|    Oct 18 Wed, 2017 4:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറ്റലിയില്‍ ഭൂകമ്പം; 38 പേര്‍ മരിച്ചു

Published : 25th August 2016 | Posted By: SMR

റോം: മധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 38പേര്‍ മരിച്ചു. 150ഓളം പേരെ കാണാതായി. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.36ഓടു കൂടിയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വിവിധ പട്ടണങ്ങളിലെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ചില പട്ടണങ്ങള്‍ മണ്ണിനടിയിലായതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ റോമില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റോം അടക്കം മധ്യ ഇറ്റലിയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. റിയെതിക്കു സമീപം അമാര്‍തിസിലും അക്യുമോലിയിലുമാണ് കൂടുതല്‍ ആളപായവും നാശനഷ്ടവുമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 27പേര്‍ അമാര്‍തിസിലും അക്യുമോലിയിലും നിന്നുള്ളവരാണെന്നും 11പേര്‍ അര്‍ഖ്വാറ്റ, പെസ്‌കാര ഗ്രാമങ്ങളില്‍നിന്നുള്ളവരാണെന്നും സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. റോം നഗരത്തില്‍ കെട്ടിടങ്ങളില്‍ 20 സെക്കന്‍ഡ് പ്രകമ്പനം അനുഭവപ്പെട്ടു. വടക്ക് ബോലോലയ്ക്കും തെക്ക് നേപിള്‍സിനുമിടയിലുള്ള പ്രദേശങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. 80ലധികം തുടര്‍ചലനങ്ങളുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. പെസ്‌ക ഗ്രാമത്തിലെ വീടുകള്‍ മുഴുവനും തകര്‍ന്നു. ഗ്രാമം ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്ന് അര്‍ഖ്വാറ്റ മേയര്‍ അലെയാന്‍ഡ്രോ പെട്രൂഷി അറിയിച്ചു.
അര്‍ഖ്വാറ്റയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികളെ പുറത്തെടുത്തതായി അന്‍സ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കട്ടിലിനടിയില്‍ കിടന്നതിനാലാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അമാട്രിസ് പട്ടണത്തെയും ഭൂകമ്പം സാരമായി ബാധിച്ചു.
അതെസമയം, ഭൂകമ്പത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരില്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് +39 3316 406 173, + 39 3311 928 715 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക