|    Dec 16 Sat, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇറച്ചിക്കോഴികളില്‍ തൂക്കം കൂട്ടാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ് വ്യാപകം

Published : 27th August 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: സംസ്ഥാനത്തേക്കെത്തുന്ന ഇറച്ചിക്കോഴികളില്‍ തൂക്കം വര്‍ധിപ്പിക്കാന്‍ വിവിധ തരം ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ കോഴിക്കുഞ്ഞുങ്ങളുടെ തടിയും തൂക്കവും പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈസ്ട്രജനടക്കമുള്ള ഹോര്‍മോണുകള്‍ കോഴികളില്‍ കുത്തിവയ്ക്കുന്നത്.
നാടന്‍ കോഴികളെ അപേക്ഷിച്ച് ബ്രോയിലര്‍ കോഴികളുടെ ആയുസ് 45 മുതല്‍ 60 ദിവസം വരെയാണ്. 15 മുതല്‍ 45 ദിവസത്തിനുള്ളിലാണ് ഇവ പൂര്‍ണവളര്‍ച്ചയെത്തുന്നത്. സാധാരണ ഗതിയില്‍ത്തന്നെ കോഴികള്‍ക്ക് 3 മുതല്‍ 4.5 കിലോഗ്രാം വരെ തൂക്കം വര്‍ധിക്കും. എന്നാല്‍ മുട്ട വിരിഞ്ഞ് 15 ദിവസം പ്രായമായ കുഞ്ഞിനെ തൊലിക്കടിയില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതോടെ വീണ്ടും തൂക്കം വര്‍ധിക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍, മൃഗക്കൊഴുപ്പ്, ചില രാസമിശ്രിതങ്ങള്‍ എന്നിവയാണ് ഇവയില്‍ കുത്തിവയ്ക്കുന്നത്. ഇതു കൂടാതെ തീറ്റയോടൊപ്പം ചിലയിടങ്ങളില്‍ തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) പോലുള്ള മിശ്രിതങ്ങള്‍ നല്‍കുന്നതായും ആരോപണമുണ്ട്. മണ്ണില്‍ കാലങ്ങളോളം അലിയാതെ കിടക്കുന്ന വസ്തുകൂടിയായ തുരിശ് റബ്ബര്‍ കൃഷി ചെയ്യുന്നവര്‍ പട്ട ചീയാതിരിക്കാനായി ഉപയോഗിച്ചുവരുന്ന ലായനികൂടിയാണ്.
തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില വന്‍കിട കോഴി ഫാമുകളിലാണ് ഇത്തരം ഹോര്‍മോണുകള്‍ കൂടുതലായും കുത്തിവയ്ക്കുന്നത്. ഇത്തരം ഇറച്ചി കഴിക്കുന്നവരില്‍ മാരകമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനും തടിവയ്ക്കുന്നതിനുമായി വിവിധതരം ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് അടുത്തിടെ നടത്തിയ പഠന റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ആരോഗ്യ വെബ്‌സൈറ്റായ എത്ത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് വെബ്‌സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൗമാരപ്രായക്കാരായ കുട്ടികളില്‍ അമിത ഹോര്‍മോണ്‍ വളര്‍ച്ചയ്ക്ക് ഇത്തരം ഇറച്ചികള്‍ കാരണമാവുന്നുണ്ട്. കുട്ടികളില്‍ അമിത തൂക്കം വയ്ക്കുന്നതിനും ഹോര്‍മോണ്‍ കുത്തിവച്ച മാംസം കാരണമാവുന്നു.
എന്നാല്‍ ആരോപണത്തി ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു പരാതിയും ലഭിച്ചില്ലെന്നാണു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക