|    Mar 28 Tue, 2017 12:11 am
FLASH NEWS

ഇല്ല, ഞാന്‍ മാപ്പു ചോദിക്കില്ല

Published : 25th November 2015 | Posted By: SMR

ഖാലിദ് അല്‍ മഈന

നൂറ്റിമുപ്പതു പേരുടെ മരണത്തിനും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ പാരിസ് ആക്രമണം ഇപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ തന്നെ തുടരുകയാണ്. ലോകമെങ്ങും സാമൂഹിക മാധ്യമങ്ങളിലും അതേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.
ബെയ്‌റൂത്ത് പ്രാന്തങ്ങളില്‍ ആത്മഹത്യാ ബോംബുകളുമായി ഏതാണ്ട് 40 പേരെ ചാമ്പലാക്കി ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പാരിസിലെ ആക്രമണം. അതിനു മുമ്പ് ഒരു റഷ്യന്‍ വിമാനം സീനായ്ക്കു മേല്‍ കത്തി ഇരുനൂറിലേറെ പേര്‍ക്ക് ജീവഹാനി നേരിട്ടിരുന്നു. ഈ ക്രൂരകൃത്യങ്ങളുടെ എല്ലാം ഉത്തരവാദിത്തം ദാഇഷ് (സ്വയംപ്രഖ്യാപിത ഇസ്‌ലാമിക് സ്റ്റേറ്റ്) ഏറ്റെടുക്കുകയും ചെയ്തു.
കൊലവെറി പൂണ്ട ഈ ആക്രമണങ്ങളില്‍ സൗദി വീക്ഷണം ആരാഞ്ഞ് നിരവധി പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഒരു നേട്ടവുമില്ലാത്ത, നമ്മുടെ മതത്തെയും സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന, മനുഷ്യത്വരഹിതവും ബീഭത്സവുമായ ഈ കൃത്യങ്ങളെ നാമെല്ലാം അപലപിക്കുന്നുവെന്നായിരുന്നു എന്റെ പ്രതികരണം.
വിളിച്ച ഒരാള്‍ക്ക് അറിയേണ്ടത്, നാം മാപ്പു ചോദിക്കുമോയെന്നായിരുന്നു ഞാനയാളുടെ നേരെ ബഹളം വച്ചു. മാപ്പു ചോദിക്കയോ, എന്തിന്? കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന ദുരൂഹ സംഘങ്ങളുടെ പ്രവൃത്തികള്‍ക്ക് ഞങ്ങളാണോ ഉത്തരവാദികള്‍? ദുഷ്‌കൃത്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ തെറ്റായി ചാര്‍ത്തപ്പെടുന്നതിനു ഞങ്ങളാണോ ഉത്തരവാദികള്‍? ഞാന്‍ മാപ്പു ചോദിക്കില്ല. ഒരു രാജ്യാന്തര അന്വേഷണം നടക്കട്ടെ. അവരുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തട്ടെ.
ഞാന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവനല്ല. എന്നാല്‍, സപ്തംബര്‍ 11 ആക്രമണം മുതല്‍ ഇതുവരെ നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്. ഓരോ വന്‍ ആക്രമണത്തിനു ശേഷവും യാതൊരു പോറലുമില്ലാതെ എങ്ങനെയാണ് ഒരു പാസ്‌പോര്‍ട്ട് കണ്ടുകിട്ടുന്നത്? പൊതുവേ ആളുകള്‍ പാസ്‌പോര്‍ട്ട് കീശയില്‍ വച്ചാണോ തെരുവുകളിലൂടെ നടന്നുപോകാറുള്ളത്? തീപ്പിടിത്തങ്ങളും ബോംബ് ആക്രമണങ്ങളും വരെ പ്രതിരോധിച്ചു നില്‍ക്കാന്‍, തീപിടിക്കാത്ത വസ്തുക്കളാല്‍ നിര്‍മിതമാണോ പാസ്‌പോര്‍ട്ടുകള്‍? ന്യൂയോര്‍ക്കില്‍ അതൊരു സൗദി പാസ്‌പോര്‍ട്ടായിരുന്നു; പാരിസില്‍ അതൊരു സിറിയന്‍ പാസ്‌പോര്‍ട്ടും. പ്രസ്തുത പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. അതേ പേരിലും നമ്പറിലും 11 പാസ്‌പോര്‍ട്ടുകള്‍!
ഇസ്‌ലാം വംശീയവൈരവും വിദ്വേഷവുമാണെന്ന് പല്ലവി പാടുന്ന, മുസ്‌ലിംകള്‍ക്കെതിരേ ശത്രുത ജ്വലിപ്പിക്കുന്ന, വിദ്വേഷത്തിന്റെ പ്രബോധകരും വിവരമില്ലാത്ത രാഷ്ട്രീയക്കാരും നമുക്ക് വേണ്ടുവോളമുണ്ട്. അല്‍ഖാഇദ, ദാഇഷ് പോലുള്ള സംഘടനകളുടെ സൃഷ്ടിപ്പിലും, സാമൂഹിക വ്യവസ്ഥയെയും സൈന്യങ്ങളെയും വിഘടിപ്പിച്ച് അസ്ഥിരമാക്കി കുഴപ്പങ്ങളിലേക്ക് നയിക്കുംവിധം ശൂന്യത സൃഷ്ടിച്ച് മേഖലയില്‍ സ്വേച്ഛാധിപതികളെ താങ്ങിനിര്‍ത്തുന്നതിലും സ്വന്തം സര്‍ക്കാരുകളുടെ കുറ്റകരമായ പങ്കാളിത്തം വിസ്മരിച്ച്, വിവരമില്ലാത്ത ആളുകള്‍ വൈകാരികമായ ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അക്രമാസക്തരാകുന്നു. നിരപരാധികളായ മനുഷ്യരുടെ ജീവഹാനിക്കു കാരണമായ താന്തോന്നിത്തപരവും ദാക്ഷിണ്യരഹിതവും ചിന്താശൂന്യവുമായ അക്രമത്തെ അപലപിക്കുന്നതില്‍ ലോകത്തോടുമൊപ്പം ഞാനുമുണ്ട്.
എന്നാല്‍, ഞാന്‍ ഉത്തരവാദിയല്ലാത്ത ഒരു കാര്യത്തിന് മാപ്പു പറയാന്‍ എന്നോട് ആവശ്യപ്പെടരുത്. ഫലസ്തീനികളെ നെതന്യാഹു നിത്യേന കൊന്നൊടുക്കുന്നു; ജൂതര്‍ മാപ്പ് ചോദിച്ചുവോ? മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കു നേരെയുള്ള വംശഹത്യക്ക് ദലൈലാമയും സൂചിയും മാപ്പു ചോദിച്ചുവോ? ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്‌ക്കോ, മാട്ടിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ജനങ്ങളെ മര്‍ദ്ദിച്ചു കൊന്നതിനോ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി മാപ്പു ചോദിച്ചുവോ? ദശലക്ഷം ഇറാഖികളുടെ മരണത്തിന് ബുഷ്, ബ്ലെയര്‍, റംസ്‌ഫെല്‍ഡ്, ചെനി, വോള്‍ഫോവിറ്റ്‌സ്, ബ്രെമര്‍ എന്നിവര്‍ മാപ്പു ചോദിച്ചുവോ? പാരിസില്‍ നിരപരാധികള്‍ക്കു നേരെ നടന്ന ഭീരുത്വപരമായ കൊലകള്‍ക്കെതിരേ ലോകം ജാഗരൂകമാണ്.
എന്നാല്‍, അങ്കറയില്‍ ദാഇഷ് നൂറോളം തുര്‍ക്കികളെ ധൂളികളാക്കിയപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. ഈ വിവേചനപരമായ ദുഃഖം എനിക്കോ മറ്റ് നിരവധി പേര്‍ക്കോ ഒട്ടും ദഹിക്കുന്നില്ല. ഈ കൃത്യങ്ങളെല്ലാം ചെയ്തത് മുസ്‌ലിംകളാണെന്ന് കരുതപ്പെടുന്നു. എന്നാല്‍, അവ ഏറെയും നിയന്ത്രിക്കുന്നത് പാശ്ചാത്യ ഏജന്‍സികളുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റപ്പെട്ട സംഘങ്ങളാണ്. അവര്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഞാന്‍ കുറ്റവാളിയല്ല. അതിനാല്‍ ഞാന്‍ മാപ്പു ചോദിക്കില്ല.

( സൗദി ഗസറ്റ് എഡിറ്റര്‍ അറ്റ് ലാര്‍ജ്
ആണ് ലേഖകന്‍.)

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day