|    Mar 29 Wed, 2017 12:55 pm
FLASH NEWS

ഇറച്ചി തിന്നുന്നവരും തീണ്ടല്‍ജാതിക്കാരും

Published : 17th October 2015 | Posted By: RKN

ഇടവാ സാഗര്‍

റച്ചി ഭക്ഷിക്കുന്ന മുസ്‌ലിം സമുദായക്കാരെ അടിച്ചുകൊല്ലുന്നു. ക്ഷേത്രത്തില്‍ പ്രവേശിച്ച താഴ്ന്ന ജാതിക്കാരനും ശിക്ഷ മരണം തന്നെ. വിധികര്‍ത്താക്കള്‍ സംഘപരിവാരങ്ങളും. ഇന്ത്യയില്‍ ഇപ്പോള്‍ ഇപ്രകാരമാണു കാര്യങ്ങള്‍. പ്രധാനമന്ത്രിപദത്തിലെത്തിയാല്‍ ഇന്ത്യയെ അടിമുടി മാറ്റിക്കളയുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോള്‍ ന്യൂനപക്ഷ സമുദായക്കാരെ കൂട്ടക്കശാപ്പു ചെയ്ത് മാറ്റത്തിന്റെ കാഹളം മുഴക്കിയ വ്യക്തിയായിരുന്നല്ലോ അദ്ദേഹം. ദോഷം പറയരുതല്ലോ, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്നുമുതല്‍ ഇന്ത്യയില്‍ മാറ്റത്തിന്റെ മാറ്റൊലി മുഴങ്ങി. എവിടെ നോക്കിയാലും വര്‍ഗീയലഹളകള്‍ അരങ്ങേറുകയാണ്. മുസ്‌ലിം സമുദായക്കാരെ ഉന്മൂലനംചെയ്യാന്‍ സംഘപരിവാരങ്ങള്‍ മല്‍സരിക്കുകയാണ്.

സംഘപരിവാരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനുവാദം നല്‍കി പ്രധാനമന്ത്രി ലോകം ചുറ്റാനിറങ്ങി. ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റിക്കറങ്ങി; കറക്കം ഇപ്പോഴും തുടരുന്നു.മുഹമ്മദ് അഖ്്‌ലാഖ് എന്ന കുടുംബനാഥനെ ഗോമാംസം ഭക്ഷിെച്ചന്നാരോപിച്ച് അടിച്ചുകൊന്നു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണു ശ്രവിച്ചത്. മുഹമ്മദ് അഖ്്‌ലാഖിന്റെ പുത്രന്‍ ഇന്ത്യന്‍ വായുസേനയിലെ ഉദ്യോഗസ്ഥനാണ്. രാജ്യസുരക്ഷ കാക്കുന്ന ഒരുദ്യോഗസ്ഥന്റെ പിതാവിനെ പ്രാകൃതമായൊരു മൂഢസങ്കല്‍പ്പത്തില്‍ ആകൃഷ്ടരായ വര്‍ഗീയവാദികള്‍ അടിച്ചുകൊന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? പശുവിന് മറ്റു മൃഗങ്ങളില്‍നിന്ന് എന്തു വിശുദ്ധിയാണുള്ളത്? പശുവിനെ മാതാവായി കാണണമെന്നുള്ള സങ്കല്‍പം ഈ യുഗത്തിലും വച്ചുപുലര്‍ത്തുന്നവര്‍ കാളയെ അച്ഛനെന്നു സങ്കല്‍പ്പിച്ച് അതിന്റെ പേരിലും വര്‍ഗീയവികാരം ഇളക്കിവിടുമോ?ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ലോകമെങ്ങും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ അതുപോലും പറ്റില്ലെന്നുപറയാന്‍ ആര്‍ക്കാണ് അധികാരമുള്ളത്.

പുരാണത്തെ കൂട്ടുപിടിച്ച് അതില്‍ കഥാപാത്രമായവരെ ദൈവമായി സങ്കല്‍പ്പിച്ച് അതിന്റെ പേരില്‍ അതിക്രമങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഭരണം നടത്തുന്ന ഇന്നത്തെ ഇന്ത്യയില്‍ ഇനി എന്തെല്ലാം നടക്കാനുണ്ടെന്ന കാര്യമോര്‍ത്ത് ജനങ്ങള്‍ ഭയചകിതരാണ്. എതിര്‍ക്കുന്നവരെ ഉന്മൂലനംചെയ്യുക എന്ന ഫാഷിസ്റ്റ് തന്ത്രമാണ് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസത്തെ തുടച്ചെറിയാന്‍ ആഹ്വാനംചെയ്ത ദബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ അരുംകൊല ചെയ്തത് സംഘപരിവാരങ്ങളാണ്. കോടിക്കണക്കിനുള്ള ന്യൂനപക്ഷക്കാരെയും കമ്മ്യൂണിസ്റ്റുകളെയും ഇല്ലായ്മ ചെയ്ത് ഇന്ത്യയെ ഹൈന്ദവരാജ്യമാക്കാമെന്ന അവരുടെ മോഹം നടക്കുന്നതാണോ? ലോകത്തിലെ ഏക ഹിന്ദുരാജ്യമായിരുന്നു നേപ്പാള്‍. അവിടെ ജനത മതേതരരാഷ്ട്രീയത്തിലേക്ക് സ്വയം പ്രവേശിക്കുകയാണുണ്ടായത്. അതാണ് പരിഷ്‌കൃതസമൂഹങ്ങള്‍ എവിടെയും അനുവര്‍ത്തിക്കുന്ന സമീപനം.

കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും വരെ വര്‍ഗീയത കലര്‍ത്താനൊരുങ്ങുന്ന സംഘപരിവാരത്തെ നിയന്ത്രിക്കാതെ മോദിക്ക് ഇനി ഏറെ സഞ്ചരിക്കാനാവില്ല. സംഘപരിവാരത്തിന്റെ ദ്രവിച്ച കപ്പലിലെ കപ്പിത്താനായ മോദിക്ക് കപ്പല്‍ സുരക്ഷിതതീരമെത്തിക്കാന്‍ അഹോരാത്രം പണിപ്പെടേണ്ടിവരും. പണിപ്പെട്ടാല്‍ തന്നെ രക്ഷപ്പെടുകയുമില്ല. വര്‍ഗീയതയാല്‍ മൂടപ്പെട്ട കപ്പല്‍ തകര്‍ന്നു തരിപ്പണമാവുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. ഇന്ത്യയിലാകെ ശൗചാലയം കെട്ടിപ്പടുക്കാന്‍ ആഹ്വാനംചെയ്യുന്ന പ്രധാനമന്ത്രി ആദ്യം ചെേയ്യണ്ടത് സ്വന്തം പാര്‍ട്ടിക്കാരുടെ ഹൃദയം ശുദ്ധമാക്കുകയെന്ന ദൗത്യമാണ്. ശൗചാലയെത്തക്കാള്‍ മോശമാണല്ലോ വര്‍ഗീയവാദികളുടെ ഹൃദയം. അക്ഷരം അറിഞ്ഞുകൂടാത്ത ഗ്രാമീണജനങ്ങളില്‍ പുരാണഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളെ ദൈവങ്ങളായി ചിത്രീകരിച്ച് അജ്ഞത കുത്തിനിറച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത് എല്ലാകാലത്തും വിജയം കാണുമെന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്.

വാളെടുത്തവന്‍ വാളാല്‍ എന്ന ആപ്തവാക്യം മറക്കാവുന്നതല്ല. പശുവിന് പവിത്രത കല്‍പ്പിച്ചുനല്‍കുന്നവര്‍ തീര്‍ച്ചയായും മൂഢന്മാര്‍ തന്നെയാണ്. ഗണപതിയുടെ വാഹനമായ എലിയെ കര്‍ഷകര്‍ വിഷംവച്ചു കൊല്ലുന്നില്ലേ? ഹനുമാന്റെ കുടുംബാംഗമായ വാനരന്മാരെ സര്‍ക്കസിലും മറ്റും ഉപയോഗിച്ച് പീഡിപ്പിക്കുന്നില്ലേ. ശിവന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞുകിടന്നുല്ലസിക്കുന്ന പാമ്പിനെ തല്ലിക്കൊല്ലുന്നില്ലേ? വരാഹമായി ആരാധിക്കുന്ന പന്നിയെ കൊന്നുതിന്നുന്നില്ലേ? പശുവിനായി വാദിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് എന്തു മറുപടിയാണു നല്‍കുന്നത്? പശുക്കളെ കൊന്നുതിന്നുന്ന പുലികളോടും സിംഹങ്ങളോടും പോരാടാനെന്തേ സംഘപരിവാരത്തിന് കഴിയുന്നില്ല. അവറ്റകള്‍ക്ക് അറിയില്ലല്ലോ സംഘപരിവാരങ്ങളെ. ന്യൂനപക്ഷ സമുദായക്കാരെ കൂട്ടമായെത്തി അടിച്ചുകൊല്ലുന്ന വിവരദോഷികളായ അധമന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day