|    Jan 17 Tue, 2017 10:29 am
FLASH NEWS

ഇളവു നല്‍കിയാല്‍ റോഡ് വികസനത്തിന് സ്ഥലം നല്‍കാം

Published : 28th July 2016 | Posted By: SMR

തൃശൂര്‍: കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കി ആകര്‍ഷകമായ പാക്കേജ് നല്‍കിയാല്‍ എംജി റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം നല്‍കാമെന്ന് സ്ഥലം ഉടമകള്‍. ഇതോടെ എംജി റോഡ് വികസന പ്രതീക്ഷയേറി.
വിദഗ്‌ദോപദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് പാക്കേജ് തയ്യാറാക്കുന്നതിന് തീരുമാനമെടുത്തതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു. എംജി റോഡ് വികസനം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംകെ റോസിലി വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സ്ഥലം ഉടമ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചത്. മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഉടമകളുടേയും വാടകക്കാരുടേയും പ്രതിനിധികളും കോര്‍പറേഷന്‍ അധികൃതരുമായിരുന്നു പങ്കെടുത്തത്.
നടുവിലാല്‍ ജങ്ഷന്‍ മുതല്‍ പാറയില്‍ ജങ്ഷന്‍ വരെ 21 മീറ്ററിലും തുടര്‍ന്ന് പടിഞ്ഞാറെകോട്ട വരെ 25 മീറ്ററിലും റോഡ് വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാനിന് വിധേയമായി 40 വര്‍ഷം മുമ്പ് കൗണ്‍സില്‍ അംഗീകരിച്ച വിശദനഗരാസൂത്രണപദ്ധതി (ഡി ടിപി സ്‌കീം)യനുസരിച്ച് തന്നെ സ്ഥലമെടുപ്പ് നടത്തുന്നതിനും യോഗത്തില്‍ ധാരണയായി. പുതിയ മാസ്റ്റര്‍പ്ലാനിലെ 27 മീറ്റര്‍, 36 മീറ്റര്‍ വികസന നിര്‍ദ്ദേശങ്ങള്‍ക്ക് ആരുടേയും പിന്തുണ ലഭിച്ചില്ല.
റോഡ് വികസനത്തിനാവശ്യമായ 179 സെന്റ് സ്ഥലത്തില്‍ 29 സെന്റ് നേരത്തേ സ്ഥലം ഉടമകള്‍ സൗജന്യമായി കോര്‍പറേഷന് കൈമാറിയിരുന്നു. ബാക്കി 150 സെന്റ് സ്ഥലത്തിന് 60 കോടിയെങ്കിലും വില വരുമെന്നതിനാല്‍ പണം മുടക്കി സ്ഥലം വാങ്ങി റോഡ് വികസനം എളുപ്പമാകില്ലെന്നാണ് കോര്‍പറേഷന്‍ നിലപാട്. ഈ സാഹചര്യത്തിലാണ് പാക്കേജ് അനുവദിക്കാനുള്ള ചര്‍ച്ച.
എംജി റോഡില്‍ നിലവില്‍ 4.5 മീറ്റര്‍ വിട്ട് വേണം കെട്ടിടം നിര്‍മിക്കാന്‍. ഇതു 1.5 മീറ്റര്‍ ആക്കി ചുരുക്കി കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സൗജന്യമായി സ്ഥലം നല്‍കാന്‍ ഉടമകളുടെ പ്രധാന വ്യവസ്ഥ. എഫ്‌ഐആറില്‍ ഇളവ് ഉള്‍പ്പടെ മറ്റ് പലനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നു.
പാക്കേജ് സംബന്ധിച്ച വിശദ ചര്‍ച്ച നടത്തി തയ്യാറാക്കുന്നതിനും ചര്‍ച്ചയില്‍ ടൗണ്‍ പ്ലാനിങ് വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചതായി വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.
കോര്‍പറേഷന്‍ തയ്യാറാക്കുന്ന പാക്കേജിനും സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ട്. സൗജന്യമായി ഭൂമി ലഭ്യമാക്കി റോഡ് വികസനം സാധ്യമാക്കുന്നതിനുള്ള പാക്കേജിന് സര്‍ക്കാര്‍ അനുമതിക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിച്ച റോഡ് വികസനം യാഥാര്‍ഥ്യമാക്കാനായാല്‍ അത് സംസ്ഥാനത്തിന് തന്നെ മാതൃകയാകും.
പൂര്‍ണമായും കടമുറികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം വേണമെന്നും ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍ഭാഗം മുറിച്ച്‌നീക്കി വ്യാപാരം തുടരാന്‍ അനുവദിക്കണമെന്നും മാത്രമായിരുന്നു വാടക വ്യാപാരികളുടെ ആവശ്യം. എംജി റോഡിലെ റെയില്‍വേ മേല്‍പാലം വീതി കൂട്ടുന്നതിനും റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക