|    Nov 18 Sun, 2018 1:21 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇറാനു നേരെ അമേരിക്കന്‍ ഭീകരത

Published : 6th November 2018 | Posted By: kasim kzm

2015ലാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും യൂറോപ്യന്‍ നേതാക്കളുമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഇറാനുമായി ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവച്ചത്. ഇറാന്റെ സാമ്പത്തിക വികസനത്തിന് അന്താരാഷ്ട്ര സഹായം ലഭ്യമാക്കുന്നതിനു പകരമായി ആണവ സമ്പുഷ്ടീകരണ നടപടികളില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങണം എന്നായിരുന്നു കരാറിന്റെ കാതല്‍. രണ്ടു പക്ഷവും അത് അംഗീകരിച്ച് നടപടികള്‍ കൈക്കൊള്ളാനും ആരംഭിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റത് ഇറാനുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. അമേരിക്കന്‍ സഖ്യരാജ്യങ്ങളും കരാറില്‍ പങ്കാളികളുമായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ പിന്നീട് പല തവണ നടത്തിയ അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ചുകൊണ്ട് കരാറില്‍ നിന്നു പിന്‍വാങ്ങാനുള്ള തീരുമാനം ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ ഇറാനെതിരേ സ്വീകരിച്ച വ്യാപാര നിരോധന നടപടികള്‍ പുനഃസ്ഥാപിക്കുമെന്നും അമേരിക്ക പ്രഖ്യാപിക്കുകയുണ്ടായി. തിങ്കളാഴ്ച മുതല്‍ ഇറാന്‍ വിരുദ്ധ വ്യാപാര നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുകയാണ്.
തീര്‍ത്തും ഏകപക്ഷീയവും അന്താരാഷ്ട്ര മര്യാദകളുടെ പൂര്‍ണ ലംഘനവുമാണ് അമേരിക്കന്‍ നടപടികള്‍ എന്നു ലോകനേതാക്കള്‍ പൊതുവേ അംഗീകരിക്കുന്നു. ഇത്തരം നടപടികള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂനിയനും റഷ്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഇറാനുമായി നിരവധി നിയമാനുസൃത കരാറുകളില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ അവിടെ നിക്ഷേപം നടത്താനും അവരുമായി വ്യാപാര ഇടപാടുകള്‍ നടത്താനും വന്‍ തുക ചെലവഴിച്ചിട്ടുണ്ട്. അതെല്ലാം അമേരിക്കയുടെ വന്‍ശക്തി മേധാവിത്വ നടപടികളുടെ പേരില്‍ ഒറ്റയടിക്കു നഷ്ടമാവുമെന്നു പറഞ്ഞാല്‍ ചിന്തിക്കാന്‍ പോലും സാധ്യമല്ല.
പക്ഷേ, ഭീഷണിയാണ് അമേരിക്ക ലോകരംഗത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധം. തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തി അവര്‍ക്കെതിരേ പ്രയോഗിക്കുമെന്ന നിലപാടാണ് ആ ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ഭരണകൂടവുമായി ഏറ്റുമുട്ടുകയെന്നത് ചിന്തനീയമല്ല. അതിനാല്‍, ബോയിങ് വിമാന കമ്പനിയും ഫ്രാന്‍സിലെ എണ്ണക്കമ്പനി ടോട്ടലും അടക്കമുള്ള നിരവധി കമ്പനികള്‍ ഇറാനുമായി നേരത്തേ ഉണ്ടാക്കിയ കരാറുകള്‍ റദ്ദാക്കുകയാണ്. ഇന്ത്യയടക്കം ഏതാനും രാജ്യങ്ങള്‍ക്ക് ഇറാനുമായി വ്യാപാരം തുടരാന്‍ താല്‍ക്കാലിക അനുമതിയുണ്ടെങ്കിലും ആറു മാസത്തിനകം അവരും അത്തരം ബന്ധങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് അമേരിക്കയുടെ താക്കീത്.
ഇറാന്‍ ഇത്തരം ഭീഷണികള്‍ക്കു വഴങ്ങില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കരാറില്‍ പുനരവലോകനത്തിന്റെ പ്രശ്‌നമില്ലെന്നും ഇറാനിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും അത്തരം നടപടികള്‍ അവര്‍ നടപ്പാക്കിയതാണ്. ഇറാനു മേല്‍ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമണം ലോകം ഒറ്റക്കെട്ടായി ചെറുത്തേ പറ്റൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss