|    Sep 25 Tue, 2018 2:38 am
FLASH NEWS

ഇവര്‍ക്കിത് കാണംപോലും വില്‍ക്കാനില്ലാത്ത ഓണം

Published : 25th August 2018 | Posted By: kasim kzm

ഷമീര്‍ പിലാക്കാവ്

മാനന്തവാടി: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ്. എന്നാല്‍ പ്രളയത്താല്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് എങ്ങിനെ ഓണം ആഘോഷിക്കാന്‍ കഴിയുമെന്നാണ് മാനന്തവാടിയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന വത്സലാമ്മയും ചന്ദ്രനും ലീലയുമൊക്കെ ചോദിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ അത്തം പിറന്നതു് മുതല്‍ തിരുവോണം വരെ പത്തുനാള്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയുമൊക്കെയിരുന്നു ഈ ഓണം, പക്ഷെ എല്ലാം നഷ്ടപ്പെടുത്തിയ മഹാപ്രളയത്തിന്റെ നീറുന്ന വേദനയായി മാറുകയാണ്.
പൂക്കളം തീര്‍ക്കാന്‍ മുറ്റംപോലും ഇല്ലാത്ത സങ്കടത്തിലാണ് പഞ്ചാരക്കൊല്ലിയിലെ ചന്ദ്രനും ശാരദയും മണികണ്ഠനും പ്രഭുവും ചന്ദ്രനും അമ്മിണിയുമൊക്കെ. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് മക്കള്‍ക്ക് വേണ്ടി സ്വരുക്കൂട്ടി വച്ച സ്വര്‍ണ്ണവും പണവും മാത്രമല്ല ആയുസ്സിന്റെ മുക്കാല്‍ ഭാഗവും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവുമാണ്.
കഴിഞ്ഞ ഓണം വരെ പൂക്കളമിട്ട മുറ്റത്തിന്റെ ഒരു ഭാഗം പോലും കലിതുള്ളിയെത്തിയ മലവെള്ളം അവര്‍ക്കായി ബാക്കി വെച്ചില്ല. എല്ലാം നഷ്ട്ടപ്പെട്ടു, വീടിന്റെ അവശിഷ്ട്ടങ്ങള്‍ പോലും മണ്‍കൂനക്കുള്ളിലാണ്.
മണിയന്‍കുന്നിലെ ലീലയ്ക്ക് ഇത്തവണത്തെ ഓണം നടുക്കുന്ന ഓര്‍മ്മകളുടേതാണ്. വീട് നിന്നിടത്ത് സ്ഥലം പോലുമില്ല. ഇവരുടെ വീടും കൊണ്ടാണ് കുന്നിന്റെ ഒരുഭാഗം നിരങ്ങി നീങ്ങിയത് ഇനിയെങ്ങോട്ടു പോകുമെന്ന ആശങ്കക്കിടെ എങ്ങിനെ ഓണത്തെ കുറിച്ച് ചിന്തിക്കാനാവും.
ക്യംപുകള്‍ പിരിച്ചു വിട്ടാല്‍ ഒരു വാടകമുറിയെങ്കിലും സംഘടിപ്പിക്കേണ്ടി വരും. അതിന് കയ്യിലൊന്നും അവശേഷിക്കുന്നില്ല. പ്രതീക്ഷ കാരുണ്യഹസ്തങ്ങളില്‍ മാത്രമാണ്.
പ്ലാമൂല കോളനിയിലെ ദാസനും , മണികണ്ഠനും ,പഞ്ചാരക്കൊല്ലിയിലെ കുടുംബങ്ങളും തുടങ്ങി ഒറ്റരാത്രിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പേരുകള്‍ ഇനിയുമൊരുപാടുണ്ട്.
ഇനി എന്ന് സ്വന്തമായുണ്ടാക്കിയ വീടിന്റെ മുറ്റത് പൂക്കളിടും, എന്ന് സ്വന്തം വീട്ടിലിരുന്ന് ഓണമുണ്ണും. ഈ ചോദ്യങ്ങളാണ് ഓണനാളുകളില്‍ ദുരിതശ്വാസ ക്യാംപുകളില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss