|    Oct 22 Mon, 2018 12:08 am
FLASH NEWS

ഇരുവഴിഞ്ഞി വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ മുക്കം നഗരസഭ

Published : 22nd September 2017 | Posted By: fsq

 

മുക്കം: മലയോര മേഖലയുടെ സാംസ്‌ക്കാരിക – വാണിജ്യ കേന്ദ്രമായ മുക്കം അങ്ങാടിയോട് ചേര്‍ന്ന് വിനോദ സഞ്ചാര പദ്ധതിയൊരുങ്ങുന്നു. ഇരുവഴിഞ്ഞിപ്പുഴ, മുക്കം കടവ് പാലം, പഴയ വെന്റ് പൈപ്പ് പാലം ,തൃക്കുടമണ്ണ ക്ഷേത്രം എന്നിവ സംയോജിപ്പിച്ചാണ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ തുടക്കമായി. കുന്ദമംഗലത്തെ ഐഐഎമ്മുമായി സഹകരിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി ടൂറിസം പ്രൊജക്റ്റ് രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ സന്നദ്ധ സംഘടനകളും പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേ നടപടികളുമായി മുന്നോട്ടു പോവുന്നു.സംസ്ഥാന സര്‍ക്കാരിന്റെ സഹായവും നഗരസഭാധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇരുവഴിഞ്ഞിടൂറിസം പദ്ധതി. അത് കൊണ്ട് തന്നെ എംഎല്‍എയുടെ സഹായവും നഗരസഭ പ്രതീക്ഷിക്കുന്നുണ്ട്. മുക്കത്തിന്റെ പ്രതാപവും മതസൗഹാര്‍ദവും മാത്രമല്ല എസ്.കെ.പൊറ്റക്കാട്, ബി.പി.മൊയ്തീന്‍ എന്നിവരെ അടയാളപ്പെടുത്തുന്നത് കൂടിയാവും പദ്ധതിയെന്നും നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ പറഞ്ഞു. കക്കാടംപൊയില്‍, തുഷാരഗിരി , അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോവുന്ന വിനോദ സഞ്ചാരികളെ മുക്കം കൂടി സന്ദര്‍ശിക്കുന്ന തരത്തിലേക്ക് എത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ഇരു വഴിഞ്ഞി പുഴയുടെ മനോഹാരിത കാണുന്നതിനായി ബോട്ട്, തോണി സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇരുവഴിഞ്ഞിയുടെ തീരത്തെ പുറംപോക്ക് ഭൂമിയില്‍ കുട്ടികള്‍ക്കായി പാര്‍ക്കും ഉദ്യാനവും നിര്‍മ്മിക്കുന്നതിനൊപ്പം തീരദേശ നടപ്പാത നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതിനായി വരുന്ന സംസ്ഥാന ബജറ്റിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി നടപടിയാരംഭിച്ചതായും നഗരസഭ ചെയര്‍മാന്‍  പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss