|    Apr 24 Tue, 2018 3:00 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇറാഖില്‍ ഐഎസിന്റെ പതനം

Published : 14th July 2017 | Posted By: fsq

 

ഇറാഖിലെ മൗസില്‍ നഗരത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും സിറിയയില്‍ നിന്ന് തുരത്തപ്പെടുകയും ചെയ്തതോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സായുധ സംഘടന അതിന്റെ അന്തിമഘട്ടത്തോട് അടുക്കുകയാണെന്നാണ് വ്യക്തമാവുന്നത്. ഐഎസിന്റെ പതനം പലര്‍ക്കും പ്രചാരണപരമായ ഒരായുധം നഷ്ടപ്പെടുത്തുമെന്നല്ലാതെ മുസ്‌ലിം ലോകത്തോ പൊതുവിലോ ഏതെങ്കിലും തരത്തിലുള്ള നിര്‍ണായക പ്രതിഫലനങ്ങള്‍ അതു സൃഷ്ടിക്കുമെന്നു കരുതാനാവില്ല. വളരെ പ്രക്ഷുബ്ധമായ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയില്‍ സംഭവിക്കാനിടയുള്ള സ്വാഭാവിക പ്രതിഭാസങ്ങളില്‍ ഒന്നായി ഐഎസിനെ ആദ്യമേ വിലയിരുത്തിയവരുണ്ട്. ലോകത്ത് ഐഎസിനേക്കാള്‍ വലിയ മറ്റൊരു വിപത്ത് സംഭവിക്കാനില്ലെന്നു പറഞ്ഞു വെപ്രാളപ്പെട്ടവരുമുണ്ട്. ഐഎസിന്റെ അപകടത്തെ കുറിച്ച നിഷ്‌കളങ്കമായ ഉല്‍ക്കണ്ഠ കൊണ്ടു മാത്രമാണ് അവര്‍ അങ്ങനെ വേവലാതിപ്പെട്ടുകൊണ്ടിരുന്നത് എന്നും കരുതാനാവില്ല. കാരണം, ഭീകരതയുടെ മുദ്രകള്‍ ഇന്നു വലിയ പ്രഹരശേഷിയുള്ള ഒരായുധമാണ്. അധികാരവും സായുധശേഷിയുമുള്ളവര്‍ക്ക് ദുര്‍ബല രാഷ്ട്രങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ എളുപ്പം പ്രയോഗിക്കാമെന്ന സൗകര്യവും അതിനുണ്ട്. ഈ വലിയ സാധ്യതയില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ അത്തരം സാധ്യതകളുടെ സ്വാഭാവികമായ ആവിര്‍ഭാവത്തെയും കാത്തിരിക്കുമെന്നു കരുതണമെങ്കില്‍ അതിരുകവിഞ്ഞ ശുദ്ധഗതി വേണം. ആയുധം ആവശ്യമുള്ളവര്‍ അതു സ്വയം നിര്‍മിക്കുകയോ വില കൊടുത്തു വാങ്ങുകയോ ആണല്ലോ പതിവ്. ഐഎസിന്റെ ഉദ്ഭവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള വാര്‍ത്തകളുടെ നിജസ്ഥിതിയെക്കുറിച്ചും മുസ്‌ലിം ലോകത്തിനു വലിയ പിടിപാടൊന്നുമില്ല എന്നതാണ് വാസ്തവം. മുസ്‌ലിം ലോകത്ത് ഒരൊറ്റ രാജ്യവും സംഘടനയും ഐഎസിനെ പിന്തുണച്ചു രംഗത്തുവരാതിരുന്നതിന്റെ കാരണവും അതിനെ സദാ ചൂഴ്ന്നുനിന്ന ഈ ദുരൂഹതയാണ്. അതേസമയം, ഐഎസിനെക്കുറിച്ച് ഇന്ത്യയിലെ സംഘപരിവാരം അടക്കമുള്ള കേന്ദ്രങ്ങള്‍ പൂര്‍ണ ശ്രദ്ധാലുക്കളും വിജ്ഞരുമായിരുന്നുവെന്നത് അതിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഐഎസിന്റെ മുസ്‌ലിമേതര പശ്ചാത്തലത്തെക്കുറിച്ച് പലപ്പോഴും പുറത്തുവന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ശത്രുവിനെതിരേ വിശുദ്ധ യുദ്ധമെന്ന വൈകാരിക ചാരുതയുള്ള ഒരാശയത്തിനു ചുറ്റും എളുപ്പം അണിനിരത്താനാവുന്ന ക്ഷുഭിത മനസ്സുകളെയും മുസ്‌ലിം ലോകത്ത് കണ്ടെത്താനാവുമെന്ന വസ്തുതയും അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഫലസ്തീന്‍ മുതല്‍ കാബൂള്‍ വരെ നീളുന്ന എണ്ണിയാലൊടുങ്ങാത്ത അനീതികളുടെയും അക്രമങ്ങളുടെയും നെരിപ്പോടില്‍ നീറിപ്പുകയുന്ന ഒരു ജനതയുടെ മനസ്സ് അനുഭാവപൂര്‍വം വായിച്ചെടുക്കാനുള്ള ഹൃദയവിശാലത പക്ഷേ, നമ്മുടെ ലോകത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല. പകരം ആ മുറിവുകളില്‍ മുളകു തേച്ച് തങ്ങളുടെ സാമ്പത്തികമോ സൈനികമോ രാഷ്ട്രീയമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ലോകത്തു നടന്നത്. ഇത്തരം അനീതികള്‍ക്ക് അറുതിയുണ്ടാവുകയാണ് ലോകത്തു സമാധാനം പുലരാനുള്ള ശരിയായ വഴി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss