|    Jan 20 Fri, 2017 1:23 pm
FLASH NEWS

ഇലയിടാന്‍ ചിലര്‍, ഭുജിക്കാന്‍ വേറെ ചിലര്‍

Published : 5th March 2016 | Posted By: SMR

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു മുസ്‌ലിം ലീഗ്. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് പുതിയ ലാവണങ്ങള്‍ നല്‍കി അവരെ മെരുക്കാനുതകുന്ന തന്ത്രങ്ങളും ആവിഷ്‌കരിച്ചു പാര്‍ട്ടി. ഇത്തരം അദ്ഭുതങ്ങള്‍ മുമ്പും പലപ്പോഴും സാധിച്ചെടുത്ത പ്രസ്ഥാനമാണ് ലീഗ്. നേതാവിനെ അവര്‍ മണ്ഡലത്തില്‍ കാലുകുത്താതെ ജയിപ്പിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാവരും ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നംപാടുകയും പാര്‍ട്ടിയുടെ അടിത്തറയ്ക്ക് വിള്ളല്‍ വീഴുകയും ചെയ്തിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രവും ലീഗിനുണ്ട്. പിളര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഇന്നും ജനപിന്തുണ കാര്യമായതോതില്‍ നഷ്ടപ്പെടാതെ മുസ്‌ലിം ലീഗ് നിലനില്‍ക്കുന്നത് കേരളത്തിലെ മുസ്‌ലിം സമുദായം പാര്‍ട്ടിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
എന്നാല്‍, ഈ വിശ്വാസത്തോട് പാര്‍ട്ടിനേതൃത്വം എത്രമാത്രം നീതിപുലര്‍ത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ പുനരാലോചന ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി ലിസ്റ്റ്. 20 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നു പറഞ്ഞാല്‍ എല്ലാമായി. പുതുമുഖങ്ങളായി നാലുപേര്‍ വന്നു എന്നതു ശരി തന്നെ. അത് പാര്‍ട്ടിക്കകത്ത് സ്ഥാനാര്‍ഥിമോഹവുമായി ദീര്‍ഘകാലമായി കരുനീക്കങ്ങള്‍ നടത്തിവരുന്ന ചിലരുടെയെങ്കിലും സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കാനാവാത്തതുമൂലം കൈക്കൊണ്ട അടവു മാത്രമാണ്. ദീര്‍ഘകാലമായി സ്ഥാനം അലങ്കരിക്കുന്നവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ധൈര്യം പാര്‍ട്ടി കാണിച്ചിട്ടില്ല. എംഎല്‍എമാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അത് അസാധ്യമാക്കി എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. ഇപ്പോള്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഉള്ളുകള്ളിയൊക്കെ നാട്ടുകാര്‍ക്കറിയാം. ചിലര്‍ എല്ലാ കാലത്തും ഇലയിടാനും മറ്റുചിലര്‍ മൃഷ്ടാന്നഭോജനം നടത്താനും എന്നുവരുന്നത് രാഷ്ട്രീയമായി ശരിയല്ല.
വികസനമാണ് മാനദണ്ഡമെങ്കില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ക്ക് എന്തുകൊണ്ട് മാര്‍ക്ക് കുറഞ്ഞു എന്ന് വിശദീകരിക്കാനുള്ള ബാധ്യത പാര്‍ട്ടി നേതൃത്വത്തിനുണ്ട്. കാര്യശേഷിയില്ലായ്മ തെളിയിച്ച ഒരു മന്ത്രിക്ക് വീണ്ടും സീറ്റ് നല്‍കിയ പാര്‍ട്ടിയാണ് ഇത്തരം മാനദണ്ഡങ്ങളെപ്പറ്റി പറയുന്നതെന്നോര്‍ക്കണം. വനിതകള്‍ക്ക് പാര്‍ട്ടി പ്രാതിനിധ്യം നല്‍കിയിട്ടേയില്ല. യുവാക്കളും ദലിതുകളും പടിക്കു പുറത്താണ്. പാര്‍ട്ടി നടത്തിയ കേരളയാത്രയുടെ സമാപനച്ചടങ്ങില്‍ ന്യൂനപക്ഷ-ദലിത് ഐക്യം സുദൃഢമാക്കുക എന്ന ലക്ഷ്യം വെളിപ്പെടുത്തുന്നതിന്റെ സൂചനയായി രോഹിത് വെമുലയുടെ കുടുംബാംഗങ്ങളെ കൊണ്ടുവന്ന് അണിനിരത്തിയ പാര്‍ട്ടി, സീറ്റ് നല്‍കുമ്പോള്‍ അതെല്ലാം മറന്നു. ഇനി കുറച്ച് സീറ്റുകള്‍ ബാക്കിയുണ്ട്. യാതൊരു ജയസാധ്യതയുമില്ലാത്ത ഈ സീറ്റുകളില്‍ വനിതയെയും ദലിതനെയും യൂത്ത് ലീഗുകാരനെയും നിര്‍ത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് നേതൃത്വത്തിന്റെ ഉള്ളിലിരിപ്പെങ്കില്‍ അതു തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ നാട്ടുകാര്‍ക്കുണ്ട്.
ചില സ്ഥാപിത താല്‍പര്യങ്ങളെ താലോലിച്ചുകൊണ്ടിരിക്കുക എന്നതാണ് എക്കാലത്തും ലീഗിന്റെ പാരമ്പര്യം. അത് നിലനിര്‍ത്തി എന്ന് സ്ഥാനാര്‍ഥിനിര്‍ണയം തെളിയിച്ചു. പിന്നാക്ക-ന്യൂനപക്ഷ-അധഃസ്ഥിത കൂട്ടായ്മ എന്നൊക്കെയുള്ളത് പുറമേക്കു പറയാന്‍ മാത്രം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 131 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക