|    May 30 Tue, 2017 4:48 am
FLASH NEWS

ഇറാഖില്‍ ബാലവേല രൂക്ഷം

Published : 23rd August 2016 | Posted By: SMR

ബഗ്ദാദ്: യുദ്ധക്കെടുതികള്‍ നേരിടുന്ന ഇറാഖില്‍ 5 ലക്ഷത്തിലധികം കുട്ടികള്‍ ബാലവേല ചെയ്യേണ്ടി വരുന്നതായി യുനിസെഫ് റിപോര്‍ട്ട്. ഭക്ഷണത്തിനായും കുടുംബം പുലര്‍ത്താനായും ലക്ഷക്കണക്കിന് ഇറാഖി കുട്ടികള്‍ക്ക് പഠനം ഉപേക്ഷിച്ച് തൊഴില്‍ ചെയ്യേണ്ടി വരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
‘എനിക്ക് കൂട്ടുകാരുണ്ട്. പക്ഷേ, എനിക്കവരുടെ കൂടെ കളിക്കാന്‍ പറ്റില്ല. കാരണം, എന്റെ കുടുംബത്തിനായി എനിക്ക് ജോലിക്കു പോവേണ്ടതുണ്ട്’ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന എട്ടു വയസ്സുള്ള അബ്ദുല്‍ കരീം പറഞ്ഞു. മെയ് മാസത്തില്‍ ഇറാഖി സൈന്യം ഫലൂജ തിരിച്ചുപിടിക്കാനുള്ള ദൗത്യം ആരംഭിച്ചപ്പോള്‍ ജന്മദേശമായ ഫലൂജ വിടണമെന്നായിരുന്നു അബ്ദുല്‍ കരീമിന്റെ ആഗ്രഹം. എന്നാല്‍, ആക്രമണത്തില്‍ കരീമിന്റെ പിതാവു കൊല്ലപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ അവന്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. അമെരിയാത് അല്‍ ഫലൂജയിലെ വീടുകള്‍ നഷ്ടപ്പെട്ടവരുടെ ക്യാംപില്‍ വെള്ളവും ശീതളപാനീയങ്ങളും വില്‍ക്കുകയാണിപ്പോള്‍.
എനിക്ക് സ്‌കൂളില്‍ പോവണമെന്നുണ്ട്. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല. ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു. കുടുംബത്തെ പോറ്റേണ്ടതുണ്ട്- അവന്‍ അല്‍ജസീറയോടു പറഞ്ഞു. സംഘര്‍ഷങ്ങളും ദാരിദ്ര്യവും അബ്ദുല്‍ കരീമിനെപ്പോലുള്ള ഇറാഖി കുട്ടികളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.
1990കളിലേതില്‍ നിന്നും ഇരട്ടിയായി 5,75,000 കുട്ടികള്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. 30 ലക്ഷത്തോളം കുട്ടികള്‍ ലൈംഗിക അതിക്രമത്തിന്റെയും മരണത്തിന്റെയും ഭീഷണിയിലാണ്. പലരും പ്രായപൂര്‍ത്തിയെത്താതെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day