|    May 29 Mon, 2017 9:48 am
FLASH NEWS

ഇറാഖിലെ ശിയാ പള്ളിയില്‍ സ്‌ഫോടനം; 37 മരണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Published : 9th July 2016 | Posted By: SMR

ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ മരിച്ചു. 62 പേര്‍ക്കു പരിക്കേറ്റതായി ഇറാഖ് വൃത്തങ്ങള്‍ അറിയിച്ചു.
മധ്യബഗ്ദാദില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 300 പേര്‍ മരിച്ച് ദിവസങ്ങള്‍ക്കുശേഷമാണിത്. സയ്യിദ് മുഹമ്മദ് ബിന്‍ അലി അല്‍-ഹാദിയില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ ബോംബുധാരികളാണ് സ്‌ഫോടനം നടത്തിയത്. പള്ളിയുടെ പ്രവേശനകവാടത്തില്‍ കാവല്‍ നിന്ന പോലിസുകാരനു നേരെ ആദ്യം ആക്രമണമുണ്ടായി.
രണ്ടാമത്തെ ബോംബുധാരി തോക്കുധാരികള്‍ക്കൊപ്പം പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈദുല്‍ ഫിത്്വര്‍ പ്രാര്‍ഥനയ്ക്കായി നിരവധി പേര്‍ പള്ളിയിലെത്തിയ അവസരത്തിലാണ് ആക്രമണമുണ്ടായത്. മൂന്നാമത്തെ തോക്കുധാരിയെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
കഴിഞ്ഞ ആഴ്ചയുണ്ടായ വന്‍ ആക്രമണത്തിനു പിന്നാലെ ബഗ്ദാദില്‍ കുപിതരായ ജനങ്ങള്‍ പ്രകടനം നടത്തി. 2003ലെ യുഎസ് അധിനിവേശത്തിനു ശേഷം ഇത്രയധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. സ്‌ഫോടനം രാഷ്ട്രീയനേതൃത്വത്തിന്റെ കഴിവുകേടായി ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
സുരക്ഷാ മേധാവിയെ പുറത്താക്കി
ബഗ്ദാദ്: ഇറാഖില്‍ ബഗ്ദാദ് സുരക്ഷാമേധാവിയെയും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പിരിച്ചുവിട്ടു. തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ 330ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആക്രമണങ്ങള്‍ തടയുന്നതില്‍ സുരക്ഷാവൃത്തങ്ങള്‍ പരാജയപ്പെട്ടു.
അതേസമയം, പിരിച്ചുവിട്ടവരുടെ പേരുകള്‍ പ്രഖ്യാപനത്തില്‍ പ്രതിപാദിച്ചിട്ടില്ല. എന്നാല്‍, ലെഫ്റ്റനന്റ ജനറല്‍ അബ്ദുല്‍ അമിര്‍ അല്‍ ഷിമ്മരിയാണ് ബഗ്ദാദ് ദൗത്യത്തിന്റെ കമാന്‍ഡര്‍. സ്ഥാനമൊഴിയാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി അബാദി അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ ബഗ്ദാദ് രഹസ്യാന്വേഷണ വിഭാഗം തലവനും ബഗ്ദാദ് സുരക്ഷാ ഉപദേഷ്ടാവുമാണ് പുറത്താക്കിയ മറ്റു രണ്ടുപേരെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day