|    Nov 21 Wed, 2018 3:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇറച്ചിക്കോഴി വിപണന മേഖലസര്‍ക്കാര്‍ ഇടപെടല്‍ വാക്കിലൊതുങ്ങുന്നു

Published : 4th November 2018 | Posted By: kasim kzm

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ഇറച്ചിക്കോഴി വിപണനരംഗത്ത് സര്‍ക്കാരിന്റെ ഇടപെടലുകള്‍ നാമമാത്രമാവുമ്പോള്‍ കച്ചവടക്കാരും തദ്ദേശീയ ഫാം നടത്തിപ്പുകാരും ദുരിതത്തില്‍. വിലയിലെ ഏറ്റക്കുറച്ചില്‍ വിപണിയെ നിലനില്‍പുഭീഷണിയിലാക്കിയിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നു. കോഴിയിറച്ചി വില ഒരാഴ്ച മുമ്പ് 230 രൂപ വരെ ഉയര്‍ന്നത് ദിവസങ്ങള്‍ക്കകം 160 രൂപയിലെത്തി. കോഴിവില 150 രൂപ വരെ ഉയര്‍ന്നത് 110 രൂപയായും കുറഞ്ഞു. ഇടത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ലോബിയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണു വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് ചില്ലറക്കച്ചവടക്കാരും തദ്ദേശ ഫാം നടത്തിപ്പുകാരും പറയുന്നു. ജില്ലയില്‍ കോഴിയുടെ വില കുതിച്ചുയരുന്നതിനു പിന്നില്‍ തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോയിലര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയും കേരളത്തിലെ ഇറക്കുമതി ലോബിയുമാണെന്ന പ്രചാരണമുണ്ട്.
സംസ്ഥാനത്തെ കോഴികര്‍ഷകര്‍ക്ക് കുഞ്ഞുങ്ങളെയും തീറ്റയും നിലവില്‍ വിതരണം ചെയ്യുന്നത് തമിഴ്‌നാട്ടിലെ ഏജന്‍സികളാണ്. ഒരു കോഴിക്കുഞ്ഞിനെ വാങ്ങി വളര്‍ത്തുന്നതിനു വേണ്ട സമയവും ചെലവും കണക്കിലെടുത്താണ് തമിഴ്‌നാട് ലോബി ആസൂത്രിത വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം. പ്രളയദുരന്തത്തില്‍ ഫാമുകള്‍ക്കുണ്ടായ തകര്‍ച്ച ഇടത്തട്ടുകാര്‍ ചൂഷണംചെയ്യുകയാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തലത്തിലുള്ള അന്വേഷണങ്ങള്‍ കാര്യക്ഷമമായിട്ടില്ല. മഴക്കെടുതിയില്‍ പല ഫാമുകളും തകരുകയും ആയിരക്കണക്കിന് കോഴികള്‍ ചത്തൊടുങ്ങുകയും ചെയ്തു. പ്രവാസം അവസാനിപ്പിച്ചു ജില്ലയിലെത്തിയവരടക്കം നൂറുകണക്കിനു സംരംഭകരെയാണ് ഇതു നേരിട്ടു ബാധിച്ചത്. രണ്ടു കിലോഗ്രാം തൂക്കമുള്ള ഒരു കോഴിയെ വളര്‍ത്താന്‍ ചെറുകിട കര്‍ഷകന് 157 രൂപ ചെലവു വരുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളെ പ്രാദേശികമായി ഉല്‍പാദിപ്പിച്ചാലും തീറ്റയ്ക്ക് തമിഴ്‌നാട് ലോബിയെ അശ്രയിക്കേണ്ടിവരുമെന്നതാണു പ്രധാന ദുരവസ്ഥ. കോഴിവില 110ലേക്ക് കുറഞ്ഞതോടെ ഫാം നടത്തിപ്പുകാര്‍ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ്.
കുടുംബശ്രീ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോഴി ഉല്‍പാദനവും വിപണനവും ദേശകേന്ദ്രീകൃതമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് ഇവിടെ പ്രാവര്‍ത്തികമാവാതെ പോവുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനത്തില്‍ കവിഞ്ഞ് തീറ്റ ലഭ്യമാക്കാനും പ്രാദേശിക ഫാമുകളുടെ നടത്തിപ്പ് ഉറപ്പാക്കാനും നടപടിയുണ്ടായിട്ടില്ല.
സംസ്ഥാനത്തു തന്നെ ഏറ്റവുമധികം സ്വകാര്യ ചെറുകിട കോഴിഫാമുകളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇവിടെ ഫാമുകളുടെ എണ്ണം പകുതിയിലധികം കുറഞ്ഞു. കോഴിത്തീറ്റയുടെ ലഭ്യതയും വിലവര്‍ധനയുമാണ് പ്രധാന പ്രതിസന്ധി. പ്രധാന ഇനങ്ങളായ സുഗുണ, എസ്‌കെഎം എന്നിവയ്‌ക്കെല്ലാം വില രണ്ടും മൂന്നും ഇരട്ടി കൂടി. ഇതിനൊപ്പം ആഡംബരനികുതിപോലുള്ള സര്‍ക്കര്‍വക പ്രഹരങ്ങളുമേറ്റ് ഫാം നടത്തിക്കൊണ്ടുപോവുക പ്രയാസമാണെന്നു കര്‍ഷകര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss