|    May 23 Tue, 2017 6:59 am
FLASH NEWS

ഇരുവഴഞ്ഞി വൈദ്യുത പദ്ധതി ഉടന്‍

Published : 29th August 2016 | Posted By: SMR

താമരശ്ശേരി: ഇരുവഞ്ഞി പുഴയിലെ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവൃത്തികള്‍ കോടഞ്ചേരിയില്‍ അവസാന ഘട്ടത്തില്‍. ബിഒടി അടിസ്ഥാനത്തില്‍ മലബാറില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ജല വൈദ്യുത പദ്ധതി അടുത്ത മാസം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും.
വെള്ളരി മലയുടെ താഴ്‌വാരത്തുനിന്നും ഉല്‍ഭവിക്കുന്ന ഇരുവഞ്ഞി പുഴയിയില്‍ നിന്ന് വൈദ്യുതി ലഭിക്കാന്‍ ഇനി അധികനാള്‍ കാത്തുനില്‍ക്കേണ്ടതില്ല. കോടഞ്ചേരി പതങ്കയത്ത് പ്രമുഖ വ്യവസായ ഗ്രൂപ്പായ മിനാര്‍ ഹൈഡ്രോ പവര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന ചെറുകിട ജല വൈദ്യുതിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. 50 കോടി രൂപ മുതല്‍ മുടക്കിലാണ് മിനാര്‍ ഗ്രൂപ്പ് ഇരുവഞ്ഞി പുഴയോരത്ത് പദ്ധതി സ്ഥാപിക്കുന്നത്. പുഴയില്‍ തടയണ സ്ഥാപിച്ച് പവര്‍ ഹൗസിലേക്ക് വെള്ളം എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക.
ഇതിനായി ഡാമില്‍നിന്നും 1350 മീറ്റര്‍ ദൂരത്തിലാണ് ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നത്. ഡാമില്‍നിന്നും സര്‍ജിക് ടാങ്ക് വരെ 2.5 മീറ്റര്‍ വ്യാസമുള്ള പൈപ്പും സര്‍ജിക് ടാങ്കില്‍നിന്നും പവര്‍ ഹൗസ് വരെ 2.2 മീറ്റര്‍ വ്യാസമുള്ള പൈപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. തടയണയും പവര്‍ ഹൗസും സ്ഥാപിക്കാനും പൈപ്പ് കടന്നുപോവാനുമുള്ള സ്ഥലം പൂര്‍ണമായും മിനാര്‍ ഗ്രൂപ്പ് വിലക്കെടുക്കുകയായിരുന്നു. 2.5 മീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെ ആദ്യം സര്‍ജിക് ടാങ്കിലേക്കാണ് വെള്ളം എത്തിക്കുന്നത്. സര്‍ജിക് ടാങ്കില്‍ നിന്നും കൂടുതല്‍ ശക്തിയോടെയാണ് വെള്ളം കടത്തിവിടുക. പവര്‍ ഹൗസിന് സമീപത്തുനിന്നും മൂന്നു പൈപ്പുകളായി തിരിഞ്ഞ് വെള്ളം പവര്‍ ഹൗസിലെത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് മിനാര്‍ ഗ്രൂപ്പ് ഉപയോഗപ്പെടുത്തുന്നത്.
3.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ഒരു മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് പവര്‍ ഹൗസ് സജ്ജീകരിക്കുന്നത്. വെള്ളം വളരെ കുറവായാല്‍ പോലും ഒരു മെഗാ വാട്ടിന്റെ ചെറിയ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നതാണ് പതങ്കയം പദ്ധതിയുടെ പ്രത്യേകത. 6.6 കെവി വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുക. ഇത് ട്രാന്‍സ്‌ഫോമറിലൂടെ കടത്തിവിട്ട് 33 കെവി യാക്കി ഉയര്‍ത്തും. തുടര്‍ന്ന് കെഎസ്ഇബിയുടെ തമ്പലമണ്ണ സബ് സ്റ്റേഷനിലെത്തിക്കും. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച പതങ്കയം ജല വൈദ്യുത പദ്ധതി 30 വര്‍ഷം കഴിഞ്ഞ് തികച്ചും സൗജന്യമായി സര്‍ക്കാറിന് കൈമാറും. ഇരുവഞ്ഞി പുഴയോരത്ത് അഞ്ചു ജല വൈദ്യുത പദ്ധതികള്‍ സ്ഥാപിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ് മിനാര്‍ ഗ്രൂപ്പ് കോടഞ്ചേരിയിലെത്തിയത്. ഇതിന് സര്‍ക്കാറിന്റെ അനുമതിയും ലഭിച്ചു കഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day