|    Apr 19 Thu, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇറ്റലിക്ക് ജര്‍മനിയുടെ സഡന്‍ഡെത്ത്

Published : 4th July 2016 | Posted By: SMR

ബോര്‍ഡക്‌സ്: ഫൈനലിന് മുമ്പ് നടന്ന ‘ഫൈനലില്‍’ കരുത്തരായ ഇറ്റലിയെ വീഴ്ത്തി നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.
കഴിഞ്ഞ ദിവസം നടന്ന ടൂര്‍ണമെന്റിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സഡന്‍ഡെത്തിലാണ് ജര്‍മനി മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ അസൂറിപ്പടയെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി തുല്ല്യത പാലിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മല്‍സരം അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും നീങ്ങുകയായിരുന്നു.
മല്‍സരത്തിന്റെ വീറും വാശിയും ഷൂട്ടൗട്ടിലേക്കും നീങ്ങിയതോടെ വിജയികളെ കണ്ടെത്താന്‍ 18 പെനാല്‍റ്റി കിക്കുകള്‍ വേണ്ടിവന്നു. ഒടുവില്‍ അഞ്ചിനെതിരേ ആറു ഗോളുകള്‍ക്ക് അസൂറിപ്പടയെ മറികടന്ന് ജര്‍മനി സെമി ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇറ്റലിക്കെതിരേ ആദ്യമായിട്ടാണ് ജര്‍മനി ഒരു മേജര്‍ ടൂര്‍ണമെന്റില്‍ വെന്നിക്കൊടി നാട്ടുന്നത്.
നിശ്ചിത സമയത്ത് മെസ്യൂദ് ഓസിലിലൂടെ ജര്‍മനിയാണ് മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത്. 65ാം മിനിറ്റിലായിരുന്നു ഓസിലിന്റെ ഗോള്‍. എന്നാല്‍, 13 മിനിറ്റുകള്‍ക്കകം ഇറ്റലി മല്‍സരത്തില്‍ ഒപ്പമെത്തി. 78ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലിയോനാര്‍ഡോ ബൊനൂച്ചിയാണ് ഇറ്റലിയുടെ സമനില ഗോള്‍ നേടിയത്. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാനാവാതെ വന്നതോടെ മല്‍സരം അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീങ്ങി.
ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് കിക്കുകളില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി തുല്ല്യത പാലിച്ചു. ഷൂട്ടൗട്ടില്‍ ജര്‍മനിക്കു വേണ്ടി ടോണി ക്രൂസും ജൂലിയന്‍ ഡ്രാക്‌സലറും സ്‌കോര്‍ ചെയ്തപ്പോള്‍ ഇറ്റലിക്കു വേണ്ടി ലോറന്‍സോ ഇന്‍സൈനും ആന്ദ്രെ ബാര്‍സാഗിയും ലക്ഷ്യം കാണുകയായിരുന്നു. ജര്‍മന്‍ നിരയില്‍ തോമസ് മുള്ളര്‍, ഓസില്‍, ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗര്‍ എന്നിവര്‍ക്ക് ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാനായില്ല. ഇതില്‍ മുള്ളറുടെ കിക്ക് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ ഓസിലും ഷ്വാന്‍സ്‌റ്റൈഗറും കിക്ക് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.
എന്നാല്‍, ഇറ്റാലിയന്‍ നിരയില്‍ സിമോന്‍ സാസ, ഗ്രാസിയാനോ പെല്ലെ എന്നിവര്‍ കിക്ക് പുറത്തേക്കടിച്ച് പാഴാക്കിയപ്പോള്‍ ബൊനൂച്ചിയുടെ കിക്ക് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാന്വല്‍ നുയര്‍ സേവ് ചെയ്യുകയായിരുന്നു. ഇതോടെ വിജയികളെ കണ്ടെത്താനായി സഡന്‍ഡെത്ത് വേണ്ടിവന്നു.
സഡന്‍ഡെത്തിലെ ആദ്യ ആറ് കിക്കുകളും ലക്ഷ്യംകണ്ടു. ഇമാനുവല്‍ ജിയാച്ചിറിനിയും മാര്‍കോ പാറോലോയും മാറ്റിയ ഡിഷുഗിലിയേയും ഇറ്റലിയുടെ ആദ്യ മൂന്ന് കിക്കുകള്‍ വലയിലെത്തിച്ചു. ജര്‍മനിക്കു വേണ്ടി മാറ്റ് ഹമ്മല്‍സും ജോഷ്യുവ കിമ്മിച്ചും ജെറോം ബോട്ടെങുമാണ് ആദ്യ മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചത്.
എന്നാല്‍, ഇറ്റലിയുടെ നാലാം കിക്കെടുത്ത മാറ്റിയോ ഡാര്‍മിയാന്റെ ഷോട്ട് നുയര്‍ ഉജ്ജ്വലെ സേവിലൂടെ തടുത്തിട്ടു. പിന്നീട് കിക്കെടുത്ത ജോനസ് ഹെക്ടര്‍ അനായാസം പന്ത് വലയിലെത്തിച്ചതോടെ ഇറ്റലിക്കെതിരേ പുതു ചരിത്രം കുറിച്ച് ജര്‍മനി യൂറോ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സെമി ഫൈനലില്‍ ഫ്രാന്‍സ്-ഐസ്‌ലന്‍ഡ് മല്‍സരത്തിലെ ക്വാര്‍ട്ടര്‍ വിജയികളെയാണ് ജര്‍മനി എതിരിടുക.
പ്രതീക്ഷിച്ചത് പോലെ ജര്‍മനി-ഇറ്റലി പോരാട്ടം ആവേശകരമായിരുന്നു. പന്തടക്കത്തില്‍ ജര്‍മനിക്കായിരുന്നു ആധിപത്യം. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ ഓസില്‍ ഗോളിനുള്ള ആദ്യ നീക്കം നടത്തിയിരുന്നു. എന്നാല്‍, ഓസില്‍ നല്‍കിയ മനോഹരമായ ക്രോസ് ഇറ്റാലിയന്‍ പ്രതിരോധനിര ക്ലിയര്‍ ചെയ്തു.
തൊട്ടുപിന്നാലെ അലെസാന്‍ഡ്രോ ഫ്‌ളോറെന്‍സിയിലൂടെ ഇറ്റലി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും അവയ്‌ക്കൊന്നും ജര്‍മന്‍ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്താനായില്ല. 42ാം മിനിറ്റില്‍ മുള്ളറിലൂടെ ജര്‍മനിക്ക് ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍, റീബൗണ്ടിനൊടുവില്‍ ലഭിച്ച പന്ത് മുള്ളര്‍ ഷോട്ടുതീര്‍ത്തെങ്കിലും ഇറ്റാലിയന്‍ ഗോളി ബഫണ്‍ മികച്ചൊരു സേവിലൂടെ നിഷ്പ്രഭമാക്കുകയായിരുന്നു.
54ാം മിനിറ്റില്‍ മുള്ളറിന്റെ ഗോള്‍ നീക്കം ഇറ്റാലിയന്‍ പ്രതിരോധത്തില്‍ തട്ടി പരാജയപ്പെട്ടു. 65ാം മിനിറ്റില്‍ ഓസിലിലൂടെ ജര്‍മനി മുന്നിലെത്തി. മരിയോ ഗോമസ്, ഹെക്ടര്‍ എന്നിവരുടെ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഓസില്‍ അനായാസം ഗോളാക്കി മാറ്റുകയായിരുന്നു.
74ാം മിനിറ്റില്‍ ഗോളവസരം ഇറ്റാലിയന്‍ താരം പെല്ലെ നഷ്ടപ്പെടുത്തി. 77ാം മിനിറ്റില്‍ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെനാല്‍റ്റി ബോക്‌സില്‍ വച്ച് ബോട്ടെങിന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് ഇറ്റലിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത ബൊനൂച്ചി ജര്‍മന്‍ ഗോളിയെ മറികടന്ന് ഇറ്റലിക്കു വേണ്ടി സ്‌കോര്‍ ചെയ്തു.
89ാം മിനിറ്റില്‍ ഡിഷുഗിലിയേയിലൂടെ വിജയഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യംപിഴച്ചു. 90ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കണ്ടതോടെ സെമിയില്‍ ജര്‍മനിയുടെ ഹമ്മല്‍സിനിറങ്ങാനാവില്ല.
അധികസമയത്തെ 107ാം മിനിറ്റില്‍ ലഭിച്ച ഗോളവസരം ജര്‍മന്‍ താരം ജൂലിയന്‍ ഡ്രാക്‌സലര്‍ പുറത്തേക്കടിച്ച് പാഴാക്കി. അധികസമയത്തും ഇരു ടീമും അടിയറവ് പറയാന്‍ തയ്യാറാവാതെ വന്നതോടെ മല്‍സരം ഷൂട്ടൗട്ടിലേക്കും സഡന്‍ഡെത്തിലേക്കും നീങ്ങി. സഡന്‍ഡെത്തില്‍ ജര്‍നി ചരിത്രം രചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss