|    Jun 24 Sun, 2018 10:21 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇറാന്‍ തിരഞ്ഞെടുപ്പിന്റെ സൂചനകള്‍

Published : 15th March 2016 | Posted By: SMR

slug-ck-abdullaപശ്ചിമേഷ്യയിലെ ശ്രദ്ധേയമായ സമീപകാല സംഭവങ്ങളിലൊന്നായിരുന്നു ഇറാനില്‍ ഫെബ്രുവരി 26നു നടന്ന പൊതുതിരഞ്ഞെടുപ്പ്. 10ാം പാര്‍ലമെന്റിലേക്കും അഞ്ചാം വിദഗ്ധ പ്രതിനിധിസഭയിലേക്കും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യോല്‍സവത്തില്‍ അഞ്ചു കോടിയിലധികം വരുന്ന സമ്മതിദായകരില്‍ 62 ശതമാനത്തോളം പേര്‍ പങ്കുകൊണ്ടു. 290 അംഗ പാര്‍ലമെന്റിലേക്ക് നാലു വര്‍ഷത്തിലൊരിക്കലും 88 അംഗ വിദഗ്ധ പ്രതിനിധിസഭയിലേക്ക് എട്ടു വര്‍ഷം കൂടുമ്പോഴുമാണ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. സര്‍ക്കാരിന്റെ നയരൂപീകരണവും നിയമനിര്‍മാണങ്ങളും പാര്‍ലമെന്റ് ഇടപെടലുകള്‍ക്കു വിധേയമാണ്. അതിനാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ജനകീയ താല്‍പര്യം കൂടും. എന്നാല്‍, വിദഗ്ധ പ്രതിനിധിസഭ വ്യത്യസ്തമായ ഒരു സംവിധാനമാണ്. രാജ്യത്തിന്റെ പരമോന്നത നേതാവിനെ (സുപ്രിം ലീഡര്‍) നിയമിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും ഉപദേശങ്ങളും നല്‍കുകയും ചെയ്യലാണ് ഈ സഭയുടെ ചുമതല. നിലവിലെ പരമാധികാരി മരണപ്പെടുമ്പോള്‍ മാത്രമേ ഒരു പിന്‍ഗാമിയെ കാണേണ്ടതുള്ളൂ.
ഇറാനു മേല്‍ 37 വര്‍ഷം നീണ്ടുനിന്ന ഉപരോധം നീങ്ങിക്കിട്ടുകയും പടിഞ്ഞാറുമായി സഹകരിച്ചുണ്ടാക്കിയ ആണവകരാര്‍ വിജയിക്കുകയും ചെയ്ത ഉടനെ നടക്കുന്ന പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകതയുണ്ട് ഇത്തവണ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇല്ലാത്തതും വ്യക്തികള്‍ക്കപ്പുറം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുള്ളതുമായ പശ്ചാത്തലത്തില്‍ നിലപാടുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ സഖ്യങ്ങളാണ് ഗോദയിലിറങ്ങുക. പരമ്പരാഗത യാഥാസ്ഥിതിക ബ്ലോക്കും പരിഷ്‌കരണവാദി ബ്ലോക്കും തമ്മിലാണ് പ്രധാന മല്‍സരം. ഇരുപക്ഷത്തേക്കും ആടാവുന്ന സ്വതന്ത്രരുമുണ്ടാവും.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യതയില്‍ ശ്രദ്ധേയമായ ഘടകം സാരഥികളുടെ വിദ്യാഭ്യാസനിലവാരമാണ്. ഇറാനിയന്‍ പൗരത്വം, വ്യവസ്ഥിതിയോടുള്ള ബഹുമാനം, ഭരണഘടനാ പ്രതിബദ്ധത എന്നിവയ്ക്ക് പുറമേ, ചുരുങ്ങിയത് ബിരുദാനന്തര ബിരുദമുള്ളവര്‍ക്കേ ഇരു സമിതികളിലേക്കും മല്‍സരിക്കാനാവൂ. വിദഗ്ധസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഉന്നത മതപാണ്ഡിത്യവും അനിവാര്യം. സാരഥികളുടെ യോഗ്യതയില്‍ തീരുമാനമെടുക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ പരമോന്നത നേതാവ് നേരിട്ടു നിയമിക്കുന്ന 12 വിദഗ്ധരടങ്ങുന്നതാണ്. അതില്‍ യാഥാസ്ഥിതികര്‍ പിടിമുറുക്കിയതിനാലാണ് തങ്ങളുടെ മിക്ക സാരഥികളും തള്ളപ്പെടുന്നതെന്ന് പരിഷ്‌കരണവാദികളുടെ സ്ഥിരം ആരോപണമാണ്. ഈ തള്ളല്‍ മറികടക്കാന്‍ ഇത്തവണ അവര്‍ മോഡറേറ്റുകളുമായി ചേര്‍ന്ന് സംയുക്ത ഹോപ് ലിസ്റ്റ് സഖ്യം രൂപീകരിച്ച് സാരഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചു. എന്നിട്ടും സ്ഥാനാര്‍ഥികളില്‍ പകുതിയോളം പേര്‍ തള്ളിപ്പോയി. ഇസ്‌ലാമിക് റിപബ്ലിക് സ്ഥാപകനേതാവ് ഇമാം ഖുമൈനിയുടെ രണ്ടു പേരമക്കള്‍ തള്ളപ്പെട്ടവരില്‍ പെടുന്നു. പാര്‍ലമെന്റിലേക്ക് മല്‍സരിച്ച അലി മുര്‍തദയും വിദഗ്ധസമിതിയിലേക്കു മല്‍സരിച്ച ഹസന്‍ ഖുമൈനിയും പരിഷ്‌കരണവാദികളാണ്.
റിപബ്ലിക്കായതു മുതലിന്നോളം അധിക കാലവും പാര്‍ലമെന്റില്‍ യാഥാസ്ഥിതിക മേധാവിത്വമാണ് പ്രകടമായിരുന്നത്. പരിഷ്‌കരണവാദികള്‍ വിജയിച്ചാല്‍പ്പോലും ഭരണസ്ഥാപനങ്ങളിലും നീതിന്യായവകുപ്പിലും പൊതുവെ യാഥാസ്ഥിതിക വിഭാഗത്തിന് മേല്‍ക്കൈയുള്ളതിനാല്‍ കാര്യമായ പരിഷ്‌കരണപ്രക്രിയകളൊന്നും നടക്കാറില്ല. എന്നാല്‍, ഈ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ മാറുകയാണെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഫലപ്രഖ്യാപനം വന്ന 221 സീറ്റുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി, മുന്‍ പ്രസിഡന്റുമാരായ ഹാശ്മി റഫ്‌സഞ്ചാനി, മുഹമ്മദ് ഖാതമി തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്ന പരിഷ്‌കരണവാദികളുടെ ഹോപ് ലിസ്റ്റ് ബ്ലോക്ക് 83 സീറ്റ് നേടി. 2011ലേതിനേക്കാള്‍ 51 സീറ്റ് അവര്‍ക്ക് കൂടിയപ്പോള്‍ മുന്‍ പ്രസിഡന്റ്അഹ്മദി നജാദ് നയിക്കുന്ന യാഥാസ്ഥിതിക (പ്രിന്‍സിപ്പലിസ്റ്റ്) ബ്ലോക്കിന് 93 സീറ്റ് നഷ്ടപ്പെട്ട്, 75 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിജയിച്ച 58 സ്വതന്ത്രരില്‍ കുറേപേര്‍ തങ്ങളുടെ കൂടെ നില്‍ക്കുമെന്നാണു പരിഷ്‌കരണവാദികളുടെ അവകാശവാദം. എന്നാല്‍, 69 സീറ്റുകളില്‍ വൈകാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതോടെ പാര്‍ലമെന്റില്‍ തങ്ങള്‍ക്കു തന്നെയാവും മുന്‍തൂക്കമെന്നു യാഥാസ്ഥിതികര്‍ വാദിക്കുന്നു.
തലസ്ഥാന നഗരിയായ തെഹ്‌റാനില്‍ പതിവിനു വിപരീതമായി യാഥാസ്ഥിതിക വിഭാഗത്തെ തറപറ്റിച്ച് 30 സീറ്റും പരിഷ്‌കരണ വാദികള്‍ കൊണ്ടുപോയതാണ് ഏറ്റവും ശ്രദ്ധേയം. മുന്‍ സ്പീക്കര്‍ അലി ലാറിജാനിയെ ആണവകരാര്‍ വിഷയത്തിലെ അഭിപ്രായവ്യത്യാസം നിമിത്തം യാഥാസ്ഥിതികവിഭാഗം പുറന്തള്ളിയപ്പോള്‍ അദ്ദേഹം ഖുമൈനിയുടെ ജന്മസ്ഥലമായ ഖും മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി വിജയിച്ചത് പരിഷ്‌കരണവാദികളുടെ പിന്തുണയോടെയായിരുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുടെ ഇടപെടല്‍ പരിഷ്‌കരണവാദികളുടെ വിജയത്തിന് ഏറെ സഹായകമായി. പൊതുപരിപാടികളും മാധ്യമ അഭിമുഖങ്ങളും വിലക്കപ്പെട്ട് ഭാഗിക വീട്ടുതടങ്കലില്‍ കഴിയുന്ന ഇദ്ദേഹം തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വിലക്കു ലംഘിച്ച് സോഷ്യല്‍ മീഡിയ വഴി ഹോപ്‌ലിസ്റ്റിന് വേണ്ടി കാംപയിന്‍ ചെയ്തു. പാര്‍ലമെന്റില്‍ യാഥാസ്ഥിതികര്‍ക്ക് ഏറ്റ പരാജയം സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങള്‍ അനായാസകരമാക്കുമെന്ന് റൂഹാനി പക്ഷം കണക്കുകൂട്ടുന്നു. ഉപരോധം നീങ്ങിയ സാഹചര്യത്തില്‍ നേരിട്ട് വിദേശ (പാശ്ചാത്യ) നിക്ഷേപം കൊണ്ടുവരാനുള്ള റൂഹാനിയുടെ നീക്കത്തിന് പാര്‍ലമെന്റില്‍ എതിര്‍പ്പ് കുറയും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൂഹാനിയുടെ രണ്ടാമൂഴം അനായാസകരമാക്കുമെന്നു കൂടി പരിഷ്‌കരണപക്ഷം കണക്കുകൂട്ടുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പേരില്‍ വകുപ്പുമന്ത്രി അലി തായെബ്‌നിയെ കഴിഞ്ഞ പാര്‍ലമെന്റില്‍ മൂന്നു തവണ യാഥാസ്ഥിതിക എംപിമാര്‍ ഇംപീച്ച് ചെയ്തിരുന്നു. അതിനു പ്രമേയം കൊണ്ടുവന്ന മൂന്ന് എംപിമാരും ഇത്തവണ തെഹ്‌റാനില്‍ തോറ്റതും ശ്രദ്ധേയമായി. വിദഗ്ധ പ്രതിനിധിസഭയില്‍ യാഥാസ്ഥിതികര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെങ്കിലും പരിഷ്‌കരണവാദികള്‍ തെഹ്‌റാനിലെ 16 സീറ്റുകളില്‍ 15ഉം നേടി ശക്തമായ മുന്നേറ്റം നടത്തി.
തിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയ ഘടകം വനിതാ മുന്നേറ്റമാണ്. കഴിഞ്ഞ പാര്‍ലമെന്റില്‍ ഒമ്പതു വനിതകളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പു കൂടി കഴിയുന്നതോടെ 22 അംഗങ്ങള്‍ ഉണ്ടാവുമെന്നു കണക്കാക്കപ്പെടുന്നു. ഇതുവരെ വിജയിച്ച 16 വനിതകളില്‍ 15 പേരും പരിഷ്‌കരണപക്ഷക്കാരാണ്. തെഹ്‌റാനില്‍നിന്ന് വിജയിച്ച എട്ട് വനിതാ എംപിമാരില്‍ ഒരാള്‍പോലും യാഥാസ്ഥിതികപക്ഷത്തില്ല. ഉന്നത വിദ്യാഭ്യാസവും ഗവേഷണപാടവവുമുള്ള ഈ മോഡറേറ്റ് പ്രതീകങ്ങള്‍ ആഭ്യന്തര പരിഷ്‌കരണങ്ങള്‍ക്ക് ആക്കംകൂട്ടുമെന്നാണ് അമേരിക്കന്‍ ഇറാനികളുടെ പ്രതീക്ഷ. 2014ല്‍ തെഹ്‌റാനില്‍ നടന്ന അന്താരാഷ്ട്ര ഹാന്‍ഡ്‌ബോള്‍ മല്‍സരം നേരിട്ട് വീക്ഷിക്കാന്‍ സ്ത്രീകളെ അനുവദിക്കരുതെന്ന യാഥാസ്ഥിതികവാദത്തെ പാര്‍ലമെന്റില്‍ അനുകൂലിച്ച ഫാതിമ ആലിയയെ തോല്‍പിച്ചതില്‍ പരിഷ്‌കരണവാദികള്‍ ഊറ്റംകൊള്ളുന്നുണ്ട്. എന്നാല്‍, വിദഗ്ധ പ്രതിനിധിസഭയിലേക്കുള്ള മല്‍സരത്തില്‍ വനിതകള്‍ ഇത്തവണയും തഴയപ്പെട്ടു.
ആണവകരാര്‍ വിജയത്തിന്റെ മറപിടിച്ച് ഇറാന്‍ തിരഞ്ഞെടുപ്പില്‍ ഒച്ചപ്പാടുകളുണ്ടാക്കാതെ അമേരിക്കന്‍ ഇടപെടല്‍ സാധിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 2009ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് മുന്‍ പ്രധാനമന്ത്രി മീര്‍ മൂസവിയെ രംഗത്തിറക്കി ഗ്രീന്‍ മൂവ്‌മെന്റ് എന്ന ബാനറില്‍ നടത്തിയ ഇടപെടല്‍ശ്രമം വിപ്ലവ ഗാര്‍ഡ് ഇടപെട്ടു തകര്‍ത്തതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായ മൂസവി ഇപ്പോഴും മോചിതനായിട്ടില്ല. 35 ലക്ഷത്തിലധികം ഇറാനികള്‍ ജീവിക്കുന്ന അമേരിക്കയില്‍ നാലു ലക്ഷം കോടി ഡോളര്‍ ആസ്തിയടങ്ങുന്ന ലോബിയുണ്ട്. സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ അവരുടെ ശക്തമായ സ്വാധീനമുണ്ട്. കൂടുതല്‍ വനിതകളെ മല്‍സര രംഗത്തിറക്കിയതില്‍ ഈ ലോബിയുടെ കൈയുണ്ടായിരുന്നു. ജയിച്ച വനിതാ എംപിമാരില്‍ ചിലര്‍ അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരാണെന്ന് ആഹ്ലാദത്തോടെ ചര്‍ച്ചചെയ്തിരുന്നു ഈ ലോബി നിയന്ത്രിക്കുന്ന ‘അല്‍മോണിട്ടര്‍.’
അറബ് ലോകത്തെ ഇടപെടല്‍ ശ്രമങ്ങളില്‍ പെട്ടെന്നൊരു മാറ്റം ഇറാന്റെ ഭാഗത്തുനിന്ന് ഉടനെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അല്‍ ഫിക്ര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘ഗള്‍ഫ് മേഖലയിലെ ഇറാന്‍ ലക്ഷ്യങ്ങള്‍’ എന്ന പഠനം സൂചിപ്പിക്കുന്നത്. യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള കലഹമെല്ലാം ഇറാന്റെ ആഭ്യന്തര ഘടകങ്ങളാണ്. പലപ്പോഴും പുറംലോകത്തിന്റെ ശ്രദ്ധതിരിക്കാനുള്ള വെറും നാടകങ്ങളും. ആണവകരാര്‍ ചര്‍ച്ചാ വേളകളില്‍ പരമോന്നത നേതാവ് അമേരിക്കയുമായുള്ള ചര്‍ച്ച നിരുല്‍സാഹപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരുന്നതും യാഥാസ്ഥിതികവിഭാഗം തെരുവില്‍ അമേരിക്കന്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതുമെല്ലാം ചില ടാക്റ്റിക്കുകളായിരുന്നു. യഥാര്‍ഥത്തില്‍, ഖാംനഇയുമായി വളരെ അടുത്ത ബന്ധമുള്ള റൂഹാനി അദ്ദേഹവുമായി കൂടിയാലോചിക്കാതെ ഒരു നീക്കവും നടത്തിയിരുന്നില്ല. പരിഷ്‌കരണവാദികള്‍ക്ക് ഭരണസ്വാധീനം വര്‍ധിക്കുന്നതോടെ പരമോന്നത നേതാവ് നേരിട്ട് നിയന്ത്രിക്കുന്ന വിദേശനയത്തിലും വിപ്ലവ ഗാര്‍ഡിന്റെ പ്രധാന ദൗത്യമായ വിപ്ലവ കയറ്റുമതിയിലും ഇറാന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള പരിഷ്‌കരണങ്ങള്‍ വരുമെന്നു മാത്രം പ്രതീക്ഷിച്ചാല്‍ മതി. ആണവകരാര്‍ വിജയത്തെ തുടര്‍ന്ന് ഒരുതരം പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്വഭാവം പ്രകടമാക്കുന്ന ഇറാന്‍ അറബ് ലോകത്തുള്ള താല്‍പര്യങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ സൗഹൃദം ഉപയോഗപ്പെടുത്തിയേക്കുമെന്ന ഭീതിയാണ് അറബ് രാഷ്ട്രീയനിരീക്ഷകര്‍ പ്രകടിപ്പിക്കുന്നത്. മേഖലയില്‍ പരസ്പര സംഘര്‍ഷം ഒഴിവാക്കി സഹകരിച്ചുള്ള ‘ഷെയറിങിന്’ സൗദിയും ഇറാനും തയ്യാറാവണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഉപദേശിച്ചത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
അറബ് ലോകത്തെ താല്‍പര്യങ്ങളില്‍ നേരത്തേ നിലനിന്നിരുന്ന അമേരിക്കന്‍-ഇറാന്‍ രഹസ്യ സഹകരണങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുന്നുമുണ്ട്. 2003ലെ ഇറാഖ് അധിനിവേശത്തിനും ശേഷമുണ്ടായ ഇറാഖ് ഭരണത്തിലും അമേരിക്ക ഇറാനുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് അധിനിവേശാനന്തരം ഇറാഖില്‍ അമേരിക്കന്‍ അംബാസഡറായിരുന്ന അഫ്ഗാന്‍ വംശജന്‍ സെല്‍മായ് ഖലീല്‍ സാദ് എന്ന റിട്ടയേര്‍ഡ് ഡിപ്ലോമാറ്റ് ഈയിടെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണാര്‍ഥം പുറത്തുവിട്ടിരുന്നു. അന്നത്തെ ഇറാനിയന്‍ ഫോക്കല്‍ പോയന്റ് പരിഷ്‌കരണവാദികളുടെ പ്രതീകമായ ആണവകരാര്‍ ഫെയിം വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആയിരുന്നുവെന്നോര്‍ക്കുക.
ഇറാന്‍ തിരഞ്ഞെടുപ്പ് ഫലം ഇസ്രായേല്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത് ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. അറബ് ലോകത്തെ മാധ്യമങ്ങള്‍ ഇറാന്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ഉദാസീന റിപോര്‍ട്ടുകള്‍ മാത്രം കൊടുത്തപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ഇസ്രായേല്‍ മാധ്യമങ്ങള്‍ അമേരിക്കന്‍ സ്വാധീനമുള്ള ലോബി ഇറാനില്‍ പിടിമുറുക്കുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. അറബ് ലോകത്തെ ഇറാന്‍ ഇടപെടലില്‍ തങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നുവരെ ചില ഇസ്രായേലി മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. സിറിയയില്‍ ബശ്ശാറുല്‍ അസദിനു വേണ്ടി നേരിട്ട് പൊരുതിയിരുന്ന വിപ്ലവ ഗാര്‍ഡ് നേതാവ് ഖാസിം സുലൈമാനിയുടെ അല്‍ഖുദ്‌സ് സൈന്യം തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് രഹസ്യമായി പിന്‍വാങ്ങിയത് ഈ പിടിമുറുക്കത്തിന്റെ ഉദാഹരണമായി അവര്‍ എടുത്തുകാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss