|    Apr 22 Sun, 2018 4:19 pm
FLASH NEWS
Home   >  Blogs   >  

ഇല്ല, വിശ്വാസം അഴിച്ചുവയ്ക്കാന്‍ എനിക്കാവില്ല

Published : 18th August 2015 | Posted By: admin

43-important-hadith-about-women-in-islam

ഞാന്‍ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി, നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്ത്യക്കാരി, അതോടൊപ്പം മുസ്‌ലിം.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ എന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടിവന്ന പരീക്ഷയ്ക്കു വേണ്ടി മറ്റെല്ലാ അപേക്ഷകരെയും പോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല. സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ടാണ്; തല തുറന്നിട്ട് അന്യപുരുഷന്മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്!
കോപ്പിയടി തടയാന്‍ വേണ്ടി സി.ബി.എസ്.ഇ. പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്ന ചില നിര്‍ദേശങ്ങള്‍ ഇങ്ങനെയൊരു പരിണിതിയിലെത്തിച്ചേരുമോ എന്ന ചെറിയ ഒരാശങ്ക എനിക്ക് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ പൊതുസ്ഥലത്തു ഹിജാബില്ലാതെ പരീക്ഷയെഴുതാന്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കുള്ള വിഷമം എല്ലാവര്‍ക്കും മനസ്സിലാവുമെന്നും പരീക്ഷാഹാളില്‍ അല്‍പം നേരത്തെയെത്തി ലേഡി ഇന്‍വിജിലേറ്റര്‍മാര്‍ക്കു മുന്നില്‍ ദേഹപരിശോധനയ്ക്കു ഹാജരായി ഈ പ്രശ്‌നം മറികടക്കാമെന്നുമുള്ള പ്രതീക്ഷ ആ ആശങ്കയെക്കാള്‍ എത്രയോ മുകളിലായിരുന്നു; പരീക്ഷ നടക്കുന്നത് കേരളത്തിലാകുമ്പോള്‍ വിശേഷിച്ചും. നമ്മുടെ മഹത്തായ സമുദായമൈത്രീ പാരമ്പര്യവും മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്ന സംസ്‌കാരവും. സി.ബി.എസ്.ഇ. സര്‍ക്കുലറിലെ അക്ഷരങ്ങള്‍ക്കു പകരം അവയുടെ ആത്മാവിനെയാണ് പരിഗണിക്കുക എന്നു ഞാന്‍ ന്യായമായും അടിയുറച്ചു വിശ്വസിച്ചു.

Reflectingonthe-Quran-Traits-of-Righteous-Women
മുസ്‌ലിം പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന മക്കന ഉള്‍പ്പെടെയുള്ള വേഷവിധാനങ്ങള്‍ നേരത്തെ വന്നു പരിശോധനയ്ക്കു വിധേയരാകുന്നവര്‍ പരീക്ഷാസമയത്ത് അഴിച്ചുവയ്‌ക്കേണ്ടതില്ലെന്ന് സി.ബി.എസ്.ഇ. തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തതോടെ ആ വിശ്വാസത്തിനു ശക്തി കൂടി. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മുഴുവന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ആത്മനിന്ദയില്‍ നിന്നും മാനസികപീഡയില്‍ നിന്നും രക്ഷപ്പെടാന്‍ പോകുന്നുവെന്നു കരുതി ഞാന്‍ ഹര്‍ഷപുളകിതയായി. തികഞ്ഞ സന്തോഷത്തോടെയാണ് പരീക്ഷാ സെന്ററില്‍ ഞാന്‍ എത്തിയത്.
പരീക്ഷാകേന്ദ്രത്തില്‍ സി.ബി.എസ്.ഇ. നിര്‍ദേശിച്ചതനുസരിച്ച് ഞാന്‍ നേരത്തേയെത്തി. തട്ടം കൊണ്ട് മറയ്ക്കുന്ന ശരീരഭാഗങ്ങളില്‍ ‘കോപ്പിയടിയുപകരണങ്ങള്‍’ ഒന്നും ഒളിപ്പിച്ചുവച്ചിട്ടില്ലെന്ന് അധികൃതര്‍ക്കു ബോധ്യപ്പെടാന്‍ വേണ്ടിത്തന്നെ. ഏതാനും വനിതാ അധ്യാപകര്‍ ചേര്‍ന്നാണ് ദേഹപരിശോധന നടത്തിയത്. ഒന്നുമില്ലെന്ന് അവര്‍ക്ക് ബോധ്യം വന്നു. കാര്യങ്ങള്‍ അവിടെ ശുഭകരമായി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല സംഭവിച്ചത്. ‘ഇത്രയധികം വസ്ത്രം ധരിച്ച് പരീക്ഷയെഴുതണമെന്നു നിര്‍ബന്ധമാണോ’ എന്നു പരിശോധകര്‍ അപ്പോള്‍ത്തന്നെ ചോദിക്കുന്നുണ്ടായിരുന്നു. വസ്ത്രത്തിന്റെ അളവ് പരമാവധി കുറയലാണ് പരീക്ഷാഹാളിലെ അച്ചടക്കമെന്ന മട്ടിലായിരുന്നു ചോദ്യം! പരീക്ഷയ്ക്കാണ്, അല്ലാതെ പ്രദര്‍ശനത്തിനല്ല പെണ്‍കുട്ടികള്‍ അന്നു വന്നതെന്നിരിക്കെ, എന്തായിരുന്നു ഈ ചോദ്യത്തിന്റെ പ്രസക്തി?
യാതൊന്നും ഒളിപ്പിച്ചിട്ടില്ലെന്ന് തല തുറന്നിട്ട് ബോധ്യപ്പെടുത്തിയിട്ടും പിന്നെയുമെന്തിനാണ് അവര്‍ വസ്ത്രങ്ങളുടെ ‘ആധിക്യ’ത്തെക്കുറിച്ച് വേവലാതിപ്പെട്ടത്? കോപ്പിയടി തടയലല്ല തങ്ങള്‍ ഉറപ്പുവരുത്തുന്നതെന്നു തോന്നിപ്പിക്കുംവിധമുള്ള അവരുടെ ചോദ്യം കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. ദേശീയപ്രാധാന്യമുള്ള ഒരു മത്സരപ്പരീക്ഷയ്ക്ക് ക്ഷമാപൂര്‍വം തയ്യാറെടുത്തുവരുന്ന ഒരു പെണ്‍കുട്ടിയോട് ‘ചുറ്റുമുള്ളവര്‍ക്ക് നിന്റെ ശരീരം കുറച്ചുകൂടി തുറന്നിട്ടുകൊടുത്തുകൂടേ’ എന്നു ചോദിച്ച് മാനസികാഘാതമേല്‍പിച്ച വനിതാ അധ്യാപികമാര്‍, വിദ്യാര്‍ഥിനികളുടെ പരീക്ഷയിലെ പ്രകടനത്തെ ഇത്തരം അധിക്ഷേപങ്ങളും പരിഹാസങ്ങളും എങ്ങനെയാണ് ബാധിക്കുകയെന്ന് ആലോചിച്ചിട്ടുണേ്ടാ?

INDIA_F_0304_-_VeiledMuslimWomen452
തലമുടി കാണിക്കുന്നതിലെന്താണ് വിഷമം എന്നാലോചിക്കുന്നവരോട്, അന്യപുരുഷന്മാര്‍ കണ്ടുകൂടാത്ത നഗ്‌നതയായിട്ടാണ് ഞാനതിനെ പരിഗണിക്കുന്നത് എന്നാണെനിക്കു പറയാനുള്ളത്. നഗ്‌നതയ്ക്ക് പലര്‍ക്കും പല നിര്‍വചനങ്ങളായിരിക്കും. എനിക്ക് തീര്‍ച്ചയായും ലജ്ജാശീലം കൂടുതലാണ്. നഗ്‌നതയില്‍ തലമുടി കൂടി ഉള്‍പ്പെടുന്നുവെന്ന് ഞാന്‍ കരുതുന്നു; മാന്യതയെ സംബന്ധിച്ച് മുസ്‌ലിം യുവതി എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ശക്തമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.
എന്റെ മനോഹരമായ തലമുടി കാഴ്ചപ്പണ്ടമാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് പരീക്ഷാ നടത്തിപ്പുകാര്‍ക്കെന്താണ് കുഴപ്പം? എന്റെ ‘അധികവസ്ത്രങ്ങള്‍’ മറ്റാരുടെയും ശരീരത്തിലല്ല കിടക്കുന്നത്. പിന്നെയെന്തിനാണ് അവയുടെ ‘ഭാരം’ പറഞ്ഞു മറ്റുള്ളവര്‍ അസ്വസ്ഥരാകുന്നത്? ‘ശരീരത്തിന്റെ സ്വയംനിര്‍ണയാവകാശം’ മുദ്രാവാക്യമാക്കിയവരൊന്നും മുഖമക്കനയുടെ വിഷയത്തില്‍ എനിക്ക് സ്വയംനിര്‍ണയാവകാശം അനുവദിക്കാത്തതെന്തുകൊണ്ടാണ്?
കോപ്പിയടിക്കുള്ള ശ്രമങ്ങളില്ലെന്ന് പരിശോധനയ്ക്ക് വിധേയയായി അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം അവരുടെ നിരീക്ഷണത്തില്‍ തന്നെയാണ് ഞാന്‍ പരീക്ഷാഹാളിലേക്ക് കടന്നത്. എനിക്ക് അനുവദിച്ച ഇരിപ്പിടത്തില്‍ മഫ്ത ധരിച്ചുകൊണ്ടുതന്നെ ഞാനെത്തി. ഹാളിന്റെ വാതിലിനു മുന്നില്‍ ഒരു വനിതാ പോലിസും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. പരീക്ഷയെഴുതാന്‍ ഇനി തടസ്സങ്ങളൊന്നുമില്ല- ഞാന്‍ മനസ്സില്‍ പറഞ്ഞു.

British Muslim protest hijab ban (file photo)

എന്നാല്‍, പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ എത്തിച്ചേര്‍ന്നതോടെ രംഗമാകെ മാറി. ‘ഇങ്ങനെ വേഷം ധരിച്ച്’ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമുണ്ടായി. മാന്യമായ വേഷം ധരിക്കുന്നത് കുറ്റകൃത്യമാകുന്ന സ്ഥലമാണ് പരീക്ഷാഹാളെന്നു തോന്നിപ്പോകുംവിധമുള്ള സംസാരം! പരീക്ഷാഹാളില്‍ തട്ടമിട്ടിരിക്കാന്‍ അനുവദിക്കില്ലായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് ഞാന്‍ നേരത്തേ സ്‌കൂളിലെത്തിയതും വനിതാ പരിശോധകര്‍ക്കു മുന്നില്‍ തട്ടമഴിച്ചുനിന്നതും? പിന്നെ എന്തിനാണ് എന്നെ ഹാളിനകത്തു പ്രവേശിപ്പിച്ചത്? എന്തുകൊണ്ടാണ് കാവലിനു നിര്‍ത്തിയ പോലിസുകാരി എന്നെ തടയാതിരുന്നത്?
എല്ലാം കഴിഞ്ഞിതാ, വീണ്ടും തട്ടം മാറ്റണമെന്നു കല്‍പനയുണ്ടാവുന്നു. എനിക്ക് അതിനു കഴിയില്ലെന്നു ഞാന്‍ തീര്‍ത്തുപറഞ്ഞു. ആരും പറഞ്ഞിട്ടല്ലല്ലോ വിശ്വാസത്തിന്റെ ആ വസ്ത്രം കൊണ്ട് ഞാന്‍ ശിരസ്സ് അലങ്കരിച്ചത്. പിന്നെയെങ്ങനെ ആരെങ്കിലും പറഞ്ഞതിന്റെ പേരില്‍ എനിക്കത് മാറ്റാന്‍ കഴിയും? മുസ്‌ലിം പെണ്‍കുട്ടിയുടെ തലയിലുള്ള തട്ടം ഇളകാതെയിരിക്കുന്നത് ഹൃദയം അങ്ങനെ കല്‍പിക്കുന്നതുകൊണ്ടാണ്. പടച്ചവനോടുള്ള ഇഷ്ടമാണ് ഞങ്ങളുടെ ഹൃദയത്തെ പ്രഭാപൂരിതമാക്കുന്നത്. തല മറയ്ക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും സംതൃപ്തിയും എത്രയാണെന്നോ! അന്യര്‍ക്കു മുന്നില്‍ അതഴിച്ചുവയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന മുസ്‌ലിം പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക പീഡ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. ഇന്‍വിജിലേറ്റര്‍ക്ക് അതു തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ഞാന്‍ വിസമ്മതം തുടര്‍ന്നപ്പോള്‍ പ്രിന്‍സിപ്പല്‍ വന്നു. മതപരമായ വേഷങ്ങള്‍ നേരത്തേ വന്നു പരിശോധനയ്ക്ക് ഹാജരാകുന്നവര്‍ അഴിച്ചുവയ്‌ക്കേണ്ടതില്ലെന്ന് ഒടുവില്‍ സി.ബി.എസ്.ഇ. തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ സി.ബി.എസ്.ഇ. ഓഫിസില്‍ വിളിച്ച് അന്വേഷിക്കട്ടെയെന്നായി പ്രിന്‍സിപ്പല്‍. പുറത്തുപോയി വന്നശേഷം, വിളിച്ചുവെന്നും തല മറച്ചു പരീക്ഷയെഴുതാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് ഓഫിസില്‍ നിന്നു നിര്‍ദേശിച്ചതെന്നും പറഞ്ഞു. മഫ്ത അഴിച്ചുവയ്ക്കുന്നില്ലെങ്കില്‍ പരീക്ഷാഹാളിനു പുറത്തുപോകേണ്ടിവരുമെന്ന് അറിയിച്ചു. അങ്ങനെ ഞാന്‍ എക്‌സാം ഹാളിനു പുറത്തായി!

Sydney-Women-Reverting-To-Islam
മുഖമക്കന കുറ്റകൃത്യമാകുന്ന സാമൂഹിക സാഹചര്യം നമ്മുടെ രാജ്യത്തിനു ഭൂഷണമാണെന്ന് ഭരണാധികാരികള്‍ കരുതുന്നുണേ്ടാ? വിശ്വാസം അനുശാസിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍, അങ്ങനെ ധരിക്കുന്നവര്‍ പാലിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ മുഴുവന്‍ പാലിച്ചിട്ടും, പൊതുഖജനാവില്‍ നിന്നു വമ്പിച്ച പണം ചെലവഴിച്ചു നടത്തുന്ന പ്രവേശനപരീക്ഷയില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തിരസ്‌കൃതരാവുക എന്നു പറഞ്ഞാല്‍ മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും പൗരന്റെ മൗലികാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും പരിക്കേല്‍ക്കുക എന്നുതന്നെയല്ലേ അതിന്റെയര്‍ഥം? ഇന്ത്യന്‍ ഭരണഘടന കൂടിയാണ് പരീക്ഷാഹാളില്‍ നിന്ന് എന്റെ കൂടെ പടിയിറക്കപ്പെട്ടത് എന്ന വസ്തുതയെ ആര്‍ക്കാണ് നിഷേധിക്കാനാവുക? ഞാന്‍ നല്ല ഇന്ത്യക്കാരിയും നല്ല മുസ്‌ലിമും നല്ല സ്ത്രീയുമാകാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വത്വത്തിലുള്ള ഈ മൂന്ന് അടരുകളെയും വേദനിപ്പിച്ച നടപടിയാണ്, നിശ്ചയമായും ഇന്‍വിജിലേറ്ററുടെയും പ്രിന്‍സിപ്പലിന്റെയും ഭാഗത്തുനിന്നുമുണ്ടായത്.
നഗ്നമായ ഈ മനുഷ്യാവകാശലംഘനത്തില്‍ സാംസ്‌കാരിക കേരളം പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ബുദ്ധിജീവികളും എഴുത്തുകാരും ജനപ്രതിനിധികളും എന്തെടുക്കുകയാണ്? ‘പിടക്കോഴികള്‍ കൂവാത്തതില്‍’ സങ്കടപ്പെട്ടും ‘ഉമ്മമാര്‍ക്കു വേണ്ടി സങ്കടഹരജി’കള്‍ തയ്യാറാക്കിയും പെണ്ണിനു വേണ്ടി കണ്ണുനീര്‍ വാര്‍ത്തും കഴിയുന്നവര്‍ക്കൊന്നും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിനു വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നൂറുകണക്കിനു മുസ്‌ലിം പെണ്‍കുട്ടികള്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് യാതൊന്നും പറയാനില്ലാതെപോയത് എന്തുകൊണ്ടാണ്? പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കപ്പെട്ടവര്‍ മാത്രമല്ല, കണ്ണു നനച്ചും മനസ്സു തേങ്ങിയും തട്ടം ഊരിവച്ച് കുറ്റബോധത്തോടെ പരീക്ഷയെഴുതിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലാം പൗരാവകാശങ്ങള്‍ക്കു മേലാണ് ഇന്‍വിജിലേറ്റര്‍മാരുടെ ശാഠ്യങ്ങളുടെ ബുള്‍ഡോസര്‍ കയറ്റിയതെന്ന് ആര്‍ക്കും മനസ്സിലാകാഞ്ഞിട്ടാണോ?
പരീക്ഷയെഴുതാതെ പുറത്തിറങ്ങിയ എന്നെ ചില അധ്യാപകര്‍ വന്ന് ‘ഉപദേശിച്ചു.’ ‘രക്ഷിതാക്കളെ ഭയന്നിട്ടാണോ തട്ടം മാറ്റാത്തതെ’ന്നു ചോദിച്ചു. പ്രപഞ്ചരക്ഷിതാവിനെത്തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ഭയപ്പെടാന്‍ ബാധ്യസ്ഥയാവുന്നതെന്ന് അവര്‍ക്കു വിശ്വാസമാകുന്നുണ്ടായിരുന്നില്ല!

Pix:Group Members of Muslim Students Society of Nigeria, Lagos State Area Unit, hold Mega Protest Against Victimisation of Secondary School Student Using Hijab by Principals, at Lagos House, Alausa, Ikeja, Yesterday. Photo: Bunmi Azeez

ഹിജാബ് അഴിക്കാന്‍ സന്നദ്ധരായി പരീക്ഷയെഴുതുന്ന ചില മുസ്‌ലിം പെണ്‍കുട്ടികളെ ചൂണ്ടിക്കാണിച്ചുതന്ന് ‘അവരെപ്പോലെ ആയാലെന്താ’ എന്നു ചോദിച്ചു. മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതിനെയാണ് അധ്യാപകര്‍ പ്രോത്സാഹിപ്പിക്കുക എന്ന, കുട്ടിക്കാലം മുതല്‍ എനിക്കുണ്ടായിരുന്ന ധാരണയും അതോടെ തകര്‍ന്നുപോയി! ‘പരീക്ഷയ്ക്കാണ് വേഷത്തെക്കാളും വിശ്വാസത്തെക്കാളും പ്രാധാന്യ’മെന്നു പറഞ്ഞു.

ആദര്‍ശത്തിലൊന്നും കാര്യമില്ല, കാര്യം നടക്കലാണ് പ്രധാനം എന്നുതന്നെ!
സത്യസന്ധതയ്ക്ക് വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന ഒരുകാലത്ത് അധ്യാപകര്‍ കുട്ടികളെ ഉപദേശിക്കേണ്ടത് ഇത്തരം ‘രാജിയാകലുകള്‍’ക്കു തന്നെയാണോ? ‘ഖുര്‍ആനൊക്കെ ഞങ്ങളും വായിച്ചിട്ടുണ്ട്; ഇങ്ങനെ വാശിപിടിക്കേണ്ട കാര്യമൊന്നുമില്ല’ എന്നു മറ്റു ചിലര്‍ പറഞ്ഞു. വായിച്ചിട്ടുണ്ടായിരിക്കാം; പക്ഷേ, ഖുര്‍ആനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റൊരാള്‍ പറയുന്നതുകൊണ്ട് മാറ്റിവയ്ക്കാനാകുമോ? വീട് എവിടെയാണെന്നു ചോദിച്ചു. കരുനാഗപ്പള്ളിയാണെന്നു പറഞ്ഞു. ‘ഓ, മലപ്പുറത്തോ കോഴിക്കോട്ടോ ആണെന്നു തോന്നി’യെന്നായിരുന്നു അധ്യാപകരുടെ പ്രതികരണം.
മതനിയമങ്ങള്‍ അനുസരിക്കുന്നതില്‍ നിഷ്ഠയുള്ള മുസ്‌ലിം സ്ത്രീകള്‍ ജീവിക്കുന്നത് മലബാറില്‍ മാത്രമാണെന്നു വിചാരിക്കുന്ന നമ്മുടെ പൊതുബോധത്തിനു കാര്യമായ കുഴപ്പമില്ലേ? അതും മലപ്പുറത്തിന്റെ ഒരു കുറ്റമായിട്ടാണ് പരിഗണിക്കപ്പെടുന്നത്! തട്ടമഴിക്കാന്‍ ഉപദേശങ്ങള്‍ തകൃതിയായി എന്റെ പരീക്ഷാഹാളില്‍ നടക്കുന്ന സമയത്തുതന്നെ ഓക്‌സ്ഫഡിലും കേംബ്രിജിലുമെല്ലാം ഹിജാബും നിഖാബും വരെ അണിഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ടായിരുന്നുവെന്ന് ലോകമെന്നാല്‍ കേരളമാണെന്നു ചിന്തിക്കുന്നവര്‍ അറിയുന്നുണ്ടായിരുന്നില്ല. ഒടുവില്‍ എന്റേത് ‘ധിക്കാര’മാണെന്ന് അവര്‍ തീര്‍പ്പാക്കി. അല്ലാഹുവിനെ അനുസരിച്ച് ശരീരം മറയ്ക്കുന്നതിന്റെ പേര് ധിക്കാരം; അവനെ ധിക്കരിച്ച് മേനീപ്രദര്‍ശനം നടത്തുന്നതിന്റെ പേര് അച്ചടക്കം!
ശരിക്കും സങ്കടം തോന്നിയ നിമിഷമായിരുന്നു അത്. ഒരാളോടുപോലും ഞാനവിടെ അപമര്യാദയായി പെരുമാറിയിട്ടില്ല. ഒരു നിയമവും ലംഘിച്ചിട്ടില്ല. മൂല്യങ്ങളില്‍ അഴിമതിക്കൊരുക്കമല്ലെന്നു പറഞ്ഞതു മാത്രമാണ് അവരെ ചൊടിപ്പിച്ചത്. സത്യസന്ധത പാതകമായി മാറുന്ന ലോകക്രമം! ‘ഇംഗ്ലീഷില്‍ പറയുന്നത് മനസ്സിലാവുന്നുണ്ടാകില്ല’ എന്ന പരിഹാസവുമുതിര്‍ത്തു ഒടുവില്‍ ഒരാള്‍. ‘ഹിജാബികള്‍’ക്ക് ഇംഗ്ലീഷ് അറിയാത്ത ഒരു കുഴപ്പവും ഇപ്പോഴില്ല. ഭാഷയുടെ കൂടെ നഗ്‌നതാ പ്രദര്‍ശനത്തിന്റെ ഇംഗ്ലീഷ് സംസ്‌കാരം കൂടി കയറ്റിയയക്കാനുള്ള സാമ്രാജ്യത്വ പരിശ്രമം മാത്രമാണ് പര്‍ദയുടെ കറുപ്പില്‍ തട്ടി ഉടഞ്ഞുപോകുന്നത്.
മുഖമക്കന ധരിക്കുന്നവര്‍ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കയറിവന്ന് നിറയുന്നത് ആരെയൊക്കെയോ ചൊടിപ്പിക്കുന്നുണേ്ടാ? അവര്‍ പിന്നാക്കമായി നില്‍ക്കണമെന്ന് ആര്‍ക്കെങ്കിലും ശാഠ്യമുണേ്ടാ? അത്തരം ദുരാഗ്രഹങ്ങളെ വെല്ലുവിളിച്ച് മലയാളി മുസ്‌ലിം സ്ത്രീത്വം നടത്തുന്ന വിപ്ലവകരമായ സാമൂഹിക മുന്നേറ്റങ്ങളില്‍ വിറളികൊള്ളുന്നവരാണോ അടിസ്ഥാനരഹിതമായ പരിഹാസങ്ങളുതിര്‍ത്ത് സ്വയം ആശ്വാസം കണെ്ടത്തുന്നത്? ഒരു കാര്യം ഉറപ്പിച്ചുപറയാം: ആത്മാര്‍ഥതയോടെ ഹിജാബണിയുന്നവര്‍ കേരളീയ പൊതുരംഗത്ത് സജീവമാകുന്നതില്‍ നാടിനെ സ്‌നേഹിക്കുന്നവരാരും അസ്വസ്ഥരാകേണ്ടതില്ല. കാരണം, അവര്‍ ദൈവദത്തമായ മൂല്യങ്ങളെ പിന്തുടരുന്നവരായിരിക്കും, തിന്മകളില്‍ നിന്ന് അകലം പാലിക്കുന്നവരായിരിക്കും. അവരെക്കൊണ്ട് നാടിനും നാട്ടുകാര്‍ക്കും ഗുണമേയുണ്ടാകൂ, ഒരു ദോഷവുമുണ്ടാകില്ല.
ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശം അടിയറവയ്ക്കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നേരിട്ട മനുഷ്യാവകാശധ്വംസനം മാത്രമാണ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകാതിരുന്നത്. ഇതേ കാരണം കൊണ്ട് പരീക്ഷയ്ക്കിരിക്കാന്‍ കഴിയാതെപോയ ഒരു കന്യാസ്ത്രീ, പത്രങ്ങളുടെ ഒന്നാം പേജിന്റെ പകുതിയിലധികം കവര്‍ന്നു.

IMG_1371

വാര്‍ത്ത വരാതിരിക്കാനാണ് ഒരുകണക്കിനു ഞാനും ആഗ്രഹിച്ചത്. വ്യക്തിപരമായി ഇതൊരു വിവാദമാക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഞാനും പടച്ചവനും തമ്മിലുള്ള ഒരു സ്വകാര്യതയായി അത് നിലനില്‍ക്കുന്നതാണ് സന്തോഷം.
എന്നാല്‍, കന്യാസ്ത്രീ പൊതുമണ്ഡലത്തില്‍ നിന്നു ബഹിഷ്‌കൃതയാകുമ്പോഴുണ്ടാകുന്ന പൗരാവകാശനിഷേധപ്രശ്‌നം അതേ അളവില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഗുരുതരമായ ചില അപാകതകളുണ്ട്. അതു വ്യക്തിനിഷ്ഠമായ ഒരു ഇഷ്യൂ അല്ല; നമ്മുടെ പൊതുബോധത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഇരട്ടത്താപ്പിന്റെ സാക്ഷ്യമാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ഭൂകമ്പത്തെ എന്നപോലെയാണ് മലയാള മനോരമ കന്യാസ്ത്രീക്കുണ്ടായ ദുരനുഭവത്തെ സെന്‍സേഷനലൈസ് ചെയ്തു ഫോളോ ചെയ്തത്. സഭയും പുരോഹിതന്മാരുമെല്ലാം വിഷയത്തില്‍ ശക്തമായി ഇടപെട്ടു. പൊതുസമൂഹം പ്രതികരിച്ചു. ആ സഹോദരിക്കു പരീക്ഷയെഴുതാന്‍ കഴിയാതിരുന്നതില്‍ എനിക്കും അതിയായ സങ്കടമുണ്ട്. എന്നാല്‍ അവളുടേതു മാത്രമാണ് സങ്കടം എന്ന രീതിയില്‍ കേരളം പെരുമാറിക്കാണുന്നതില്‍ അതിനേക്കാള്‍ വലിയ സങ്കടമുണ്ട്.
ശിരോവസ്ത്രത്തിന്റെ വിഷയത്തില്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ഫ്രാന്‍സിലെ നിഖാബ് നിയമം ശ്രമിച്ചതും മതസ്വാതന്ത്ര്യം ഹനിച്ച് മതേതരത്വത്തിന്റെ പേരില്‍ മുസ്‌ലിംകളെ പീഡിപ്പിക്കാനായിരുന്നു. അന്നു സഭയും പുരോഹിതന്മാരുമെല്ലാം ഫ്രഞ്ച് ഭരണകൂടത്തിനു ധാര്‍മിക പിന്തുണ നല്‍കിയതെന്തുകൊണ്ടാണ്? ലോകത്താകമാനം ഹിജാബ് ഭീതി സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്കെല്ലാമുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക?

hijab-demo-17jan04-715 copy

കേരളത്തിലേക്കുതന്നെ വരാം. മതവിശ്വാസത്തിന്റെ ഭാഗമായുള്ള ശിരോവസ്ത്രമണിഞ്ഞതിന്റെ പേരില്‍ എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ കേരളത്തിലെ വിവിധ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് ഇതിനകം പുറത്താക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കു കീഴിലാണ്. ശിരോവസ്ത്രമണിഞ്ഞ് ക്ലാസില്‍ വരാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപേക്ഷകള്‍ പുറംകാലുകൊണ്ട് നിര്‍ദാക്ഷിണ്യം തട്ടിക്കളയുകയാണ് സഭ ചെയ്തുപോരുന്നത്. അത്യന്തം ഹീനമായ ഈ നടപടികള്‍ മനോരമയ്ക്ക് വാര്‍ത്തയായിട്ടില്ല. അവ മിക്കപ്പോഴും മുസ്‌ലിം പത്രങ്ങളിലും മുസ്‌ലിം സംഘടനകളുടെ ബാനറുകളിലും മാത്രമാണ് ഇടംപിടിക്കാറുള്ളത്.

 

 

അതുകൊണ്ട് ബഹുമാന്യയായ ആ കന്യാസ്ത്രീയുടെ അനുഭവത്തില്‍ നിന്ന് പാഠം പഠിക്കണം, ശിരോവസ്ത്രമഴിക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ കന്യാസ്ത്രീക്കെന്നപോലെ മുസ്‌ലിം പെണ്‍കുട്ടിക്കും വേദനയുണ്ടാകുമെന്ന്. ആ വേദന പരിഗണിക്കാന്‍ കേരളീയ പൊതുസമൂഹം ഇനിയും അമാന്തിച്ചാല്‍ മതനിരപേക്ഷതയെ സംബന്ധിച്ച നമ്മുടെ എല്ലാ അവകാശവാദങ്ങളെയും പുനര്‍വിചാരണ ചെയ്യേണ്ടിവരും.

മതവിശ്വാസത്തിനു വസ്ത്രവുമായിട്ടെന്താണ് ബന്ധമെന്ന് ഇവ്വിഷയകമായ ഒരു ഹര്‍ജിയെ പരാമര്‍ശിച്ചുകൊണ്ട് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ചോദിച്ചത്, വിശ്വാസത്തെയും മതത്തെയും സംബന്ധിച്ച ധാരണക്കുറവ് നമ്മുടെ ‘മതേതര’ പൊതുസമൂഹത്തില്‍ അടി മുതല്‍ മുടി വരെ വ്യാപകമാണെന്നാണ് വ്യക്തമാക്കുന്നത്. വിശ്വാസം മനസ്സിലാണെന്നത് ശരിയാണ്. പക്ഷേ, മനസ്സില്‍ ഒരു പ്രത്യേക വിശ്വാസമുണ്ടാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ചു രൂപാന്തരപ്പെടും എന്നത് അതിലളിതമായ ഒരു സത്യമല്ലേ? പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കാത്ത വിശ്വാസം എന്തിനാണ് കൊള്ളുക? അതല്ലേ ലോകത്തെ സകലമാന പ്രശ്‌നങ്ങള്‍ക്കും പിന്നിലുള്ള യഥാര്‍ഥ കാരണം? അതിനല്ലേ സര്‍, കാപട്യം എന്നു പറയുക? വസ്ത്രം നഗ്‌നത മറയ്ക്കാനുള്ളതാണ്. ഒരാളുടെ വസ്ത്രം അയാളുടെ സംസ്‌കാരമെന്താണെന്നു കാണിക്കുന്നു. ഓരോരുത്തരുടെയും സംസ്‌കാരം അവരുടെ വിശ്വാസത്തില്‍ നിന്നു രൂപപ്പെടുന്നതാണ്.ദേവദാസിക്കും കാള്‍ഗേളിനും ലാപ്‌ടോപ് ഡാന്‍സര്‍ക്കുമെല്ലാം അവരുടേതായ വസ്ത്രങ്ങളുണ്ട്; പെണ്‍ശരീരത്തെക്കുറിച്ചുള്ള അവരവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്ത്രങ്ങള്‍. ശരീരത്തെക്കുറിച്ചുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ സങ്കല്‍പത്തെ പ്രദാനം ചെയ്യുന്നത് അവളുടെ വിശ്വാസമാണ്.

Hijab-protest

വേഷവിധാനത്തിന്റെ നിബന്ധനകള്‍ ഇസ്‌ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അതു പിന്തുടരാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിന്റെ അടിത്തറകളിലൊന്നാണ്. വിശ്വാസം ആരാധനാലയത്തിന്റെ നാലുചുവരുകള്‍ക്കകത്ത് നടക്കുന്ന ചടങ്ങുകളുടെ പേരല്ല, പ്രത്യുത, ആരാധനാലയത്തില്‍ നിന്നു ലഭിച്ച ഊര്‍ജം ഉപയോഗിച്ച് വസ്ത്രധാരണമടക്കമുള്ള മുഴുജീവിതരംഗങ്ങളെയും പുനഃക്രമീകരിക്കുന്നതിന്റെ പേരാണ്. അങ്ങനെയുള്ള മതവിശ്വാസത്തിനേ മനുഷ്യനെ നന്നാക്കാന്‍ കഴിയൂ. ജീവിതഗന്ധിയല്ലാത്ത വിശ്വാസം കൊണെ്ടന്താണ് കാര്യം? സര്‍, താങ്കള്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.എന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയല്ലേ സര്‍? വിശ്വാസവും വസ്ത്രവും തമ്മില്‍ ബന്ധമില്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും അങ്ങേയ്ക്ക് പറയാനാകുമോ? ആ പരാമര്‍ശത്തെ സംബന്ധിച്ച് പുനരാലോചനകളൊന്നും ആവശ്യമില്ലെന്ന് ഇപ്പോഴും അങ്ങ് കരുതുന്നുണേ്ടാ?

സര്‍, മൂന്നു മണിക്കൂര്‍ നേരം മാത്രം ഹിജാബില്ലാതെ ഇരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന അങ്ങയുടെ ചോദ്യം തന്നെയാണ് പരീക്ഷാ സെന്ററിലെ അധ്യാപകരും മറ്റൊരു ഭാഷയില്‍ എന്നോട് ചോദിച്ചത്. ഹിജാബില്ലാതെ അന്യപുരുഷന്മാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ പാപമായിട്ടാണ് ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ മനസ്സിലാക്കുന്നതെന്ന് അങ്ങ് ആദ്യം തിരിച്ചറിയണം.

മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഏതെങ്കിലും തിന്മ ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ആരെങ്കിലും പറയുമോ സര്‍? കൊലപാതകം, കൊല, ബലാല്‍സംഗം, ട്രാഫിക് നിയമലംഘനം അങ്ങനെയെന്തെങ്കിലും? മൂന്നു മണിക്കൂര്‍ മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ഏതെങ്കിലും കുറ്റം ചെയ്തവരെ വെറുതെ വിടുന്ന പതിവ് ഏതെങ്കിലും കോടതിക്കുണേ്ടാ സര്‍?
വിശ്വാസം ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ഒരു ഭാരമല്ല, പ്രത്യുത, ഞങ്ങളുടെ മനസ്സിന്റെ ആഴങ്ങളില്‍ രൂഢമൂലമായ ദൃഢബോധ്യമാണ്. തരവും സൗകര്യവും നോക്കി അഴിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല അത്. വിശ്വാസം അഴിച്ചുവയ്ക്കാനുള്ളതല്ലെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിചാരിക്കുന്നു.

(കടപ്പാട്:
വേ ടു ഇസ്‌ലാം കമ്മ്യൂണിറ്റി)

fortnightly

Tue, 18 Aug 2015

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss