|    Dec 11 Tue, 2018 7:06 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇറാനിലെ പ്രക്ഷോഭത്തിനു പിന്നില്‍

Published : 4th January 2018 | Posted By: kasim kzm

ഇറാനില്‍ വിലക്കയറ്റത്തിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഉസ്ഫഹാന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ഇതിനകം രണ്ടു ഡസനോളം ആളുകള്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ കൂടി പ്രക്ഷോഭകാരികളെ നേരിടാന്‍ തെരുവിലിറങ്ങിയതോടെ 2009നുശേഷം ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണ് ഇറാനില്‍ രൂപപ്പെട്ടിരിക്കുന്നത്. അതേയവസരം, പ്രക്ഷോഭകാരികള്‍ക്കു കൃത്യമായ നേതൃത്വമില്ല എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിഷേധത്തിനു പിന്നില്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അവര്‍ ഇസ്‌ലാമിക് റിപബ്ലിക്കിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പണവും ആയുധവും നല്‍കുന്നുവെന്നും ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈ തന്നെ പറയുന്നു. അമേരിക്കയും  ബ്രിട്ടനുമാണ് കുഴപ്പത്തിനു പിന്നിലെന്നാണ് ആയത്തുല്ല പറയാതെ പറയുന്നത്. ദീര്‍ഘകാലത്തെ ഉപരോധം മൂലം ഇറാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രതിഷേധത്തിനു കാരണമെന്ന് കരുതപ്പെടുന്നു. രൂക്ഷമാണ് വിലക്കയറ്റം. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരവും ഒട്ടേറെ ആയത്തുല്ലമാരുടെ ആസ്ഥാനവുമായ മശ്ഹദിലാണ് പ്രക്ഷോഭം തുടങ്ങിയത്. എട്ടാമത്തെ ശിയാ ഇമാമായ റിസയുടെ ഖബറിടം സന്ദര്‍ശിക്കാനായി വര്‍ഷംതോറും ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന നഗരമാണത്. താരതമ്യേന സ്വതന്ത്രമായ അന്തരീക്ഷം ഭരണകൂടത്തിനെതിരേ പരസ്യമായി രംഗത്തുവരാന്‍ തൊഴിലാളികള്‍ക്കു പ്രേരണയായിട്ടുണ്ടാവും. അതേയവസരം, പ്രവിശ്യകളിലെ പട്ടണങ്ങളില്‍ ഒതുങ്ങിയ പ്രക്ഷോഭം പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്കെതിരേ ഭരണകക്ഷിയിലെ യാഥാസ്ഥിതികര്‍ ആസൂത്രണം ചെയ്തതാണെന്ന വ്യാഖ്യാനവുമുണ്ട്. ഡിസംബറില്‍ റൂഹാനി പാര്‍ലമെന്റായ മജ്‌ലിസില്‍ അവതരിപ്പിച്ച ബജറ്റില്‍ കൂടുതല്‍ നികുതി ചുമത്താനുള്ള ശുപാര്‍ശകളുണ്ടായിരുന്നു. അതോടൊപ്പം ആയത്തുല്ലമാര്‍ നടത്തുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് കൊടുക്കാനുള്ള നിര്‍ദേശങ്ങളാണ് സാധാരണക്കാര്‍ക്കു പ്രകോപനമായത് എന്നു കരുതപ്പെടുന്നു. മധ്യപൗരസ്ത്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് ഏകാധിപതികള്‍ക്കൊക്കെ ഇറാന്‍ എന്നും ഭീഷണിയായിരുന്നു.  യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും റൂഹാനിയും ഒപ്പുവച്ച അണ്വായുധ നിയന്ത്രണ കരാറിനെതിരേ വന്‍ വിമര്‍ശനം അഴിച്ചുവിട്ടാണ് ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ പരിഭ്രാന്തിയുള്ള ഇസ്രായേലും ഇസ്‌ലാമിക റിപബ്ലിക്കിനെ അട്ടിമറിക്കുന്നതില്‍ തല്‍പരരാണ്. അതുകൊണ്ട് ഈ മൂന്നു ശക്തികളും കുഴപ്പങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. 1953ല്‍ ജനാധിപത്യരീതിയില്‍ അധികാരമേറിയ മുഹമ്മദ് മുസദ്ദിഖിനെ പുറത്താക്കാന്‍ ഇത്തരം പ്രക്ഷോഭകാരികളെയാണ് ബ്രിട്ടനും യുഎസും രംഗത്തിറക്കിയത്. 2009ലെ പ്രക്ഷോഭം വിജയിക്കാത്തതില്‍ നിരാശരായ അവര്‍ വീണ്ടും കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ടാവും; തീര്‍ച്ച.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss