|    Jan 19 Thu, 2017 7:54 am
FLASH NEWS

ഖിലാഫത് സംജ്ഞയുടെ ദുരുപയോഗം

Published : 21st July 2016 | Posted By: G.A.G

kilafat-1ഗള്‍ഫ് മേഖലയില്‍ ശക്തമായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമായി രംഗത്തു വരുവാന്‍ കഴിഞ്ഞുവെന്നതാണ് മറ്റു ചെറുത്തു നില്‍പ് മുന്നേറ്റങ്ങളില്‍നിന്നും തന്‍സീമുദ്ദൗലയെ വ്യത്യസ്തമാക്കുന്നത്. അരാജകത്വം നിറഞ്ഞ സിറിയയിലും ഇറാഖിലും സുപ്രധാനമായ പ്രദേശങ്ങളിലും 2014 പകുതിയോടെ തങ്ങളുടെ ശക്തമായ സ്വാധീനം അവര്‍ ഉറപ്പിച്ചിരുന്നു. അവയില്‍ ചില ഭാഗങ്ങളില്‍നിന്നു പിടിവിടുമ്പോള്‍ മറ്റു ചില ഭാഗങ്ങള്‍ വരുതിയില്‍ വരുത്തുന്ന പോരാട്ടം തുടരുകയാണ്.

അധിനിവിഷ്ട ശക്തികളെ ചെറുക്കാന്‍ പോരാടുന്നതിനപ്പുറം സ്വന്തമായ  ഒരു രാഷ്ട്രീയ സ്വാധീന മേഖല കെട്ടിപ്പടുക്കുക എന്നതിലായിരുന്നു അവരുടെ ഫോക്കസ്.  മേഖലയിലെ രാഷ്ട്രീയ കാലാവസ്ഥ  ഉപയോഗപ്പെടുത്തി ആവശ്യമായ തയ്യാറെടുപ്പ് അവര്‍ നടത്തിയെന്നു തോന്നുന്നു. കൃത്യമായ നിര്‍വചനമില്ലാത്തതും മുസ്‌ലിംലോകത്ത് പവിത്രമായി കണക്കാക്കപ്പെടുന്നതുമായ ഖിലാഫത് ആശയം കയ്യിലെടുത്തതാണു അവരുടെ പ്രധാന തന്ത്രങ്ങളിലൊന്ന്.

kilafat-2
ഇസ്‌ലാമിക നാഗരികതയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ദുരുപയോഗപ്പെടുത്തപ്പെട്ട രാഷ്ട്രീയ സംജ്ഞയാണ് ‘ഖിലാഫത്’. മുസ്‌ലിംസമൂഹത്തെ ഭരിക്കുന്ന രാഷ്ട്രീയ അധികാരത്തിന്റെ പേര് ‘ഖിലാഫത്’ എന്നാവണമെന്ന നിഷ്‌കര്‍ഷ ഇസ്‌ലാമിക പ്രമാണങ്ങളില്‍ എവിടെയാണുള്ളത് എന്ന ചോദ്യത്തിന്‌പോലും ചിന്ത കൊടുക്കാത്ത വൈകാരിക സമീപനമാണ് ഖിലാഫത് ആശയത്തോട് മുസ്‌ലിംകളില്‍ പലരും വച്ചുപുലര്‍ത്തുന്നത് എന്നതുതന്നെയാണ് ദുരുപയോഗത്തിന്റെ വളക്കൂറ്. ശക്തമായ ദൈവിക ബോധത്തില്‍ വേരൂന്നി ജനങ്ങള്‍ക്കിടയില്‍ നീതി ഉറപ്പു വരുത്തുവാനാണ് വിവിധ അധ്യായങ്ങളില്‍ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത് (4:135, 5:8, 57:25). എന്നാല്‍ അതിനുവേണ്ടി ഉണ്ടാക്കുന്ന സംവിധാനം ഇന്നതാവണം എന്ന നിഷ്‌കര്‍ഷയില്ല. ഖിലാഫത് സംബന്ധമായി ഉദ്ധരിക്കപ്പെടുന്ന പ്രവാചക വചനങ്ങളില്‍ പലതിന്റെയും ആധികാരികത ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അത്തരം ചര്‍ച്ചകള്‍ മാറ്റിനിര്‍ത്തിയാല്‍തന്നെ ആ വചനങ്ങളില്‍ പലതും വ്യക്തിപരമായി ചിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പ്രവാചകതിരുമേനി നല്‍കിയ മറുപടികളായിരുന്നുവെന്ന് കാണാം. സാമൂഹിക അരാചകത്വം ഏറെ ഭയപ്പെട്ടിരുന്ന ഹുദൈഫയുടെ ആശങ്കകളോടു പ്രവാചകതിരുമേനിയുടെ പ്രതികരണങ്ങള്‍ ഉദാഹരണം. ഒരു പൊതുബാധ്യതയുടെ സ്വഭാവം അത്തരം തിരുവചനകള്‍ക്ക് ഇല്ല.

പ്രവചനാത്മകമായ തിരുവചനം
തനിക്ക് ശേഷം പ്രവാചക മാതൃകയില്‍ ഖിലാഫത് സംവിധാനവും തുടര്‍ന്നു ഏകാധിപത്യം, സ്വേച്ഛാധിപത്യംപോലുള്ള സംവിധാനങ്ങളും വീണ്ടും ഖിലാഫത് സംവിധാനവും അല്ലാഹുവിന്റെ അഭീഷ്ടപ്രകാരം നടമാടും എന്നര്‍ത്ഥം വരുന്ന പ്രവചനാത്മകമായ ഒരു ഹദീസാണ് ഖിലാഫത് തിരിച്ചുവരുന്നതിനു ആധികാരികമായി പൊതുവായി ഉദ്ധരിക്കപ്പെടാറുള്ളത്. സുനനു അഹ്മദ് എന്ന ഹദീസ് ശേഖരത്തില്‍പെടുന്ന ഈ വചനത്തിന്റെ ആധികാരികത സംബന്ധമായും ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവ മാറ്റിനിര്‍ത്തിയാല്‍തന്നെയും പ്രസ്തുത ഹദീസ് മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ ബാധ്യതയുള്ള ‘മുതവാതിര്‍’ കല്‍പനയല്ലെന്നു ഹദീസ് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു. പ്രവാചകന്‌ശേഷം വന്ന നാലു ഖലീഫമാരുടെ കാലശേഷം അധികാരം കുടുംബവാഴ്ചയിലേക്ക് പോയി. ഇടക്കാലത്ത് ഉമവിയ്യ ഭരണാധികാരികളുടെ പരമ്പരയില്‍വന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന ഉമര്‍ രണ്ടാമന്‍ (രണ്ടാം ഖലീഫ ഉമറിന്റെ പൗത്രനായിരുന്നു അദ്ദേഹം) മാതൃകാപരമായ ഭരണം കാഴ്ചവെച്ചു. അത് ഖിലാഫത്തിന്റെ ആ തിരിച്ചു വരവാണ് എന്ന വിചിത്ര വ്യാഖ്യാനവും ഈ ഹദീസിനെകുറിച്ചുള്ള ചര്‍ച്ചയില്‍ ആദ്യ നൂറ്റാണ്ടുകളില്‍തന്നെ ഉയര്‍ന്നിരുന്നു. അതിനു ശേഷമുള്ള ഭരണക്രമത്തെ രക്ഷിക്കുന്ന വ്യാഖ്യാനമായിരുന്നു അത്.
പ്രവാചകന്‌ശേഷം സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത നാലു പ്രമുഖ ഖലീഫമാരുടെ കാലത്ത് അവര്‍ക്ക് അനുസരണം പ്രഖ്യാപിക്കുക എന്ന രാഷ്ട്രീയ പൊതുതീരുമാനം അംഗീകരിക്കാതെ വിട്ടുനിന്ന പ്രവാചക അനുചരര്‍ അതിന്റെ പേരില്‍ നടപടികള്‍ ഒന്നും നേരിട്ടിരുന്നില്ല. അവരെ ആരും ഇസ്‌ലാമില്‍നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചതുമില്ല. ഉദാരണത്തിനു, ഒന്നാം ഖലീഫ അബൂബകറിനു അനുസരണപ്രതിജ്ഞ കൊടുക്കാതെ മാറിനിന്ന പ്രമുഖ സ്വഹാബികള്‍ പത്തിലധികം പേരെങ്കിലുമുണ്ട്. വൈകി പിന്തുണ കൊടുത്ത അലിയെപോലുള്ളവര്‍ വേറെയുമുണ്ട്. എന്നാല്‍ അവരാരും ഭരണകൂടത്തിനെതിരെ നിലകൊണ്ടില്ല. തങ്ങളുടെ വിട്ടുനില്‍ക്കല്‍ സമൂഹത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന സാധ്യത മനസ്സിലാക്കിയ ചിലര്‍ മദീനയില്‍നിന്നു മാറിനിന്നതായും കാണാം. അന്‍സാരികളുടെ നേതാവായിരുന്ന സഅദ് ബിന്‍ ഉബാദയുടെ നിലപാട് ഉദാഹരണം.
മുസ്‌ലിം ഭരണാധികാരിയുടെ ഔദ്യോഗിക പേര് ഖലീഫ ആവണമെന്ന നിഷ്‌കര്‍ഷയും ഇസ്‌ലാമിലില്ല. പ്രവാചകതിരുമേനിയുടെ വിയോഗാനന്തരം മുസ്‌ലിം ഉമ്മത്തിന്റെ സാരഥ്യം ഏറ്റെടുത്ത അബൂബകര്‍ ഖലീഫത്തുര്‍റസൂല്‍ (തിരുദൂതരുടെ പിന്‍ഗാമി/പ്രതിനിധി) എന്ന പേരില്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്‌ശേഷം ഉത്തരവാദിത്തം ഏറ്റ ഉമറിനെ എന്തുപേരില്‍ സംബോധന ചെയ്യുമെന്ന ചര്‍ച്ച  സമൂഹത്തിലുയര്‍ന്നു. തിരുദൂതരുടെ പിന്‍ഗാമിയുടെ പിന്‍ഗാമി/പ്രതിനിധിയുടെ പ്രതിനിധി എന്ന പ്രയോഗത്തിന്റെ അപ്രസക്തിയും ഭാവിയില്‍ ആ പ്രയോഗത്തിന് വരുന്ന അര്‍ത്ഥമില്ലായ്മയും നിമിത്തം ഉമറിനെ ‘അമീറുല്‍ മുഅ്മിനീന്‍’ (വിശ്വാസികളുടെ നേതാവ്) എന്നു സംബോധന ചെയ്യുവാനുള്ള പ്രായോഗിക തീരുമാനത്തിലാണ് ആ ചര്‍ച്ച അവസാനിച്ചത്. സല്‍ഭരണത്തിന്റെ സുവര്‍ണകാലം സാധ്യമാക്കിയ നാലു പ്രവാചക ശിഷ്യരും അമീറുല്‍ മുഅ്മിനീന്‍ എന്ന പേരിലായിരുന്നു അവരുടെ സമൂഹത്തില്‍  സംബോധന ചെയ്യപ്പെട്ടത്. എന്നാല്‍ ചരിത്ര രചനയില്‍ അവര്‍ ഖുലഫാഉ റാഷിദുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. തനിക്കു ശേഷം വരുന്ന ഖുലഫാഉര്‍റാശിദുകളുടെ ചര്യ നിങ്ങള്‍ പിന്തുടരണം എന്നര്‍ത്ഥം വരുന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവ്. അവര്‍ ആരൊക്കെയാണ് എന്നു പ്രവാചകന്‍ നിര്‍ണയിച്ചിട്ടെല്ലിങ്കില്‍പോലും. പ്രവാചകതിരുമേനിയുടെ വിയോഗാനന്തരം സമൂഹത്തില്‍നിന്നും ജനാഭിപ്രായ രൂപീകരണത്തിലൂടെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ആദ്യത്തെ നാലുപേരും. അഞ്ചാമതായി ഇടക്കാല ഭരണം നടത്തിയ തിരുദൂതരുടെ പൗത്രന്‍ ഹസനെയും ചിലര്‍ ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്.

kilafat-3സുല്‍ത്താന്‍ ഖലീഫയാവുന്നു
രാജ്യഭരണം പിന്നീട് കുടുംബവാഴ്ചയിലേക്കു വഴിമാറിയപ്പോള്‍ ഖലീഫ എന്ന പവിത്ര പരികല്‍പനയുടെ സാധ്യതയും പൊതുജന സ്വീകാര്യതയും കൂടെ കൊണ്ടുനടക്കുവാന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചു. രാഷ്ട്രീയ സാമര്‍ഥ്യത്തിലൂടെ ഭരണം കയ്യാളി, നല്ല ഭരണം കാഴ്ച വച്ചു, തനിക്ക് ശേഷം തന്റെ ഉമവിയ്യ തറവാട്ടില്‍തന്നെ ഭരണം നിലനിര്‍ത്തുന്ന അവസ്ഥ സൃഷ്ടിച്ച മുആവിയ ഖലീഫതന്നെയായി അറിയപ്പെട്ടു. പ്രവാചകന്റെ അരുമ പൗത്രന്‍ ഹുസൈനെ കുടുംബസമേതം അടിവേര് മാന്തിയെടുത്ത് ചോരയില്‍ മുക്കിയ യസീദ് ബിന്‍ മുആവിയയും ഖലീഫതന്നെയായിരുന്നു. എട്ടു പതിറ്റാണ്ടിലധികം ഭരണം നിലനിര്‍ത്തിയ ഉമവിയ്യ വംശത്തിലെ ദുര്‍ബല ഭരണാധികാരികളെ അരിഞ്ഞു നശിപ്പിച്ചാണ് ബാഗ്ദാദ് കേന്ദ്രീകരിച്ചു അബ്ബാസിയ്യ ഭരണം സ്ഥാപിതമായത്. തിരുദൂതരുടെ പിതൃവ്യന്‍ അബ്ബാസ് എന്ന മഹാനായ സ്വഹാബിയില്‍ തങ്ങളുടെ ഭരണകൂടസ്ഥാപകന്‍ അബുല്‍ അബ്ബാസ് കുടുംബത്തിന്റെ ആണിയടിച്ചു. തന്റെ ഹിംസാത്മകതക്ക് അംഗീകാരം നേടിയെടുക്കുവാനാണു അദ്ദേഹം അസ്സഫാഹ് (ചോര ചിന്തുന്നവന്‍) എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചതെന്ന പരാമര്‍ശത്തില്‍ യാഥാര്‍ഥ്യം എത്രയെന്നു അളക്കുക സാധ്യമല്ലെങ്കിലും അബുല്‍ അബ്ബാസിന്റെ പ്രധാന പരിപാടി ചോരചിന്തല്‍തന്നെയായിരുന്നു. അദ്ദേഹവും സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്നുവെന്നു മറക്കരുത്. അവിടുന്നങ്ങോട്ട് മുഴുവന്‍ മുസ്‌ലിം ലോകത്തെ പ്രധാന ഭരണകൂടങ്ങള്‍ ഖലീഫ എന്ന സ്ഥാനപ്പേര്‍ നില നിര്‍ത്തുവാന്‍ ശ്രദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ തകര്‍ക്കപ്പെട്ട തുര്‍ക്കിയിലെ ഉസ്മാനിയ്യ സുല്‍ത്താന്മാര്‍വരെ ഈ കൈമാറ്റം തുടര്‍ന്നു. പലപ്പോഴും ഒരേ കാലത്ത് ഒന്നിലധികം ഖലീഫമാര്‍ നിലനിന്നു. ബാഗ്ദാദിലെ അബ്ബാസിയ്യ ഖലീഫമാരുടെ കാലത്ത്തന്നെ സ്‌പെയിനില്‍ ഉമവിയ്യ വംശത്തിന്റെ ഖിലാഫത് നിലനിന്നത് ഉദാഹരണം. രാഷ്ട്രീയമായ സംഘട്ടനങ്ങളും അസ്വാരസ്യങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഉജ്വലമായ പൊതുഭരണം കാഴ്ചവച്ച, രാഷ്ട്ര പുരോഗതിയുടെ ഉത്തുംഗതയില്‍ മുസ്‌ലിം ലോകത്തെ വാഴ്ത്തിയ പ്രജാ സ്‌നേഹികളായ ഒട്ടേറെ ഭരണാധികാരികള്‍ ഇക്കാലങ്ങളിലെല്ലാം സാന്നിദ്ധ്യമറിയിച്ചതും ചരിത്രം.
ഒന്നാം ലോക യുദ്ധത്തോടെ തുര്‍ക്കിയിലെ ഉസ്മാനിയ്യ സുല്‍ത്താനിയ്യ ഖിലാഫത്(!) തകര്‍ക്കപ്പെട്ടശേഷം മുസ്‌ലിംലോകത്ത് ഉയര്‍ന്നുകേട്ട ഖിലാഫത് പുനഃസ്ഥാപന മുറവിളിയുടെ സാധ്യത ഉപയോഗപ്പെടുത്തുവാന്‍ ചുരുങ്ങിയത് ഏഴു ശ്രമങ്ങളെങ്കിലും മുമ്പ് ഉണ്ടായിട്ടുണ്ട്. എട്ടാമത്തേതാണ് മൗസില്‍ കേന്ദ്രമായി 2014 പകുതിയോടെ ഉയിര്‍കൊണ്ട  തന്‍സീമുദ്ദൗലയുടെ ഖിലാഫത്. അഥവാ, ഖിലാഫത് എന്ന രാഷ്ട്രീയ സാധ്യത ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ച ആദ്യത്തെ വിഭാഗമല്ല തന്‍സീമുദ്ദൗല. അവസാനത്തേതാവാനും വഴിയില്ല. അവയില്‍ രാഷ്ട്രീയവും ആത്മീയവുമായ പല ഖിലാഫത്തുകള്‍ക്കും അറബ് ലോകത്തെ കഷ്ണിച്ചെടുത്ത കൊളോണിയല്‍ പ്രഭുക്കളുടെ പിന്തുണ ഉണ്ടായിരുന്നുവെന്നതും പരമാര്‍ത്ഥം. കുറച്ചു മുമ്പ് ഇതുസംബന്ധമായി തേജസില്‍ കലീം എഴുതിയ കുറിപ്പ് ഇത്തരം ശ്രമങ്ങളെ തുറന്നു കാണിക്കുന്നുണ്ട്.
2014 ലെ ഖിലാഫത് പ്രഖ്യാപന ശേഷം തന്‍സീമുദ്ദൗല  ഇറക്കിയ ‘മബാദിഉന്‍ ഫീ ഇദാറതിദ്ദൗലതില്‍ ഇസ്‌ലാമിയ്യ’ (ഇസ്‌ലാമിക രാഷ്ട്രപ്രമാണത്തിന്റെ സിദ്ധാന്തങ്ങള്‍) എന്ന ആഭ്യന്തര കരട് നയരേഖ ഈയിടെ ചില സാമൂഹ്യ മാധ്യമങ്ങള്‍വഴി പുറത്തു വന്നിരുന്നു. അബൂ അബ്ദുല്ല അല്‍മിസ്‌റി എന്നയാള്‍ തയ്യാറാക്കിയ പത്തു അധ്യായങ്ങളുള്ള ഈ 33 പേജ് രേഖയുടെ ഒന്നാം അധ്യായത്തിലെ ആദ്യവചനത്തില്‍, ഹിജ്‌റ വര്‍ഷം 1427 (2006)ല്‍ നടന്ന ഖിലാഫത് നവീകരണ പ്രഖ്യാപനം (തജ്ദീദുല്‍ ഖിലാഫ) ഒരു നിര്‍ണായക സംഭവമാണെന്ന് പറയുന്നു. സര്‍ഖാവിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മുന്നേറ്റം അദ്ദേത്തിന്റെ മരണത്തിന്റെ തൊട്ടുടനെ 2006 ല്‍ നടത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് പ്രഖ്യാപനം  ഖിലാഫത് ആയിരുന്നു എന്ന് രേഖ പറയുന്നു. ഇത് സലഫി പോരാട്ട പ്രസ്ഥാനങ്ങള്‍ക്കകത്തെ ഭിന്നതയുടെ സാഹചര്യത്തില്‍  മേല്‍ക്കോയ്മ തങ്ങള്‍ക്കാണെന്നു വരുത്തുവാന്‍ വേണ്ടിയാവണം. ഒരൊറ്റ നേതൃത്വത്തിന് കീഴില്‍  പോരാട്ടങ്ങള്‍ ഏകീകരിക്കുവാനുള്ള ഒരു സംവിധാനത്തിന്റെ കുറവ് നികത്തുവാനാണ്  ഈ സംരംഭം ഉണ്ടായതെന്നും തുടര്‍ന്ന് പറയുന്നുണ്ട്. ഒരു നേതൃത്വത്തിന് കീഴില്‍ പോരാട്ടങ്ങള്‍ ഏകീകരിക്കലാണോ ഖിലാഫത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന വേറൊരു ചോദ്യം ഇതോടെ ഉയരുകയായി.
ഏക നേതൃത്വം എന്നതാണ് ഖിലാഫത്‌കൊണ്ടു വിവക്ഷിക്കപ്പെടുന്നത് എന്ന ബോധത്തോടെ, തങ്ങളുടെ പ്രാദേശിക രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ആ സംജ്ഞ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചവര്‍ മുന്‍കാലങ്ങളിലും ആധുനിക നൂറ്റാണ്ടുകളിലും ഉണ്ടായിരുന്നു. അഫ്ഗാന്‍ വിമോചനശേഷം കാന്ധഹാര്‍ കേന്ദ്രീകരിച്ചു ഭരണകൂടം സ്ഥാപിച്ച താലിബാന്‍ തങ്ങളുടെ സംവിധാനത്തെ ഇമാറത് എന്നാണ് വിളിച്ചത്. തന്‍സീമുദ്ദൗലയുടെ അഫ്ഗാന്‍ ഘടകം (വിലായത്) ഇപ്പോള്‍ തങ്ങളുടെ മുഖ്യശത്രുവായി കണക്കാക്കുന്നതും നേരിടുന്നതും താലിബാനെയാണ്. തന്‍സീമുദ്ദൗലയുടെ മൗസില്‍ ഖിലാഫത്തിന് സമാന്തരമായി സിറിയയിലെ വടക്ക് ഇദ്‌ലിബ് പ്രദേശത്തും ചില വടക്കുകിഴക്ക് പ്രദേശങ്ങളും കേന്ദ്രീകരിച്ചു, അല്‍ഖാഇദ ബന്ധമുള്ള ജബ്ഹത്തുനുസ്‌റയുടെ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന പുതിയ പ്രാദേശികഭരണകൂടവും ഇമാറത്‌കൊണ്ടു തൃപ്തിപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഖിലാഫത്തിന് നേര്‍ ഭീഷണിയായ ഈ ഇമാറത്തിന്റെ തകര്‍ച്ചയില്‍ തന്‍സീമുദ്ദൗലയും കൊലയാളിയായ ബശ്ശാറുല്‍ അസദിനോടൊപ്പം സന്തോഷിക്കുന്നത് കാണാം. നേരത്തെ പരാമര്‍ശിച്ച ആഭ്യന്തര നയരേഖ ഒന്നിലധികം സ്ഥലങ്ങളില്‍ ഈ സമാന്തര ഇമാറാത്തിനേയും അതിന്റെ നേതൃത്വത്തെയും പേരെടുത്തു വിമര്‍ശിക്കുന്നുമുണ്ട്.                   ി
(അവസാനിക്കുന്നില്ല).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 423 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക