|    Mar 24 Fri, 2017 1:58 am
FLASH NEWS

ഇറോം ശര്‍മ്മിളക്കും ജീവിക്കാന്‍ അവകാശമില്ലേ?

Published : 13th August 2016 | Posted By: mi.ptk

imthihan-SMALLമണിപ്പൂരിന്റെ വീരപുത്രി ഇറോംശര്‍മ്മിള പതിനാറു വര്‍ഷമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിച്ചിരിക്കുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍ സാധാരണ ജീവിതത്തിന്റെ എല്ലാ സുഖങ്ങളെയും ത്യജിച്ച് മണിപ്പൂരിലെ ജനങ്ങള്‍ക്കു വേണ്ടി പേരാട്ടവീഥിയിലായിരുന്ന അവരെ നിരാഹാര സമരം നിര്‍ത്താന്‍ പ്രേരപ്പിച്ചതിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന സമരത്തിന്റെ നേര്‍ക്കുളള അധികാരിവര്‍ഗത്തിന്റെ  നിഷേധാത്മകസമീപനവും പൊതുസമൂഹത്തിന്റെ നിസംഗമനോഭാവവും തീര്‍ച്ചയായും അതിന്റെ മുഖ്യകാരണങ്ങളാണ്. അക്കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞകാലങ്ങളില്‍ ഏറെ ഉപന്യസിക്കപ്പെട്ട സ്ഥിതിക്ക് ഈ കുറിപ്പില്‍ അതിനിടം നല്‍കുന്നില്ല. എന്നാല്‍ മണിപ്പൂരിന്റെ പ്രിയ പുത്രി തന്റെ സമരത്തെ വഴിതിരിച്ചുവിടാന്‍ വ്യക്തിപരമായ ചില കാരണങ്ങള്‍ കൂടിയുണ്ടെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു സാധാരണ ജീവിതം നയിക്കാനുളള അവരുടെ ആഗ്രഹമാണ് അതില്‍ പ്രധാനം. നാല്‍പത്തിലാലുകാരിയായ അവര്‍ തന്റെ കാമുകനോടൊത്ത് ഒരു വിവാഹജീവിതവുമാഗ്രഹിക്കുന്നുണ്ടത്രെ. തങ്ങളുടെ പ്രിയപ്പെട്ട സമരനായികയുടെ തീരുമാനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തുമുളള അനുയായികളുടേയും അവരുടെ ബന്ധുക്കളുടെ തന്നെയും എതിര്‍പ്പിനിടയാക്കിയിരിക്കുന്നു.

irom-sharmila

സമരനായികയുടെ മാതാവ് പോലും അവരെ അനുകൂലിക്കുന്നില്ല. സമരലക്ഷ്യം പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രം തന്നെ വന്നു കണ്ടാല്‍ മതിയെന്നാണ് അവരുടെ നിലപാട്. ഇറോം ശര്‍മ്മിളയുടെ പ്രണയിതാവിനെ അവരെ കാണാന്‍ പോലും കുടുംബം അനുവദിക്കുന്നില്ല. നിരാഹാരസമരത്തില്‍ നിന്നൂം പിന്‍മാറിയത് തങ്ങളോടുളള വഞ്ചനയായിപ്പോലും അവരുടെ അനുയായികള്‍ കരുതുന്നു. സുരക്ഷാപ്രശ്‌നങ്ങളാല്‍ വര്‍ഷങ്ങളായി അവര്‍ താമസിക്കുന്ന ആശുപത്രിമുറിയില്‍ തന്നെ തുടര്‍ന്നും ജീവിക്കേണ്ട സാഹചര്യത്തിലാണ് അവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി ഒരു പ്രത്യേക ഘട്ടത്തില്‍ ചിലതീരുമാനങ്ങളെടുത്തു എന്നു കരുതി ഇറോം ശര്‍മ്മിളക്കോ അവരെപ്പോലുളളവര്‍ക്കോ ഒരു സാധാരണ ജീവിതം നയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നിഷേധിക്കുന്നത് നീതിയാണോ?   ഇറോം നിരാഹാരം തുടരണമെന്നാവശ്യപ്പെടുന്നവരെല്ലാം തന്നെ സാധാരണജീവിതം പൂര്‍ണാര്‍ത്ഥത്തില്‍ ആസ്വദിച്ചു കൊണ്ടാണ ്ഈ ആവശ്യം ഉന്നയിക്കുന്നത് എന്നുകൂടി ഓര്‍ക്കണം. യൗവനം പൂര്‍ണമായി പിറന്ന നാടിനു വേണ്ടി ആത്മാര്‍പ്പണം ചെയ്തത് ഇത്ര വലിയ തെറ്റാണോ?  യഥാര്‍ത്ഥത്തില്‍ ഇറോം ശര്‍മ്മിള എന്ന ഒരു വ്യക്തി അവര്‍ നടത്തിയിരുന്ന നിരാഹാരം ഏതോ കാരണത്താല്‍ അവസാനിപ്പിക്കുമ്പോഴേക്ക് ഇല്ലാതാകാന്‍ മാത്രം അരാഷ്ട്രീയമായിരുന്നോ അപ്‌സഫ വിരുദ്ധ സമരം?  എങ്കില്‍ അതിനുത്തരവാദി പതിനാറു വര്‍ഷമായി നിരാഹാര സമരത്തിലും ജയിലിലുമായി കഴിഞ്ഞ  ഇറോം ശര്‍മ്മിളയെക്കാള്‍ അവരെ ഇപ്പോള്‍ വിമര്‍ശിക്കുന്നവരല്ലേ?  ഭരണകൂടങ്ങളാലും സാമ്രാജ്യത്വശക്തികളാലും സമരങ്ങള്‍ ഹൈജാക്ക്് ചെയ്യപ്പെടുക സമയത്തിന്റെ മാത്രം പ്രശ്‌നമായ ഒരു കാലഘട്ടത്തില്‍ തികച്ചും ഏകമുഖ കേന്ദ്രീകൃതമായി ഒരു സമരം മുന്നോട്ടുകൊണ്ടുപോയവര്‍ക്ക് ശര്‍മിളയെ കല്ലെറിയുവാനെന്ത് അവകാശം?.

(Visited 917 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക