|    Jan 20 Fri, 2017 11:48 pm
FLASH NEWS

ഇരുവൃക്കകളും തകര്‍ന്ന പ്രവാസി ദുരിതത്തില്‍

Published : 6th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ഗള്‍ഫ് ജോലിക്കിടെ ഇരുവൃക്കകളും തകര്‍ന്ന് ഗുരുതര നിലയിലായ യുവാവ് ദുരിതത്തില്‍. മകന്റെ ജീവന്‍ രക്ഷിക്കാന്‍ മാതാവ് സ്വന്തം വൃക്ക നല്‍കിയെങ്കിലും ഇത് ശരീരവുമായി പൊരുത്തപ്പെട്ടില്ല. നീലേശ്വരം ഓര്‍ച്ചയിലെ സിദ്ദീഖാണ് ദുരിത ജീവിതം അനുഭവിക്കുന്നത്. അബൂദാബി ഇലക്ട്രയില്‍ പൂക്കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സിദ്ദീഖിന് പ്രവാസ ജീവിതത്തിനിടയില്‍ ഇരു വൃക്കകളും തകര്‍ന്ന് പോയത് അഞ്ച് വര്‍ഷം മുമ്പാണ്. ഇലക്ട്രയിലെ താമസത്തിനിടെ ഒരു ദിവസം പുലര്‍ച്ചെ ശരീരം നീര് വെച്ച് കണ്ണുകള്‍ ചുവന്ന് വരികയും നിര്‍ത്താതെയുള്ള ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് അബൂദബി അഹല്യ ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സ തേടിയെത്തിയത്. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍ യുവാവിനോട് നാട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. മാതാവ് ഖദീജ വൃക്ക നല്‍കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് ശസ്‌ക്രിയക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഇവരുടെ പത്ത് സെന്റ് സ്ഥലവും വീടും വില്‍പന നടത്തി. ജീവിതം തിരിച്ച് പിടിച്ച സിദ്ദീഖ് രണ്ട് വര്‍ഷത്തെ ചികില്‍സക്ക് ശേഷം വീണ്ടും അബൂദാബിയിലെത്തി. പഴയ പൂക്കച്ചവട സ്ഥാപനത്തില്‍ തന്നെ ജോലി ലഭിച്ചതോടെ യുവാവും കുടുംബവും വീണ്ടും പ്രതീക്ഷയിലായിരുന്നു. പിന്നീട് മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പേ മഞ്ഞപ്പിത്തം ബാധിച്ച് യുവാവിന്റെ വൃക്ക വീണ്ടും തകര്‍ന്നു. മഞ്ഞപ്പിത്തം മാറിയെങ്കിലും വൃക്ക രോഗത്തിന് നിത്യേന കഴിക്കേണ്ട മരുന്നിന്റെ അളവ് കുറഞ്ഞതിനാല്‍ വീണ്ടും ശരീരമാസകലം നീരുവെക്കാന്‍ തുടങ്ങി. ഇതോടെ ഇരുവൃക്കകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. രണ്ടുമാസത്തിനകം വൃക്കകള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കൊച്ചിന്‍ മെഡിക്കല്‍ ടെസ്റ്റിലാണ് ഇപ്പോഴത്തെ ചികില്‍സ. തൃശൂരിലെ ഒരു യുവാവ് വൃക്ക നല്‍കാ ന്‍ തയ്യാറായിട്ടുണ്ട്. 20 ലക്ഷത്തോളം രൂപ ചികില്‍സക്ക് വേണ്ടി വരും.വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് തുടര്‍ ചികില്‍സക്ക് വകയില്ലാത്തതിനാല്‍ പരസഹായം തേടുകയാണ്. നീലേശ്വരം നഗരസഭാംഗം മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 994 7113737 നമ്പറില്‍ ബന്ധപ്പെടണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക