|    Jul 23 Mon, 2018 11:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍ മധ്യദൂര മിസൈല്‍ പരീക്ഷിച്ചു

Published : 24th September 2017 | Posted By: fsq

 

തെഹ്‌റാന്‍: ഇറാന്‍ 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. തലസ്ഥാനമായ തെഹ്‌റാനില്‍ കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡില്‍  പ്രദര്‍ശിപ്പിച്ച ഖൊറാംശഹ്ര്‍ മധ്യദൂര മിസൈലാണ് പരീക്ഷിച്ചതെന്ന്്് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു. പരീക്ഷണത്തിന്റെയും സൈനിക പരേഡിന്റെയും ദൃശ്യങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തു. യുഎസിന്് നേരിട്ടു വെല്ലുവിളിയുയര്‍ത്തുന്നതാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുന്നതിനുള്ള ബില്ലിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാവുന്നവരും അവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും യുഎസ് ഉപരോധത്തിന്റെ പരിധിയില്‍ വരും. ഖൊറാംശഹ്ര്‍ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരായ നിയന്ത്രണങ്ങള്‍ യുഎസ് കടുപ്പിക്കാനാണു സാധ്യത. 2015ലെ ആണവകരാറിലെ നിബന്ധനകള്‍ ഇറാന്‍ ലംഘിക്കുന്നതായി ആരോപിച്ച ട്രംപ്, കരാറില്‍നിന്നു പിന്നോട്ടു പോവുമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍, മിസൈലുകള്‍ കരാര്‍പ്രകാരം ആണ്വായുധങ്ങളുടെ പരിധിയില്‍ വരില്ലെന്ന്് യുഎസിന്റെ ആരോപണങ്ങളോട് ഇറാന്‍ പ്രതികരിച്ചു. മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവയ്ക്കില്ലെന്നും അവ ശക്തമാക്കാനുദ്ദേശിക്കുന്നതായും സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിരുന്നു. സൈനികശേഷി വര്‍ധിപ്പിക്കാന്‍ പോവുകയാണെന്നും അതു പ്രതിരോധത്തിന് അത്യാവശ്യമാണെന്നും റൂഹാനി പറഞ്ഞു. മിസൈല്‍ ശേഷി മാത്രമല്ല വ്യോമ, കര, നാവിക സേനകളുടെയും ശേഷി വര്‍ധിപ്പിക്കും. അതിന് ആരുടെയും അനുവാദം ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss