|    Apr 28 Fri, 2017 9:27 pm
FLASH NEWS

ഇറാഖിലേക്ക് 1700 സൈനികര്‍ കൂടി; സ്‌ഫോടനങ്ങളില്‍ 18 മരണം

Published : 6th November 2016 | Posted By: SMR

വാഷിങ്ടണ്‍/ബഗ്ദാദ്: ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ഇറാഖ് സൈന്യത്തെ സഹായിക്കുന്നതിന് 1700 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാന്‍ യുഎസ് ഒരുങ്ങുന്നു. ശൈത്യകാലത്ത് ഇറാഖ് സൈന്യത്തിന് പിന്തുണ നല്‍കി അണിനിരക്കാന്‍ സൈനികര്‍ സന്നദ്ധരായിട്ടുണ്ടെന്ന് 82ാം എയര്‍ബോണ്‍ ഡിവിഷന്‍ മേധാവി കേണല്‍ ജെയിംസ് പാറ്റ് പറഞ്ഞു.
ഇറാഖില്‍ 500 സൈനികരെ കൂടി നിയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഒക്ടോബറില്‍ പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇറാഖില്‍ എത്ര യുഎസ് സൈനികരുണ്ടെന്ന കാര്യം പെന്റഗണ്‍ വെളിപ്പെടുത്തിയിട്ടില്ല. ഇറാഖില്‍ 3800ഉം സിറിയയില്‍ 300ഉം അമേരിക്കന്‍ സൈനികരുണ്ടെന്നാണ് ചില കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഐഎസിനെതിരേയുള്ള സൈനിക നീക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കഴിഞ്ഞ മാസങ്ങളില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പലതവണ ഇറാഖ് സന്ദര്‍ശിച്ചിട്ടുണ്ട്.
വടക്കന്‍ ഇറാഖിലെ ഐഎസ് നിയന്ത്രണത്തിലുള്ള പട്ടണത്തില്‍നിന്നു പലായനം ചെയ്ത കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനവ്യൂഹം കുഴിബോംബ് സ്‌ഫോടനങ്ങളില്‍ തകര്‍ന്ന് 18 മരണം. ഐഎസ് ശക്തികേന്ദ്രമായ മൗസിലില്‍നിന്ന് 120 കിമീ തെക്കുമാറിയുള്ള ഹവിജയില്‍നിന്നുള്ളവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ടൈഗ്രീസ് നദിക്കു സമീപത്തെ അല്‍ ആലം പട്ടണത്തിലേക്കു ചേക്കേറാന്‍ ശ്രമിച്ച കുടുംബങ്ങളില്‍നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനവ്യൂഹത്തിന് അകമ്പടി സേവിച്ച ഒരു പോലിസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.
മൗസില്‍ തിരിച്ചുപിടിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ ഇറാഖിസേന ആക്രമണം ശക്തമാക്കിയതോടെ നൂറുകണക്കിന് സാധാരണക്കാരാണ് സുരക്ഷിതകേന്ദ്രങ്ങള്‍ തേടി മേഖല വിടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day