|    Jan 21 Sat, 2017 7:45 am
FLASH NEWS

ഇറോം ശര്‍മിളയുടെ സമരം നല്‍കുന്ന പാഠങ്ങള്‍

Published : 13th August 2016 | Posted By: SMR

ഏതാണ്ട് 16 വര്‍ഷക്കാലം ആഹാരം കഴിക്കാതെ, മുടിചീകാതെ, നഖം മുറിക്കാതെ, സ്വന്തം മാതാവിനെ ഒരുനോക്കു കാണാതെ ഉപവാസം നടത്തിപ്പോന്ന ഇറോം ശര്‍മിള തന്റെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ പലനിലയ്ക്കാണ്. ചിലര്‍ ഈ തീരുമാനത്തെ വഞ്ചനയായി ചിത്രീകരിച്ചു. വേറെ ചിലര്‍ ഐതിഹാസികമെന്നു വിശേഷിപ്പിച്ചു. ഇനിയും ചിലര്‍ രാഷ്ട്രീയത്തിലിറങ്ങാനും മണിപ്പൂര്‍ മുഖ്യമന്ത്രിയായിത്തീരാനും തനിക്കു മോഹമുണ്ടെന്ന അവരുടെ പ്രസ്താവനയെ തരംതാണ അഭിരുചിയാണെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിച്ചു. ചില തീവ്രവാദ ഗ്രൂപ്പുകളുടെ നിലപാടുകള്‍ മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ അവരുടെ ജീവനുപോലും ഭീഷണിയുണ്ട്. ഫലത്തില്‍ ഇറോം ശര്‍മിള പോവാനൊരിടമില്ലാതെ പെരുവഴിയിലാണ്. ആരും അവരെ ഏറ്റെടുക്കാന്‍ തയ്യാറില്ല. രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്ന കര്‍ശനമായ ഉപാധിയോടെ ശര്‍മിളയെ താമസിപ്പിക്കാന്‍ റെഡ്‌ക്രോസ് അധികൃതര്‍ തയ്യാറായതു മാത്രമാണ് ഈ കഥയിലെ തെളിമയാര്‍ന്ന ഒരേയൊരു വശം.
ഇറോം ശര്‍മിളയോട് സമൂഹം ഇങ്ങനെയൊരു നിലപാടാണോ കൈക്കൊള്ളേണ്ടത്? ഏറെ ത്യാഗപൂര്‍ണമായ ഒരു സമരമാണ് അവര്‍ നയിച്ചത്. അതിന് അതിന്റേതായ പ്രസക്തിയുണ്ട്. പക്ഷേ, ഉപവാസം അവസാനിപ്പിച്ച് രാഷ്ട്രീയപ്രവര്‍ത്തനം വഴി മുഖ്യധാരയിലേക്കിറങ്ങിവരാനുള്ള അവരുടെ ഉദ്ദേശ്യത്തിനുമുണ്ട് അതിന്റേതായ പ്രസക്തി. സൈന്യത്തിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുപക്ഷേ, ഇനി മുഖ്യധാരാ രാഷ്ട്രീയമായിരിക്കാം കൂടുതല്‍ ഉപകരിക്കുക. അഫ്‌സ്പ പിന്‍വലിക്കണമെന്ന തന്റെ ആവശ്യത്തില്‍ ശര്‍മിള യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അതിനാല്‍ മണിപ്പൂരിലെ ഉരുക്കുവനിത പുതിയൊരു സമരമുഖം തുറക്കുകയാണെന്ന് കരുതുന്നതായിരിക്കും ഉചിതം. ഇറോം ശര്‍മിള വിവാഹിതയാവുന്നതിനും കുടുംബജീവിതം സ്വീകരിക്കുന്നതിനും എതിരായുള്ള വികാരം രൂപപ്പെടുന്നുമുണ്ട്. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും സ്വന്തമായൊരു ജീവിതം രൂപപ്പെടുത്തിയെടുക്കുകയും ചെയ്യാനുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളാണ് ഇതുവഴി ചോദ്യംചെയ്യപ്പെടുന്നത്. ഇറോം ശര്‍മിളയുടെ ജീവത്യാഗത്തിന്റെ ചെലവില്‍ ജനകീയ ആവശ്യങ്ങള്‍ നേടിയെടുത്തേ പറ്റൂ എന്ന് നിഷ്‌കര്‍ഷിക്കാന്‍ നമുക്ക് എന്തവകാശം? അവരുടെ വ്യക്തിപരമായ തീരുമാനത്തെ വഞ്ചനയും ആവശ്യങ്ങളില്‍നിന്നുള്ള പിറകോട്ടുപോക്കുമായി ചിത്രീകരിക്കുന്നത് സങ്കടകരമാണെന്ന കാര്യത്തില്‍ സംശയമേയില്ല.
ഒരര്‍ഥത്തില്‍ ഇറോം ശര്‍മിളയുടെ ഉപവാസ സമരം എല്ലാവര്‍ക്കും സുഖകരമായ അവസ്ഥയാണ് പ്രദാനം ചെയ്തത്. ഗാന്ധിയന്‍ മാതൃകയിലുള്ള സമരമായതിനാല്‍ ഭരണകൂടത്തിനു സൊല്ലയില്ല, സമരത്തിന്റെ ലക്ഷ്യം ജ്വലിപ്പിക്കപ്പെട്ടുനില്‍ക്കുകയും ചെയ്തു. ശര്‍മിള ഉപവാസ സമരം അവസാനിപ്പിച്ചപ്പോള്‍ സ്ഥിതി മാറി. പക്ഷേ, നാം ഓര്‍ക്കേണ്ടത് ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഒരാള്‍ സ്വന്തം ജീവന്‍ ബലികൊടുക്കണം എന്ന നിഷ്‌കര്‍ഷ ഒരിക്കലും ശരിയല്ലെന്നാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക