|    Dec 13 Thu, 2018 8:47 pm
FLASH NEWS
Home   >  Sports  >  Football  >  

ഇവര്‍ റഷ്യന്‍ ലോകകപ്പിലെ നഷ്ടതാരങ്ങള്‍

Published : 19th May 2018 | Posted By: vishnu vis

മോസ്‌കോ: കാല്‍പന്ത് പൂരത്തിന് ലോകം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ആര്‍പ്പുവിളികളും ആരവങ്ങളുമായി ഇഷ്ട ടീമുകള്‍ക്കൊപ്പം കാല്‍പന്ത് പ്രേമികള്‍ ലോകകപ്പിനെ ആഘോഷമാക്കുമ്പോള്‍ ചില പ്രമുഖ താരങ്ങളുടെ അഭാവം ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നു. ഒട്ടുമിക്ക പ്രമുഖ ടീമുകളും അവരുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഒന്നും ഉള്‍പ്പെടാതെ പോയ ചില താരങ്ങളുണ്ട്. അവരെ ഇവിടെ ഓര്‍ത്തെടുക്കാം.

മരിയോ ഗോട്‌സെ

2014 ഫുട്‌ബോള്‍ ലോകകപ്പിലെ ജര്‍മനിയുടെ ‘ഗോഡ്’ തന്നെയായിരുന്നു മരിയോ ഗോഡ്‌സെ. ഫൈനലില്‍ അര്‍ജന്റീനയുടെ പ്രതീക്ഷകളെ തച്ചുടച്ച് 13ാം മിനിറ്റില്‍ വലകുലുക്കി ജര്‍മനിയെ ലോകരാജാക്കന്‍മാരാക്കിയത് ഗോഡ്‌സെ ആയിരുന്നു. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഗോഡ്‌സക്ക് ഇടമില്ല. മോശം ഫോം തന്നെയാണ് താരത്തിന് തിരിച്ചടിയായത്. 2016ല്‍ ജര്‍മനിക്ക് വേണ്ടി അവസാനമായി പന്ത് തട്ടിയ ഗോഡ്‌സെ ബൗറൂസ്യ ഡോര്‍ട്ട്മുണ്ടിനുവേണ്ടിയും നിറം മങ്ങിയ പ്രകടനമാണ് ഈ സീസണില്‍ പുറത്തെടുത്തത്. 32 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് ബൗറൂസ്യക്കൊപ്പം ഗോഡ്‌സയ്ക്ക് നേടാനായത്. അറ്റാക്കിങ് മിഡ്ഫീല്‍ഡ്, വിങ്ങര്‍ എന്നീ പൊസിഷനില്‍ കളിക്കുന്ന ഗോഡ്‌സെ ജര്‍മനിക്ക് വേണ്ടി ഇത്തവണയും കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്തിരുന്ന് കളി കാണാനാണ് വിധി

കരിം ബെന്‍സേമ

റയല്‍ മാഡ്രിഡിനൊപ്പം സ്പാനിഷ് ലീഗില്‍ തകര്‍ത്ത് കളിക്കുന്ന ബെന്‍സേമയെ ഇത്തവണത്തെ ഫ്രാന്‍സ് നിരയില്‍ ഉള്‍പ്പെടുത്തിയില്ല. താരസമ്പന്നമായ ഫ്രാന്‍സ് നിരയില്‍ നിന്ന് 30കാരനായ ബെന്‍സേമ തഴയപ്പെടുകയായിരുന്നു. ഒലിവര്‍ ജിറൗഡ്, ആന്റോണിയോ ഗ്രീസ്മാന്‍, എംബാപെ, തോമസ് ലെമര്‍, നബീല്‍ ഫെകിര്‍, ഫ്‌ലോറിയന്‍ തൗവിന്‍, ഉസ്മാന്‍ ഡെംബലെ തുടങ്ങി പ്രതിഭാസമ്പന്നരായ താരങ്ങളുള്ള ഫ്രാന്‍സ് പട്ടികയില്‍ നിന്ന് ബെന്‍സേമയെ ഒഴിവാക്കുകയായിരുന്നു. 2015 ഒക്ടോബറിലാണ് അവസാനമായി ബെന്‍സേമ ഫ്രഞ്ച് നിരയില്‍ കളിച്ചത്.

അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലെയ്ന്‍

ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലെയ്‌ന് വിനയായത് പരിക്കാണ്. ചാംപ്യന്‍സ് ലീഗില്‍ റോമയ്‌ക്കെതിരായ മല്‍സരത്തിനിടെ ലിവര്‍പൂള്‍ താരമായ ചേമ്പര്‍ലെയ്‌ന് പരിക്കേല്‍ക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിനും ശക്തമായ തിരിച്ചടിതന്നെയാണ് ചേമ്പര്‍ലെയ്‌ന്റെ അഭാവം. ഡെലി അലി, ജോര്‍ദാന്‍ ഹെഡ്ഡേഴ്‌സണ്‍, ജെസ്സി ലിംഗാര്‍ഡ് തുടങ്ങിയ കരുത്തുറ്റ മധ്യനിരതന്നെയാണ് ഇംഗ്ലണ്ടിനൊപ്പമുള്ളതെങ്കിലും ചേമ്പര്‍ലെയ്‌ന്റെ അഭാവം ടീമിന് ക്ഷീണം തന്നെയാണ്.

ഡാനി ആല്‍വസ്

ഇത്തവണ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന നിരയാണ് ബ്രസീലിന്റേത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ താരസമ്പന്നതയുള്ള ബ്രസീല്‍ നിരയില്‍ ഡാനി ആല്‍വസിന്റെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്കായി ബൂട്ടണിയുന്ന ഡാനി ആല്‍വസിന് പരിക്കാണ് തിരിച്ചടി നല്‍കുന്നത്. ഒരു പക്ഷേ ആല്‍വസിന്റെ അവാസാന ലോകകപ്പ് അവസരമാണ് പരിക്കിനെത്തുടര്‍ന്ന് നഷ്ടമായിരിക്കുന്നത്.

ദിമിത്രി പയെറ്റ്

ദിമിത്രി പയെറ്റിന് ഫ്രഞ്ച് ടീമില്‍ ഇടമില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം കേട്ടത്. കാരണം 2016ല്‍ യൂറോ കപ്പ് റണ്ണര്‍ അപ്പുകളായ ഫ്രഞ്ച് ടീമിലെ നെടുംതൂണായിരുന്നു ദിമിത്രി പയെറ്റ്. വേഗതയും ഡ്രിബ്ലിങുമെല്ലാം അനായാസം വഴങ്ങുന്ന പയെറ്റിന് പരിക്കാണ് വില്ലനായത്. യൂറോപ്പാ ലീഗ് ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മല്‍സരത്തിനിടെ പയെറ്റിന് പരിക്കേറ്റിരുന്നു. ഇതോടെ താരത്തിന്റെ മുന്നില്‍ ഫ്രഞ്ച് ടീമിലേക്കുള്ള വഴിയും അടഞ്ഞു.

ഡേവിഡ് ലൂയിസ്

2014 ലോകകപ്പില്‍ ജര്‍മനിയോടേറ്റ വമ്പന്‍ തോല്‍വിയില്‍ കണ്ണീരോടെ ആരാധകരോട് മാപ്പുചോദിച്ച ഡേവിഡ് ലൂയിസിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. ടീമിന്റെ തോല്‍വിയെ അത്രയേറ വേദനിപ്പിച്ച ലൂയിസിന് പക്ഷേ ഇത്തവണ ബ്രസീല്‍ ടീമില്‍ ഇടം കണ്ടെത്താനായില്ല.  പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കൊപ്പവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതാണ് 31കാരനായ ഡേവിഡ് ലൂയിസിന് തിരിച്ചടിയായത്. ചെല്‍സിക്ക് വേണ്ടി സീസണ്‍ ഒട്ടകെയായി ഈ സെന്റര്‍ ബാക്ക് കളിച്ചത് വെറും 17 കളികളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss