|    Nov 19 Mon, 2018 11:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാനെതിരേ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാനൊരുങ്ങി യുഎസ്‌

Published : 4th November 2018 | Posted By: kasim kzm

മോസ്‌കോ: 2015ലെ ആണവ കരാര്‍ പ്രകാരം പിന്‍വലിച്ച ഇറാനെതിരായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാനൊരുങ്ങി യുഎസ്. ഇറാനെയും ഇറാനുമായി വ്യാപാരബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ടാണു യുഎസിന്റെ നീക്കം.
എന്നാല്‍ ഇറാനുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ നേരിടേണ്ടിവരുന്ന നടപടികളില്‍ നിന്ന് ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയുമടക്കം എട്ട് രാജ്യങ്ങള്‍ക്കു യുഎസ് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ ഇറാനുമായുള്ള വ്യാപാരം ഈ രാജ്യങ്ങള്‍ അവസാനിപ്പിക്കുമെന്ന ധാരണയിലാണു ഇളവ് നല്‍കുന്നതെന്ന് യുഎസ് വ്യക്തമാക്കി. ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന്് ഇറക്കുമതി ചെയ്യാവുന്ന എണ്ണ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന പരിധിയും യുഎസ് നിശ്ചയിക്കും. ഇറാന്‍ ഉപരോധ പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഇക്കാര്യവും പ്രഖ്യാപിക്കുക. പരിധിയില്‍ കൂടുതല്‍ ഇറക്കുമതി തുടര്‍ന്നാല്‍ താല്‍ക്കാലിക ഇളവ് യുഎസ് അവസാനിപ്പിക്കും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ക്രമേണ കുറച്ചുകൊണ്ടുവന്ന് അവസാനിപ്പിക്കാനുള്ള നിര്‍ദേശമാവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മുമ്പിയില്‍ യുഎസ് കൊണ്ടുവരിക. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയെ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഎസുമായി ചൈന ചര്‍ച്ചകള്‍ തുടരുകയാണ്.
ഉപരോധ നീക്കം യുഎസിന്റെ മാന്യതയ്ക്കും ഉദാര ജനാധിപത്യത്തിനും കളങ്കമാവുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചു. യുഎസും ഇറാനുമായുള്ള ബലാബലം 40 വര്‍ഷമായി തുടരുകയാണെന്നും ഇക്കാലത്തിനിടെ തങ്ങള്‍ക്കെതിരേ നിരവധി നടപടികള്‍ യുഎസ് സ്വീകരിച്ചതായും ഖാംനഈ പ്രതികരിച്ചു. സാമ്പത്തികമായും സൈനികമായും മാധ്യമയുദ്ധങ്ങളിലൂടെയും യുഎസ് തങ്ങള്‍ക്കെതിരേ നീക്കങ്ങള്‍ നടത്തിയെന്നും ഖാംനഈ ട്വീറ്റ് ചെയ്തു. പുതിയ യുഎസ് പ്രസിഡന്റ് ആ രാജ്യത്തിന്റെ മാന്യതയെ കളങ്കപ്പെടുത്തുകയാണെന്നും ഇന്ന് അമേരിക്ക വളരെ ദുര്‍ബലരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഈ വര്‍ഷം മെയില്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. തുടര്‍ന്നു ഘട്ടംഘട്ടമായി ഉപരോധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുഎസ് തുടര്‍ന്നു വരികയാണ്. യുഎസ് ഉപരോധം മറികടക്കാന്‍ ഇറാനെ സഹായിക്കുമെന്നു റഷ്യ പ്രതികരിച്ചു. യുഎസ് ഉപരോധം നിയമ വിരുദ്ധമാണെന്നും ഇറാനുമായുള്ള എണ്ണവ്യാപാര ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതു തുടരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss