|    Jan 17 Tue, 2017 12:50 am
FLASH NEWS

ഇറോം ശര്‍മിളയുടെ പിന്‍മാറ്റം

Published : 30th July 2016 | Posted By: SMR

ഇ ജെ  ദേവസ്യ

അഫ്‌സ്പ കരിനിയമത്തിനെതിരേയുള്ള ഒന്നര ദശാബ്ദത്തിലേറെ നീണ്ട തന്റെ നിരാഹാരസമരം അവസാനിപ്പിക്കുന്നുവെന്ന് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള പ്രഖ്യാപിക്കുമ്പോള്‍ ചിലരെങ്കിലും ‘ഞെട്ടാ’തിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇത്രകാലം സമരം നടത്തിയിട്ടും അഫ്‌സ്പ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സമരം തുടരുന്നതുകൊണ്ട് ഗുണമില്ലെന്ന് അവര്‍ തന്നെ സ്വാഭാവികമായി വ്യക്തമാക്കിയ സാഹചര്യത്തില്‍.
ഇന്ത്യ സ്വതന്ത്രയായി 10 വര്‍ഷം പിന്നിട്ടപ്പോള്‍ 1958ലാണ് പാര്‍ലമെന്റ് അഫ്‌സ്പ പട്ടാളനിയമം പാസാക്കിയത്. മണിപ്പൂര്‍, മേഘാലയ, അസം, അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളിലെ അസ്വസ്ഥബാധിത പ്രശ്‌നം നേരിടാനെന്ന പേരിലാണ് അഫ്‌സ്പ പലപ്പോഴായി ഇറക്കുമതി ചെയ്തത്. 1990ല്‍, അതായത് ഇറോം ശര്‍മിള നിരാഹാരം ആരംഭിക്കുന്നതിന് 10 വര്‍ഷം മുമ്പ് നിയമം ജമ്മുകശ്മീരിനും ബാധകമാക്കി. നേരത്തേ അഫ്‌സ്പ ബാധകമാക്കിയ സംസ്ഥാനങ്ങള്‍ക്കു പുറമേ, തോക്കിന്‍കുഴലിനു കീഴില്‍ മാത്രം സമാധാനം പുലരേണ്ടുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഇനിയുമുണ്ടെന്ന് ഭരണകൂടം കശ്മീരില്‍ അഫ്‌സ്പ പ്രയോഗിച്ചതിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഇറോം ശര്‍മിളയുടെ നിരാഹാര ആരംഭത്തിനു മുമ്പുള്ള 50 വര്‍ഷക്കാലത്തെ അഫ്‌സ്പ ബാധിത സംസ്ഥാനങ്ങളിലെ സാധാരണ ജനജീവിതം എന്തെന്ന് പറഞ്ഞുവയ്‌ക്കേണ്ടിയിരുന്ന, എന്നാല്‍ പറയാതിരിക്കുകയോ ഭാഗികമായെങ്കിലും മറച്ചുവയ്ക്കുകയോ ചെയ്തവരാണ് ഇറോം ശര്‍മിളയുടെ പുതിയ തീരുമാനത്തില്‍ തല്‍ക്കാലം ഞെട്ടാന്‍ പാടില്ലാത്തവര്‍. ഭരണകൂടത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരേയോ, പ്രശ്‌നങ്ങളായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ പ്രതികരിക്കുന്നവരെ ഒഴിവാക്കി അന്നാ ഹസാരെയും രാംദേവും ആരംഭിക്കാന്‍ പോവുന്ന നിരാഹാരത്തെപ്പറ്റി വാതോരാതെ സംസാരിച്ച മാധ്യമങ്ങളെ മഹാശ്വേതാദേവിയെ പോലുള്ളവര്‍ വിമര്‍ശിച്ചത് ഈ രാഷ്ട്രീയത്തില്‍ ഊന്നിനിന്നാണ്.
ഓര്‍ത്തുനോക്കണം. കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഈ സ്വതന്ത്ര ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നിന്നാല്‍ വെടിയുണ്ടയെ നേരിടേണ്ടിവരും. അവിടങ്ങളിലെ ഗ്രാമങ്ങളില്‍ പട്ടാളം നടത്തുന്ന കൊലപാതകങ്ങളും മര്‍ദ്ദനങ്ങളും കൂട്ടബലാല്‍സംഗങ്ങളും നിയമപരിരക്ഷയ്ക്കുള്ളില്‍ നിന്നാണ്. ഇംഫാലില്‍ ബസ് കാത്തുനിന്ന 10 പേരെ പട്ടാളം വെടിവച്ചുകൊന്നതിനെതിരേ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള ആരംഭിച്ച നിരാഹാരസമരത്തിന്റെ രാഷ്ട്രീയം ഇതെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു. എന്നാല്‍, ഇറോം ശര്‍മിളയെ പലപ്പോഴും പലരും വാര്‍ത്തയാക്കിയത് കേവലം ഒരു ഒറ്റയാള്‍ സമരക്കാരി എന്ന നിലയ്ക്കാണ്. ചില തലവാചകങ്ങള്‍ തന്നെ ധാരാളം മതി അതു സാക്ഷ്യപ്പെടുത്താന്‍. ‘ആരോഗ്യനില വഷളായി’, ‘ആശുപത്രിയിലേക്കു മാറ്റി’, ‘ഇനി ആശുപത്രി തടവറ’, ‘ട്യൂബ് മാറ്റി’, ‘ആത്മഹത്യാ കുറ്റത്തിന് കേസെടുത്തു’, ‘ഒടുവില്‍ മോചനം’ എന്ന മട്ടില്‍ എത്രയെങ്കിലും ഓര്‍ത്തെടുക്കാം.
ഇറോം ശര്‍മിളയുടെ നിരാഹാരസമരം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുകയും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിയമം പരിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു കത്തെഴുതുകയും അത് നിരസിക്കുകയും ചെയ്തിട്ടും ആ മഹത്തായ സമരത്തിന്റെ രാഷ്ട്രീയം ഇവിടെ വേണ്ടവിധം ചര്‍ച്ചയ്ക്കു വിധേയമാക്കാതിരുന്ന ബുദ്ധിജീവികളും തല്‍ക്കാലം ഞെട്ടേണ്ട കാര്യമില്ല.
എന്നാല്‍, ഇന്ത്യയിലെ സാധാരണക്കാര്‍ അല്‍പം ഞെട്ടിയാലും അദ്ഭുതപ്പെടാനില്ലാത്ത ചില വിവരങ്ങളുണ്ട്. ഇറോം ശര്‍മിളയുമായി കേന്ദ്രസര്‍ക്കാര്‍ പിന്‍വാതില്‍ ചര്‍ച്ച നടത്തിയതായുള്ള സൂചനയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നുള്ള ഇറോം ശര്‍മിളയുടെ പ്രസ്താവനയുമാണ് ആ സൂചനകള്‍.
2014ലെ തിരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികള്‍ മല്‍സരിക്കാന്‍ ക്ഷണിച്ചിട്ടും എഎപിയിലേക്ക് അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടു ക്ഷണിച്ചിട്ടും നിഷേധിച്ച ഇറോം ശര്‍മിള ഇപ്പോള്‍ മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കില്‍, നടന്നിട്ടുണ്ടാവുമെന്നു പറയപ്പെടുന്ന ആ പിന്‍വാതില്‍ ചര്‍ച്ച എന്താവും? തന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കുമെന്നാണു കരുതുന്നതെന്നും തനിക്കു പ്രതീക്ഷയുണ്ടെന്നും ശര്‍മിള അടുത്തിടെ പറഞ്ഞത് ഓര്‍ക്കണം.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്ന ഒരു രാഷ്ട്രീയ-ഭരണകൂട പരിസരത്തുനിന്ന് അത്തരം ശ്രമങ്ങള്‍ രാഷ്ട്രീയത്തിനെതിരാണെന്നു പറയുകയും അക്ബര്‍ പോലും ഈ രാജ്യം ഭരിച്ചത് മതപരമായ അടിത്തറയിലായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടുകയും ചെയ്ത നിലപാടായിരുന്നു ഇറോം ശര്‍മിളയുടേത്. മാത്രമല്ല, ജെഎന്‍യു പ്രശ്‌നങ്ങളെയും രോഹിത് വെമുലയുടെ ചെറുത്തുനില്‍പ്പുകളെയുമൊക്കെ ആവേശത്തോടെ കാണുകയും നിര്‍ഭയമായ യുവത്വത്തിന്റെ ബൗദ്ധികതയും ആശയങ്ങളും തകര്‍ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കരുതെന്ന് അടിവരയിട്ടു പറയുകയും ചെയ്ത ശര്‍മിളയുടെ ശബ്ദം കാലോചിതവും ആവേശംപകരുന്നതുമായിരുന്നു.
ജനാധിപത്യ ഇടങ്ങള്‍ കുറഞ്ഞുകുറഞ്ഞുവരുന്ന ഇന്ത്യയില്‍ സന്തോഷിക്കാനും സ്വപ്‌നം കാണാനുമുള്ള സാഹചര്യം ഇല്ലാതാവുകയാണെന്നായിരുന്നു അടുത്തകാലത്തും ഇറോം ശര്‍മിള ആശങ്കപ്പെട്ടത്. അതിന്റെ പൗരന്‍മാര്‍ സന്തോഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാരിന് അഫ്‌സ്പ പിന്‍വലിക്കാതിരിക്കാനാവില്ലെന്നും ഡല്‍ഹി കോടതിവിധി തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പറഞ്ഞ ഇറോം ശര്‍മിളയാണ് ഇനിയും സമരം തുടരുന്നത് ഗുണകരമാണെന്നു തോന്നാത്തതിനാല്‍ സമരം പിന്‍വലിക്കുന്നു എന്നു പ്രഖ്യാപിച്ചത്. തന്റെ ആവശ്യം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും മണിപ്പൂരിലെ ബിജെപി അധ്യക്ഷനെ കാണുകയും ചെയ്ത ഇറോം ശര്‍മിള ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മനസ്സിലാവുമെന്നാണു കരുതുന്നതെന്ന് അടുത്തിടെയൊരു അഭിമുഖത്തില്‍ പറഞ്ഞതും ഓര്‍ക്കണം. അഫ്‌സ്പ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച ശബ്ദത്തില്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന അവര്‍ സമരം അവസാനിപ്പിക്കുന്നതിലല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു പറയുന്നിടത്താണ് ചുരുങ്ങിയത് അഫ്‌സ്പ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെയെങ്കിലും സാധാരണക്കാര്‍ ഞെട്ടേണ്ടത്. അങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെങ്കില്‍ അവരുടെ രാഷ്ട്രീയം എന്താവും? അഫ്‌സ്പയ്ക്ക് എതിരേയുള്ള നിലപാടായിരിക്കുമോ മുദ്രാവാക്യം? നിലവിലെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുമായോ കക്ഷികളുമായോ സഹകരിക്കുമോ? അഥവാ അഫ്‌സ്പ പിന്‍വലിച്ചാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും അനുകൂലിക്കുമോ എന്നൊക്കെയുള്ളതാണ് സംശയങ്ങള്‍. കേരളത്തിലെ ആദിവാസികളുടെ ബഹുമുഖ സമരവേദികളില്‍നിന്ന് മാറി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയ സി കെ ജാനുവിന്റെ ചരിത്രമാണ് ഓര്‍മവരുന്നത്. നിരാഹാരം നിര്‍ത്തിയാലും അഫ്‌സ്പയ്‌ക്കെതിരേയുള്ള പോരാട്ടം തുടരുമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനുശേഷമുള്ള ജാനുവിന്റെ ആദിവാസി സമരങ്ങളെ ഓര്‍മിപ്പിക്കുമോ എന്നതാണു ചോദ്യം.
ചിന്തിക്കുമ്പോള്‍ ശ്വാസംമുട്ടിപ്പോവുന്ന ആ സമരകാലം ഓര്‍മയുള്ളവര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ”അയര്‍ലന്‍ഡിലെ ഗോവന്‍ വംശജനായ ദേശി കൗണ്ടിനോയുമായി ഞാന്‍ ആഴത്തില്‍ പ്രണയത്തിലാണ്. എന്റെ ദൗത്യം പൂര്‍ത്തീകരിച്ചശേഷം ലോകം ചുറ്റാന്‍ പോവുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു” എന്ന് അടുത്തിടെ ഒരു അഭിമുഖത്തിലും ”വിവാഹം കഴിക്കാനാഗ്രഹിക്കുന്നു” എന്ന് നിരാഹാരം അവസാനിപ്പിക്കല്‍ പ്രഖ്യാപനവേളയിലും അവര്‍ ചിരിച്ചുകൊണ്ടു പറഞ്ഞല്ലോ. ലോകചരിത്രം എങ്ങോട്ടൊക്കെയോ കുതിച്ചുപാഞ്ഞ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് മരണത്തിനും (ആത്മഹത്യ) തന്റെ ലക്ഷ്യത്തിനും ഇടയില്‍ നേരിയ ഒരു പ്ലാസ്റ്റിക് ട്യൂബിനെ പൊക്കിള്‍ക്കൊടിയാക്കി അവരീ ഭൂമിയുടെ മടിത്തട്ടിലെ സമരപ്പന്തലിലുണ്ടായിരുന്നല്ലോ, ആയിരങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക