|    Feb 23 Thu, 2017 1:13 am
FLASH NEWS

ഇവള്‍ ഇന്‍ഷ: കശ്മീരിന്റെ ദുഖപുത്രി

Published : 28th October 2016 | Posted By: Navas Ali kn

insha-mushraq

ശ്രീനഗര്‍: ഡോക്ടറാകണമെന്നായിരുന്നു ഇന്‍ഷയുടെ ആഗ്രഹം. പക്ഷേ ഇരുള്‍ മൂടിയ കണ്ണിനു മുന്നില്‍പിടിക്കുന്ന പാഠപുസ്തകത്തില്‍ എഴുത്തുകളൊന്നും തെളിയുന്നില്ല. ലോകം കണ്ടുതുടങ്ങിയ പ്രായത്തില്‍ ഇന്ത്യന്‍ സേനയുടെ ക്രൂരതക്കിരയായി കാഴ്ച്ച നഷ്ടപ്പെട്ട ഇന്‍ഷ ഇപ്പോഴും തന്റെ പാഠപുസ്തകങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. എന്നെങ്കിലും കാഴ്ച്ച തിരിച്ചുകിട്ടിയാല്‍ അവയൊന്ന് വായിച്ചു നോക്കാന്‍.
ഇരുനിലകളുള്ള തന്റെ വസതിയുടെ ജാലകത്തിലൂടെ തെരുവിലെ സംഘര്‍ഷം നോക്കിനിന്ന ഇന്‍ഷാ മുഷ്ത്താഖ് എന്ന ബാലിക ഞൊടിയിടനേരംകൊണ്ടാണ് അന്ധതയിലേക്ക് വഴുതിവീണത്. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പെല്ലറ്റ് പ്രയോഗത്തിലൂടെ തന്റെ കാഴ്ച കവര്‍ന്നെടുത്ത സുരക്ഷാ സൈനികനോട് ഇന്‍ഷ ചോദിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവരിലും ആ വേദന പടര്‍ന്നുകയറും.
നഷ്ടപ്പെട്ടുപോയ കാഴ്ചശക്തി തിരികെ ലഭിക്കുമോയെന്ന അന്വേഷണവുമായി മൂന്നുമാസമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഇന്‍ഷയും കുടുംബവും.
കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് ഒരു ഡോക്ടറാവണമെന്നായിരുന്നു ആഗ്രഹമെന്ന് തന്നെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് ഇന്‍ഷ പറഞ്ഞു.
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ വധത്തിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 89 സാധാരണക്കാര്‍ക്കാണ് ജീവഹാനി നേരിട്ടത്. പതിനായിരങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന് സൈന്യം ഉപയോഗിച്ച പെല്ലറ്റ് തോക്കുകള്‍ ആയിരങ്ങളുടെ കാഴ്ചശക്തിയാണ് കവര്‍ന്നത്. മൃഗവേട്ടയ്ക്കായി സാധാരണ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ 2010ലാണ് കശ്മീരികള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കാന്‍ ആരംഭിച്ചത്. ബുള്ളറ്റിനേക്കാള്‍ പ്രഹരശക്തി കുറവാണെങ്കിലും പൊട്ടുന്നതോടെ എല്ലാ വശങ്ങളിലേക്കും ചിതറിത്തെറിക്കുന്ന ലോഹച്ചീളുകള്‍ വന്‍ പ്രഹരശേഷിയുള്ളതാണ്. കനത്ത നാശങ്ങള്‍ക്ക് കാരണമായേക്കാവുന്ന കൂര്‍ത്ത പെല്ലറ്റുകളാണ് സൈന്യം ഉപയോഗിച്ചതെന്ന് പരിക്കേറ്റവരെ ചികില്‍സിച്ച ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
കുടുംബത്തിന്റെ തീരാവേദനയായി ഇന്‍ഷ മാറിയെന്നു മാതാപിതാക്കള്‍ പരിതപിക്കുന്നു. അവള്‍ കൊല്ലപ്പെട്ടിരുെന്നങ്കില്‍ താന്‍ ഇത്ര സങ്കടപ്പെടുമായിരുന്നില്ല. കാഴ്ച നഷ്ടപ്പെട്ട അവളുടെ കണ്ണുകള്‍ കാണുമ്പോള്‍ താന്‍ വീണ്ടും വീണ്ടും മരിക്കുകയാണ് –  വേദന അടക്കാനാകാതെ ഇന്‍ഷയുടെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 175 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക