|    May 29 Mon, 2017 5:22 pm
FLASH NEWS

ഇറോം ശര്‍മിള രാഷ്ട്രീയത്തിലേക്ക്;  ആഗസ്ത് ഒമ്പതിനു നിരാഹാരസമരം നിര്‍ത്തും

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ചാനു ശര്‍മിള ഒരുങ്ങുന്നു. രാഷ്ട്രീയത്തിലിറങ്ങാനാണു തീരുമാനം. തന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ആഗസ്ത് ഒമ്പതിനു നിരാഹാരം അവസാനിപ്പിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
അടുത്തവര്‍ഷം ആദ്യത്തിലാണു മണിപ്പൂരില്‍ തിരഞ്ഞെടുപ്പ്. അഫ്‌സ്പയ്‌ക്കെതിരെയുള്ള ശര്‍മിളയുടെ നിരാഹാരസമരം ഇതിനകം അന്താരാഷ്ട്രശ്രദ്ധ നേടിയിട്ടുണ്ട്. 2000 നവംബര്‍ രണ്ടിനാണ് കവയിത്രി കൂടിയായ ഇറോം ശര്‍മിള നിരാഹാരം തുടങ്ങിയത്. ഇംഫാല്‍ വിമാനത്താവളത്തിനടുത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന 10 ഗ്രാമീണരെ സുരക്ഷാസൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഇതായിരുന്നു നിരാഹാരസമരത്തിന്റെ പശ്ചാത്തലം. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും കോടതിയും പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പോലിസ് നിരവധി തവണ കേസെടുത്തിരുന്നെങ്കിലും അവയില്‍നിന്നെല്ലാം വിമുക്തയായി. സമരം തുടങ്ങി മൂന്നാംദിവസമായിരുന്നു ആദ്യ അറസ്റ്റ്. 2006 ഒക്ടോബര്‍ രണ്ടിന് പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റിയ ശര്‍മിള ജന്തര്‍മന്ദറില്‍ സമരം തുടര്‍ന്നു. ഒക്ടോബര്‍ ആറിന് പോലിസ് അറസ്റ്റ് ചെയ്തു. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്നാണു താനും നിരാഹാരം അനുഷ്ഠിക്കുന്നതെന്നാണു ഇവരുടെ വാദം.
16 വര്‍ഷമായി മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ശര്‍മിളയ്ക്ക് ബലമായി ഭക്ഷണം നല്‍കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ വിസമ്മതിച്ചിരുന്നു. നിരാഹാരം തുടങ്ങുമ്പോള്‍ 28 ആയിരുന്നു ശര്‍മിളയുടെ പ്രായം. ഇപ്പോള്‍ 44 വയസ്സുണ്ട്. മനസ്സാക്ഷിയുടെ തടവുകാരി എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ശര്‍മിളയെ വിശേഷിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day