ങള്‍ക്കു പ്രധാന കാരണം. മരിക്കുന്നവരില്‍ ഭൂരിഭാഗവും പാവങ്ങളും ദലിത്-പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്നവരുമാണ്. സമ്പന്നരും സമൂഹത്തിലെ ഉന്നതരും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ ‘കൈപ്പുണ്യം’ കൊണ്ട് ജീവഹാനി സംഭവിച്ചാല്‍ വിധിയെ പഴിച്ച് ഉറ്റവരുടെ ജഡവുമായി വാര്‍ഡ് കാലിയാക്കലാണു പതിവു രീതി. എന്നാല്‍, ഏതെങ്കിലും തരത്തില്‍ പിടിപാടുള്ളവര്‍ക്കാണു മരണം സംഭവിക്കുന്നതെങ്കില്‍ സംഗതി ഗുരുതരമാവും. അപ്പോള്‍ വകുപ്പുമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഡോക്ടറെ കൈയോടെ സസ്‌പെന്‍ഡ് ചെയ്യും. പിന്നെ പതിവ് പ്രസ്താവനയും ഫയല്‍ നീക്കവും കഴിഞ്ഞാല്‍ ഡോക്ടറുടെ കാര്യം ഭദ്രം. അതാണു സാധാരണഗതിയില്‍ സംഭവിക്കുക.
ആശുപത്രികളില്‍ ചികില്‍സതേടിയെത്തുന്നവരും ഡോക്ടര്‍മാരും തമ്മിലുള്ള സംഘര്‍ഷങ്ങളും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും വര്‍ധിച്ചുവരുന്നതായാണ് ഈയിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരില്‍ 75 ശതമാനം പേര്‍ക്കും രോഗികളില്‍നിന്നോ അവരുടെ ബന്ധുക്കളില്‍നിന്നോ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നാണു പഠനം പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലാണു കൂടുതലും ഇത്തരം കൈയേറ്റങ്ങള്‍ നടക്കുന്നതെന്നും പഠനം തെളിയിക്കുന്നു. രോഗികളുടെ ബാഹുല്യവും ചികില്‍സാസംവിധാനങ്ങളുടെ അപര്യാപ്തതയും മരുന്നുകളുടെ അഭാവവും മതിയായ ജീവനക്കാരുടെ കുറവും സര്‍ക്കാര്‍ ആശുപത്രികളെ നരകതുല്യമാക്കുമ്പോള്‍ ലോട്ടറി നടത്തി രോഗികള്‍ക്ക് ‘കാരുണ്യം’ ചെയ്യാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തു മാത്രം ഒതുങ്ങുന്നതല്ല. ആഗോള വ്യാപകമായി ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണു പറയപ്പെടുന്നത്. 2014ല്‍ അമേരിക്കയില്‍ മാത്രം 80 ശതമാനം നഴ്‌സുമാര്‍ക്ക് രോഗികളില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. യുകെയിലാവട്ടെ പത്തില്‍ ഒരു ഫിസിഷ്യന്‍ രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍നിന്നും പീഡനത്തിനിരയായിട്ടുണ്ട്. പുത്തന്‍ മുതലാളിത്ത രാജ്യമായ ചൈനയിലാവട്ടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു പറയുമ്പോള്‍ പ്രശ്‌നം എത്രമാത്രം ഗുരുതരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനുമെതിരേയുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. സംഭവങ്ങള്‍ വഷളായശേഷം നടക്കുന്ന അന്വേഷണപ്രഹസനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ നല്‍കേണ്ട വില വളരെ വലുതായതിനാല്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പല ആശുപത്രികളിലും രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍നിന്നും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കാന്‍ നല്ല തടിമിടുക്കും കായബലവുമുള്ള സുരക്ഷാഭടന്മാരെ സ്വന്തം ചെലവില്‍ നിയമിച്ചാണ് ഇപ്പോള്‍ അവര്‍ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസവും അതുമായി ബന്ധപ്പെട്ട സമാന മേഖലകളും പണക്കൊഴുപ്പിന്റെയും പിടിച്ചുപറിയുടെയും പരമകാഷ്ഠയിലെത്തിനില്‍ക്കുമ്പോള്‍ പാവപ്പെട്ടവന്റെ ആശ്രയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രി സംവിധാനം കുറേക്കൂടി ജനസൗഹൃദമാവാന്‍ ഡോക്ടര്‍മാര്‍ രോഗികളോട് സാന്ത്വനത്തിന്റെ ഭാഷയില്‍ സംസാരിക്കാനും കാരുണ്യത്തിന്റെ കണ്ണോടെ അവരെ നോക്കിക്കാണാനും മാത്രം ശ്രമിച്ചാല്‍ മതിയാവും. ഇതിന് കോഴകൊടുത്ത് കരസ്ഥമാക്കിയ ബിരുദത്തിന്റെ വില തിരിച്ചുപിടിക്കാനുള്ളതല്ല ആതുരശുശ്രൂഷ എന്ന തിരിച്ചറിവാണ് അനിവാര്യമായും ഈ രംഗത്തുള്ളവര്‍ ആര്‍ജിക്കേണ്ടത്. എന്നാല്‍ മാത്രമേ ഹിപ്പോക്രാറ്റ്‌സിന്റെ ശിഷ്യനാവാന്‍ ഒരു ഭിഷഗ്വരനു കഴിയൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss