|    Jan 17 Tue, 2017 6:42 pm
FLASH NEWS

ഇവര്‍ രാജ്യദ്രോഹികളായ ‘രാജ്യസ്‌നേഹികള്‍’!

Published : 27th April 2016 | Posted By: SMR

റഹ്മാന്‍ മധുരക്കുഴി
ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കൂട്ടാക്കാത്തവര്‍ രാജ്യദ്രോഹികളെന്നു ഹിന്ദുത്വര്‍ വിളിച്ചുകൂവുന്നു. താന്‍ രാജ്യസ്‌നേഹിയാണെന്നും എന്നാല്‍ വല്ലവരും നിര്‍ബന്ധിച്ചു ജയ് വിളിപ്പിച്ചാല്‍ താന്‍ വിളിക്കുകയില്ലെന്നും ജയ് ഹിന്ദ് എന്നു താന്‍ ഉച്ചത്തില്‍ വിളിക്കുമെന്നുമാണ് ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന്റെ പേരില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍നിന്നു പുറത്താക്കപ്പെട്ട വാരിസ് പഠാന്‍ എംഎല്‍എ പ്രതികരിച്ചത്. എല്ലാ ഇന്ത്യക്കാരും ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് ആര്‍എസ്എസ് ദേശീയ മേധാവി മോഹന്‍ ഭഗവത് പറഞ്ഞപ്പോള്‍, കഴുത്തില്‍ കത്തിവച്ചാലും താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നായിരുന്നു ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ് നേതാവ് അസറുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.
ഭാരത് മാതാ കീ ജയ് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ഒരു ലേഖനത്തില്‍ സ്വാമിനാഥന്‍ എസ് അങ്കിലേശ്വരീയ അയ്യര്‍ പറയുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ മുദ്രാവാക്യം ജയ് ഹിന്ദ് എന്നായിരുന്നുവെന്നും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ പടപൊരുതാന്‍ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷനല്‍ ആര്‍മി ഉണ്ടാക്കുകയും ആസാദ് ഹിന്ദ് ഫൗജ് എന്നായിരുന്നു പ്രാദേശികമായി അറിയപ്പെട്ട അതിന്റെ പേരെന്നും അദ്ദേഹം എഴുതുന്നു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരമായിരുന്നുവത്രെ ഭാരത് മാതാവ് എന്ന ആശയം കൊണ്ടുവന്നത്.
‘രാജ്യസ്‌നേഹ’ത്തില്‍ തങ്ങള്‍ ഒട്ടും പിറകിലല്ലെന്നു വരുത്തി, സംഘപരിവാരങ്ങളെ കടത്തിവെട്ടി മുന്‍നിരയിലെത്താനുള്ള പരിഹാസ്യമായ ശ്രമമാണ് രാഷ്ട്രത്തിന്റെ വികാരങ്ങളെ ആരെങ്കിലും അവമതിച്ചാല്‍ അത് അസഹനീയമാണെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വൈ കെ പാട്ടീലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസ് എംഎല്‍എ വാരിസ് പഠാനെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചതിന് സസ്‌പെന്‍ഡ് ചെയ്യുന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ അസംബ്ലിയില്‍ പിന്താങ്ങിയതിന്റെ പിന്നിലും പ്രവര്‍ത്തിച്ചത് ഈ ദുഷ്ടലാക്ക് തന്നെ.
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിയാണോ രാജ്യസ്‌നേഹത്തിന്റെ ഏക മാനദണ്ഡം? ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തില്‍ രാജ്യസ്‌നേഹം നിലീനമല്ലെന്നാണോ വാദം? ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വൈദേശിക സാമ്രാജ്യത്വത്തിനെതിരേ പോരാടി രക്തസാക്ഷിത്വം വരിച്ച ഒരു മതസമൂഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നവര്‍, നാടിന്റെ സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കാവാതെ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി വര്‍ത്തിച്ചവരായിരുന്നുവെന്ന സത്യം വിസ്മരിക്കരുത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഷ്ട്രപിതാവിനെ കൊലചെയ്ത ഗാന്ധിഘാതകന്‍ രാജ്യസ്‌നേഹി ചമയുന്നത് വിരോധാഭാസമത്രെ.
ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്തതിനാല്‍ ഭാരത് മാതാ കീ ജയ് വിളിക്കരുതെന്നു പ്രശസ്ത മുസ്‌ലിം വൈജ്ഞാനിക കേന്ദ്രമായ ദയൂബന്ദ് ദാറുല്‍ ഉലൂം ഫത്‌വ നല്‍കിയിരിക്കയാണ്. ദൈവമല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രചാരണം, പ്രവാചകനായ മുഹമ്മദ് നബിയോടു പോലും ആരാധ്യത അര്‍പ്പിക്കാന്‍ മുസ്‌ലിംകളെ അനുവദിക്കുന്നില്ലെന്ന യാഥാര്‍ഥ്യമാണു പലരും മനസ്സിലാക്കാതെ പോവുന്നത്. വന്ദേമാതരത്തോടും അഗ്നിക്ക് ആരാധ്യത കല്‍പിച്ചുകൊണ്ടുള്ള വിളക്കു കൊളുത്തലിനോടും സൂര്യനമസ്‌കാരപുരസ്സരം യോഗം നടത്തുന്നതിനോടും അവര്‍ക്കുള്ള അനാഭിമുഖ്യത്തിന്റെ പ്രചോദനം മുസ്‌ലിംകളുടെ വിശ്വാസ പ്രമാണവുമായി ബന്ധപ്പെട്ടതാണ്.
രാജ്യസ്‌നേഹം വിശ്വാസത്തിന്റെ അവിച്ഛിന്ന ഭാഗമായി കരുതാനാണ് ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിക്കുന്നത്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ പോലും അവര്‍ സന്നദ്ധമാവുന്നത് അതുകൊണ്ടാണ്. എന്നാല്‍ രാജ്യസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെട്ട്, മതന്യൂനപക്ഷങ്ങള്‍ക്കും സമൂഹത്തിലെ താഴ്ന്ന ജാതിക്കാരെന്നു വിളിക്കപ്പെടുന്നവര്‍ക്കുമെതിരേ ത്രിശൂലമേന്തുന്നവരാണ് യഥാര്‍ഥ രാജ്യദ്രോഹികള്‍.
ഈ നാട്ടില്‍ ജനിക്കുകയും വളരുകയും ഇവിടെതന്നെ കഴിയേണ്ടവരുമായ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച് (വിചാരധാര) അവര്‍ക്കെതിരേ വംശഹത്യ നടത്തുന്നവരെ രാജ്യസ്‌നേഹികളെന്നു പറയാനാവുമോ? വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നു വിളിച്ചു കൂവി വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഭാരതത്തെ സംഘര്‍ഷഭരിതമാക്കുന്നവരല്ലേ രാജ്യദ്രോഹികള്‍? ജാതിഭേദവും മതദ്വേഷവും കൂടാതെ ഏവരും സോദരത്വേന വാഴുന്ന ഒരു രാഷ്ട്ര സങ്കല്‍പത്തിനു പകരം, അന്യമത വിദ്വേഷവും ജാതി വിരോധവും ജീവിത വ്രതമായി സ്വീകരിച്ചു കിരാത ഫാഷിസത്തിലേക്ക് ത്വരിതഗമനം നടത്തുന്നവരുടെ രാജ്യസ്‌നേഹ വീരവാദം സര്‍വശക്തിയും ഉപയോഗിച്ചു പ്രതിരോധിക്കലാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക