|    Mar 21 Wed, 2018 6:29 pm
FLASH NEWS

ഇലകമണ്‍ കായല്‍പുറം ജലപദ്ധതി കാര്യക്ഷമമാക്കണം

Published : 7th October 2016 | Posted By: Abbasali tf

വര്‍ക്കല: ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ ആദ്യകുടിവെള്ള പദ്ധതിയായ കായല്‍പുറം ചെറുകിട ജലപദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു. കെടാകുളം, പുതുവല്‍ പ്രദേശങ്ങള്‍ക്ക് പുറമെ സമീപപഞ്ചായത്തുകളായ ചെമ്മരുതി, പൂതക്കുളം, ഊന്നിന്‍മൂട്, എന്നിവിടങ്ങളിലും നിലവില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതി  കാര്യക്ഷമമാക്കിയാല്‍ വര്‍ക്കല മണ്ഡലത്തിലുടനീളം ജലലഭ്യത ഉറപ്പാക്കാനാവുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രദേശത്ത് സുലഭമായി ഉറവ പൊട്ടിയൊഴുകുന്ന തെളിനീരിനെ കായല്‍പുറം പമ്പ്ഹൗസില്‍ എത്തിച്ച് വീണ്ടും ഫില്‍റ്റര്‍ ചെയ്താണ് വിതരണത്തിനെത്തിക്കുന്നത്. സമീപത്തെ തരിശിടമായ ഏലായില്‍ നിന്നുള്ള വെള്ളം പമ്പ് ഹൗസില്‍ എത്തിക്കുവാന്‍ ലക്ഷങ്ങള്‍ മുടക്കി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച നീര്‍ച്ചാലിന്റെ പാര്‍ശ്വഭിത്തി തികച്ചും അശാസ്ത്രീയവും അപര്യാപ്തവുമാണെന്ന് ആക്ഷേപമുണ്ട്. കടുത്ത വേനലിലും സമൃദ്ധമായി നീരൊഴുക്കുള്ള ചാലുകളില്‍ നിന്നുള്ള വെള്ളം പാര്‍ശ്വഭിത്തി കവിഞ്ഞൊഴുകി സമീപത്തെ സ്വകാര്യ വളപ്പുകളിലും ഇടവ-നടയറക്കായലിലേക്കും ഒഴുകിപ്പോവുകയാണ്. ടാങ്കിലേക്ക് ഒഴുകിയെത്തുന്ന കൈത്തോടില്‍ ഊറ്റുകുഴി പ്രദേശത്ത് താല്‍ക്കാലിക ബണ്ട് തീര്‍ത്ത് സമീപവാസികള്‍ കുളിക്കടവ് നിര്‍മിച്ചതും ജലപദ്ധതിക്ക് തിരിച്ചടിയാണ്. ഇതുമൂലം പ്രദേശത്തെ വിവിധ നീര്‍ച്ചാലുകളില്‍ നിന്നും ഊറ്റുകുഴിയില്‍ സംഗമിക്കുന്ന ജലം ബണ്ടിനെ മറികടക്കാനാവാതെ ദിശതെറ്റി കായിലേക്ക് ഒഴുകിച്ചേരുകയാണ്.  പമ്പ് ഹൗസിന്റെ കാര്യക്ഷമതയും ടാങ്കിന്റെ വ്യാപ്തിയും വര്‍ധിപ്പിക്കാനായാല്‍ അനാവശ്യമായി ഒഴുകിപ്പോകുന്ന പരമ്പരാഗത ജലശ്രോതസ്സുകളെ കുടിവെള്ളത്തിനായി ഉപയോഗിക്കാനാകും. അതിനിടെ ആലുവിളപ്പുറം കുടിവെള്ള പദ്ധതി തകരാറിലായിരിക്കുകയാണ്.  ഇലകമണ്‍ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയില്‍പെടുന്ന ആലുവിളപ്പുറം വാട്ടര്‍ സപ്ലൈസ്‌കീമിന്റെ ടാങ്കിനോടനുബന്ധിച്ചുള്ള വാല്‍വ് തകരാറിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ടാങ്കിലെത്തുന്ന വെള്ളത്തിന്റെ വലിയപങ്കും വാല്‍വിന്റെ ചോര്‍ച്ചമൂലം ഒഴുകിപ്പോവുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും ഗ്രാമപഞ്ചായത്തോ ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റിയോ നടപടി കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഹരിഹരപുരം ആന്റ്ണി ജങ്ഷന് തെക്ക് വശത്തായാണ് വാട്ടര്‍ടാങ്ക് സ്ഥിതി ചെയ്യുന്നത്. സമീപത്തെ താഴ്ന്ന പ്രദേശമായ സംഘത്തൊടിയിലാണ് ടാങ്കിനോട് അനുബന്ധിച്ചുള്ള പമ്പ്ഹൗസ് ഉള്ളത്. നീരുറവകളാല്‍ സമ്പന്നമായ പ്രദേശമാണിവിടം. പമ്പ്ഹൗസിന് ചുറ്റുവട്ടത്തായി നാലോളം ഓവുകളുണ്ടെങ്കിലും ഇവയില്‍ രണ്ടെണ്ണം മാത്രമാണ് കുടിവെള്ള പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. സംഘത്തൊടിയിലെ നീരുറവയെ കുളിക്കടവായും സമീപവാസികല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കെടാകുളം, തോണിപ്പാറ, സെന്റ്‌തോമസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തുന്നത് ആലുവിളാപ്പുറം പദ്ധതിയില്‍ നിന്നുമാണ്. എന്നാല്‍ വേനല്‍കാലത്ത് പോലും  ഉറവ നശിക്കാത്ത ഒട്ടനവധി പരമ്പരാഗത ജലശ്രോതസ്സുകളുണ്ടെങ്കിലും ഇവയെ കുടിവെള്ളപദ്ധതികള്‍ക്കായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss