|    Oct 18 Thu, 2018 3:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇരു പാര്‍ട്ടികളുടെയും അജണ്ട ഹിന്ദുത്വം

Published : 5th December 2017 | Posted By: kasim kzm

കെ എ സലിം

അഹ്മദാബാദ്: ശക്തമായ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളും സങ്കീര്‍ണമായ ജാതിസമവാക്യങ്ങളുമുണ്ടെങ്കിലും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇത്തവണയും അജണ്ട ഒന്നേയുള്ളൂ, ഹിന്ദുത്വം. യഥാര്‍ഥ ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപി ഇവിടെയുണ്ടാവുമ്പോള്‍ എന്തിന് അതിന്റെ പകര്‍പ്പു മാത്രമായ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യണമെന്നാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചോദിക്കുന്നത്. ഈ ചോദ്യത്തില്‍ എല്ലാമുണ്ട്. വികാസ് വാദാണ് (വികസനവാദം) തങ്ങളുടെ അജണ്ടയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. 22 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനെതിരായ ഭരണവിരുദ്ധവികാരം, നോട്ടു നിരോധനവും ജിഎസ്ടിയുമുണ്ടാക്കിയ പ്രതിസന്ധി മൂലമുള്ള എതിര്‍പ്പ്, ബിജെപിയുടെ സുസ്ഥിര വോട്ടുബാങ്കായിരുന്ന പട്ടേലുകളുടെ കൂറുമാറ്റം, പുതുതായി രൂപംകൊണ്ട ദലിത് രാഷ്ട്രീയം എന്നിങ്ങനെ നിരവധിയുണ്ട് ബിജെപിക്ക് എതിരായിട്ട്. ഇതിനെയെല്ലാം മറികടക്കാന്‍ ഹിന്ദുത്വമെന്ന ഒറ്റ വജ്രായുധം മതിയാവുമെന്നാണ് ബിജെപി കരുതുന്നത്. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ പക്കലും ഏറിയോ കുറഞ്ഞോ നില്‍ക്കുന്ന ഹിന്ദുത്വമേയുള്ളൂ. ഇതിനിടയിലാണ് മുസ്‌ലിം രാഷ്ട്രീയം സമ്പൂര്‍ണമായ ഇല്ലായ്മയുടെ ദയനീയ രൂപം പൂണ്ടു നില്‍ക്കുന്നത്.  ഗുജറാത്തിലെ 182 മണ്ഡലങ്ങളിലേക്ക് ഈ മാസം 9, 14 തിയ്യതികളിലായി രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. കച്ച്, സുന്ദര്‍നഗര്‍, രാജ്‌കോട്ട്, ജാംനഗര്‍, ഭാവ്‌നഗര്‍, സൂറത്ത്, നര്‍മദ തുടങ്ങി 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. അഹ്മദാബാദും മെഹ്‌സാനയും വഡോദരയും ഗാന്ധിനഗറും ദാഹോദും ഉള്‍പ്പെടുന്ന 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. 4.33 കോടി വോട്ടര്‍മാരുള്ള ഗുജറാത്തില്‍ 1.44 ശതമാനം പുതിയ വോട്ടര്‍മാരാണ്. നിരീക്ഷകര്‍ ഇത്തവണയും കോണ്‍ഗ്രസ്സിന് വലിയൊരു സാധ്യതയൊന്നും കല്‍പിക്കുന്നില്ല. എന്നാല്‍, പട്ടേല്‍ പ്രക്ഷോഭത്തിനും ഉന മൂവ്‌മെന്റിനും പിന്നാലെ ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ്സിന് നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ബഹളങ്ങളും പ്രചാരണ കോലാഹലങ്ങളുമൊന്നും തലസ്ഥാനമായ അഹ്മദാബാദിലില്ല. ഇരുപാര്‍ട്ടികളും നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ പതിവുപോലെയാണ് നഗരം. സൂറത്തിലാണ് ആദ്യഘട്ട പോരാട്ടത്തിന്റെ ചൂടും ചൂരുമുള്ളത്. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റാലികളില്‍ വന്‍ ജനപങ്കാളിത്തമുണ്ട്. 75 ശതമാനം പട്ടേലുകളും ബിജെപിയില്‍ നിന്ന് അകന്നുവെന്ന് മാത്രമല്ല അവര്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. എന്നാല്‍, മുതിര്‍ന്ന പട്ടേല്‍ വ്യവസായികളാവട്ടെ പതിവുപോലെ ബിജെപിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടേലരും ദലിതുകളും കോണ്‍ഗ്രസ്സുമായി ശക്തമായി വിലപേശിയാണ് പിന്തുണ നല്‍കിയത്. എന്നാല്‍, 9 ശതമാനം വരുന്ന മുസ്‌ലിംകളാവട്ടെ വിലപേശാനാരുമില്ലാതെ നില്‍ക്കുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ 69 ശതമാനം മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സാണ് നേടിയത്. 20 ശതമാനം മുസ്‌ലിം വോട്ടുകള്‍ ബിജെപിയും നേടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുസ്‌ലിം വോട്ടുവിഹിതം 64 ശതമാനമായി കുറഞ്ഞു. ബിജെപിക്കും കുറവുണ്ടായി. 16 ശതമാനമായിരുന്നു വോട്ടുകള്‍. അധ്വാനമോ പരിഗണനയോ ഇല്ലാതെ മുസ്‌ലിം വോട്ടുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് ഇത്തവണയും കരുതുന്നത്. ആറു മുസ്‌ലിംകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് സീറ്റു നല്‍കിയിരിക്കുന്നത്. ബിജെപി ഒരു സീറ്റുപോലും നല്‍കിയില്ല. 2012ലെ തിരഞ്ഞെടുപ്പില്‍ 15,000മോ അതില്‍ താഴെയോ മുസ്്‌ലിം വോട്ടുകളുള്ള 42 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. പട്ടേലുകള്‍ കോണ്‍ഗ്രസ്സിനൊപ്പമായതോടെ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാവുന്ന 30 സീറ്റുകള്‍ കോണ്‍ഗ്രസ് കണക്കുകൂട്ടി വച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ മുസ്‌ലിംവോട്ടുകള്‍ നിര്‍ണായകമാണ്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടാല്‍ മുസ്‌ലിംവോട്ടുകള്‍ അവിടെ വിധി നിര്‍ണയിക്കും.  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക മാധ്യമങ്ങളില്‍  മുസ്‌ലിംകള്‍ക്കായി കോണ്‍ഗ്രസ് പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും മുസ്‌ലിംകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് നയം. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സൂറത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പരമ്പരാഗത വേഷം ധരിച്ച മുസ്്‌ലിംകളെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss