|    Jan 21 Sat, 2017 11:06 pm
FLASH NEWS

ഇറാഖ് യുദ്ധം നിയമവിരുദ്ധം

Published : 8th July 2016 | Posted By: mi.ptk

iraque-war

ലണ്ടന്‍: അമേരിക്കന്‍ നേതൃത്വത്തില്‍ 2003ല്‍ നടന്ന ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്‍ പങ്കാളിയായത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ചില്‍കോട്ട് കമ്മീഷന്‍ റിപോര്‍ട്ട്. അധിനിവേശം ബ്രിട്ടനില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ സംഭവത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കുന്നതിനു നിയോഗിക്കപ്പെട്ടതാണു സര്‍ ജോണ്‍ ചില്‍കോട്ടിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ കമ്മീഷന്‍. യുദ്ധത്തിലേക്കു നയിച്ച കാര്യങ്ങളില്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പങ്കും റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നു ചില്‍കോട്ട് പറഞ്ഞു. 2003 മാര്‍ച്ചില്‍ പ്രസിഡന്റ് സദ്ദാം ഹുസയ്‌നില്‍ നിന്ന് കനത്ത ഭീഷണി ഉണ്ടായിരുന്നില്ല. സാധ്യമായ സമാധാനത്തിന്റെ വഴികളെല്ലാം തള്ളി യുദ്ധത്തിലേക്കു നയിച്ച ടോണി ബ്ലെയറുടെ നീക്കം സംശയാസ്പദമായിരുന്നു. സദ്ദാമിനെതിരേ ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ന്യായീകരിക്കാനാവുന്നതല്ല. തന്റെ ലക്ഷ്യം നേടുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും അദ്ദേഹം പ്രേരിപ്പിച്ചുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഴുവര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതേസമയം, ബ്ലെയര്‍ തന്റെ നിലപാടിനെ ആവര്‍ത്തിച്ച് ന്യായീകരിച്ചു. ഉത്തമവിശ്വാസത്തോടും രാഷ്ട്രത്തിന്റെ നന്‍മയ്ക്കും വേണ്ടിയാണു താന്‍ തീരുമാനമെടുത്തതെന്ന് റിപോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. യാതൊരു മനപ്രയാസവുമില്ലാതെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സദ്ദാം ഹുസയ്‌നില്ലാത്ത ലോകം മെച്ചപ്പെട്ടതായെന്നു കരുതുന്നതായും ബ്ലെയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിട്ടിയ വിവരത്തെ അടിസ്ഥാനമാക്കിയാണു തീരുമാനമെടുത്തത്. യുദ്ധാനന്തരം പദ്ധതി നടപ്പാക്കിയതിലാണു പിഴവുപറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടുവര്‍ഷത്തെ ഏറ്റുമുട്ടലില്‍ 10,000ത്തിലധികം ഇറാഖികളും 179 ഓളം ബ്രിട്ടിഷ് സൈനികരുമാണു കൊല്ലപ്പെട്ടത്. സദ്ദാം ഹുസയ്‌നെ പുറത്താക്കിയ ശേഷം ആസൂത്രണത്തിലും നിര്‍വഹണത്തിലുമുണ്ടായ വീഴ്ചകളും ചില്‍കോട്ട് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അധിനിവേശത്തിനു ശേഷം ഇറാഖിലെ ജനങ്ങള്‍ കൊടിയ ദുരിതമാണനുഭവിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കോടതിയില്‍ പോവുമെന്ന് അധിനിവേശ കാലത്തു കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ അറിയിച്ചു.

ചില്‍കോട്ട് കമ്മീഷന്‍
ഇറാഖ് അധിനിവേശത്തിന് ഇടയാക്കിയ സംഭവങ്ങളില്‍ ബ്രിട്ടന്റെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ജോണ്‍ ചില്‍കോട്ടിന്റെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട സമിതി. 2009 ജൂണ്‍ 15ന് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണാണ് അന്വേഷണം പ്രഖ്യാപിച്ചത്. അധിനിവേശവുമായി ബന്ധപ്പെട്ട് 2001നും 2009നുമിടയില്‍ ബ്രിട്ടന്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചു. ഇറാഖ് യുദ്ധത്തില്‍ പങ്കാളിയാവുന്നതിനുള്ള ബ്രിട്ടന്റെ തീരുമാനം, സൈനിക നടപടികള്‍, അനന്തരഫലങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 26 ലക്ഷം വാക്കുകള്‍ അടങ്ങിയതാണ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 347 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക