|    Apr 23 Sun, 2017 5:28 pm
FLASH NEWS

ഇഴഞ്ഞു നീങ്ങി കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തി

Published : 20th March 2016 | Posted By: SMR

മേപ്പാടി: കല്‍പ്പറ്റ-മേപ്പാടി റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് മൂന്ന് മാസത്തിലേറെയായെങ്കിലും പ്രവൃത്തി ഇതുവരെയും പൂര്‍ത്തിയായില്ല. രണ്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചാണ് ഡിസംബര്‍ ഏഴിന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.
ജനുവരി 31ന് തുറന്നുകൊടുക്കണമെന്ന കലക്ടറുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ല. നാട്ടുകാരുടെയും ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം 31-നകം റോഡ് ഗതാഗത യോഗ്യമാക്കി തുറന്ന് കൊടുക്കണമെന്ന് വീണ്ടും പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
എന്നാല്‍ ഏപ്രില്‍ 20-നുള്ളില്‍ മാത്രമേ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാവുകയുള്ളു എന്നാണ് മേപ്പാടിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കരാറുകാരന്‍ തണ്ടേക്കാട്ട് സണ്ണി നിലപാടറിയിച്ചത്. യാത്രദുരിതത്തിനു പുറമേ പൊടിശല്ല്യത്തിലും നാട്ടുകാര്‍ വീര്‍പ്പു മുട്ടുന്നു. മാസങ്ങളായി റോഡ് അടച്ചതോടെ കാപ്പംകൊല്ലി മുതല്‍ കല്‍പ്പറ്റ വരെയുള്ള പ്രദേശവാസികള്‍ കടുത്ത യാത്രാ ദുരിതത്തിലാണ്. രോഗികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ആദിവാസികള്‍ അടക്കമുള്ള നിരവധി പ്രദേശവാസികളാണ് വലഞ്ഞത്. ദുരിതത്തിലായെങ്കിലും റോഡ് നന്നാക്കി കിട്ടുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ റോഡു പണിയിലെ കാലതാമസം ദുരിതത്തിന്റെ ആക്കം കൂട്ടി.
സൗകര്യപ്രദമായ ബദല്‍ സംവിധാനമില്ലാത്തതിനാല്‍ യാത്ര പ്രഹസനമായി. നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് നാട്ടുകാരുടെ ജീവിതം. പൊടി ശ്വസിച്ച് ആരോഗ്യവും തകരാറിലായെന്ന് ഇവര്‍ പറയുന്നു. പരീക്ഷാകാലം വിദ്യാര്‍ഥികള്‍ക്ക് ‘പരീക്ഷണ’കാലമായി. ഭീമമായ തുക നല്‍കിയാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ട്രിപ്പു വിളിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയ്ക്ക് 100 രൂപ നല്‍കണം. കല്‍പ്പറ്റ വരെയെത്താന്‍ ജീപ്പിന് പത്തു രൂപയാണ് ചാര്‍ജ്. റോഡ് അടച്ചിട്ടതോടെ കല്‍പ്പറ്റയില്‍നിന്ന് മേപ്പാടിയിലേക്കുള്ള ബസ്സുകള്‍ ചുണ്ടേല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. ചുണ്ടേല്‍ റോഡിലെത്താന്‍ ഉപയോഗിക്കുന്ന റാട്ടക്കൊല്ലി റോഡിന്റെയും, കുന്നംമ്പറ്റ റോഡിന്റെയും അവസ്ഥ പരിതാപകരമാണ്.
ഇതിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് നാട്ടുകാര്‍ ചുണ്ടേല്‍ റോഡിലെത്തുന്നത്. 7.41 കോടി രൂപയ്ക്ക് 2014 നവംബര്‍ നാലിനാണ് പ്രവൃത്തിയുടെ ഭരണാനുമതി ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷമായിരുന്നു ഇത്. പാടെ തകര്‍ന്ന എട്ടുകിലോമീറ്റര്‍ ഭാഗമാണ് പുനര്‍നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത്. നിര്‍മാണം ഇഴഞ്ഞ് നീങ്ങുകയാണെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day