|    Oct 16 Tue, 2018 7:49 am
FLASH NEWS

ഇരുളടഞ്ഞ ജീവിതത്തില്‍ രണ്ടു ദിവസത്തെ ജാമ്യം സക്കരിയക്കും കുടുംബത്തിനും പുതുജീവന്‍ നല്‍കി

Published : 19th August 2016 | Posted By: SMR

പരപ്പനങ്ങാടി: നീണ്ട ഏഴര വര്‍ഷത്തെ ഇരുളടഞ്ഞ ജീവിതത്തില്‍ കനിഞ്ഞുകിട്ടിയ രണ്ടു ദിവസത്തെ ജാമ്യം സക്കരിയയുടെയും കുടുംബത്തിനും പുതുജീവന്‍ നല്‍കുന്നതായി മാറി.ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പനങ്ങാടി  കോണിയത്ത് സക്കരിയയ്ക്ക് കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച രാത്രി ജയിലില്‍ നിന്ന് വിമാനമാര്‍ഗം കരിപ്പൂരില്‍ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.എന്നാല്‍ സ്വന്തം ചെലവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം വിമാനമാര്‍ഗം വരുന്നത് ബുദ്ധിമുട്ടായതിനാല്‍ ഏഴു സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തില്‍ ഇന്നലെ പുലര്‍ച്ചെ പരപ്പനങ്ങാടിയിലെത്തുകയായിരുന്നു. നേരെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ എത്തിയ സംഘം കേരള പോലിസിന്റെ അകമ്പടിയോടെ രാവിലെ ഏഴരയ്ക്കു വീട്ടിലെത്തുകയായിരുന്നു.രാത്രിയില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങള്‍ വലിയ പോലിസ് സംഘത്തിന്റെ അകമ്പടിയോടെ സക്കരിയയെ കണ്ടപ്പോള്‍ ആദ്യം പകച്ചു.ഉമ്മ ബിയ്യുമ്മക്ക് മകനെ കണ്ടതോടെ എട്ടുവര്‍ഷത്തെ സങ്കടം അണപൊട്ടി. മകനും ഉമ്മയെ കണ്ടതോടെ നിയന്ത്രണം വിട്ടു.
ജാമ്യം ലഭിച്ചതിനാല്‍ പൂര്‍ണമായി സ്വാതന്ത്ര്യം പ്രതീക്ഷിച്ചവര്‍ക്ക് സുരക്ഷയുടെ പേരില്‍ ബുദ്ധിമുട്ടാവുകയായിരുന്നു. കര്‍ണാടക പോലിസിന്റെ സാന്നിധ്യത്തിലല്ലാതെ ഉമ്മയ്ക്കു പോലും സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിച്ചില്ല. പിന്നീട് യാത്രാക്ഷണമകറ്റി ഭക്ഷണവും കഴിച്ച് വരനും ജ്യേഷ്ഠനുമായ ശരീഫിന്റെ കൂടെ പുത്തന്‍ പീടിക ഓഡിറ്റോറിയത്തിലേയ്ക്കു പോലിസ് അകമ്പടിയോടെ വിവാഹ വേദിയിലേയ്‌ക്കെത്തി.സക്കരിയയുടെ ജാമ്യ വാര്‍ത്ത പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞെത്തിയ നാട്ടുകാര്‍ക്കും മറ്റും സക്കരിയ താരമായി മാറുകയായിരുന്നു. തന്റെ കുട്ടിക്കാലത്ത് കണ്ടവരെ പലരേയും ഇന്നു മനസ്സിലായില്ലെങ്കിലും എല്ലാവരോടും പുഞ്ചിരിച്ച് പക്വമാര്‍ന്ന രീതിയില്‍ എല്ലാവരേയും സ്വീകരിച്ചു.
ആളുകളുടെ തള്ളിക്കയറ്റം പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിതരാക്കി. ഇതിനിടെ പ്രമുഖ ചാനലിലെ റിപോര്‍ട്ടര്‍മാര്‍ ദൃശ്യം പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് ബഹളത്തിനിടയാക്കി. ജാമ്യവ്യവസ്ഥയില്‍ മാധ്യമങ്ങളുമായി ബന്ധം പാടില്ലെന്ന വ്യവസ്ഥയുണ്ടെന്നു പറഞ്ഞാണ് തടഞ്ഞത്. ഇതിനിടെ ജനപക്ഷം മാധ്യമത്തിന്റെ ഫോട്ടോഗ്രാഫറുടെ ചിത്രം പകര്‍ത്തിയത് ഡിലീറ്റ് ചെയ്തതു ശേഷമാണ് വിട്ടത്. പിന്നീട് മുന്‍മന്ത്രിയും എംഎല്‍എയുമായ അബ്ദുര്‍റബ് വിവാഹത്തിനു വന്നിറങ്ങിയപ്പോള്‍ തേജസ് ഫോട്ടോഗ്രാഫറും പ്രതിനിധികളും സംഭവം പറഞ്ഞപ്പോള്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നു മാത്രമല്ല തന്റെ ഫോട്ടോപോലും സക്കരിയയുടെ കൂടെ നിന്ന് എടുക്കരുതെന്നും തന്നെ ബാധിക്കുമെന്നുമുള്ള മറുപടിയാണ് കിട്ടിയത്.പിന്നീട് ബന്ധുക്കളും തേജസ് പ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് അയവു വന്നത്.
കര്‍ണാടക പോലിസിനേക്കാള്‍ മാധ്യമങ്ങളെ തടയാന്‍ കേരള പോലിസാണ് മുന്നിലുണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍ അയവു വരുത്തുകയായിരുന്നു.വിവിധ മതസാമൂഹിക രാഷ്ട്രീയ രംഗത്തെ ഉന്നതര്‍, നാട്ടുകാര്‍ എല്ലാവരും വിവാഹ വേദിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. ഇന്നു തിരിച്ച് അഗ്രഹാര ജയിലിലേയ്ക്കു സക്കരിയയെ കൊണ്ടുപോവും.2008 ജുലൈ 25നുണ്ടായ ബാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 2009 ഫെബ്രുവരി അഞ്ചിനാണ് കോണിയത്ത് പരേതനായ കുഞ്ഞിമുഹമ്മദ്-ബിയ്യുമ്മ ദമ്പതികളുടെ മകന്‍ സക്കരിയയെ തിരൂരില്‍നിന്ന് കര്‍ണാടക പോലിസ് കൊണ്ടുപോവുന്നത്.
കേസില്‍ എട്ടാംപ്രതിയായ സക്കരിയ നാലാംപ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് സ്‌ഫോടനത്തിനുള്ള ടൈമറുകളും മൈക്രോ ചിപ്പുകളും നിര്‍മിച്ചുവെന്നാരോപിച്ചാണ് യുഎപിഎ ചുമത്തി ജയിലിലടച്ചത്.ജാമ്യമില്ലാതെ ഏഴരവര്‍ഷത്തോളം അഗ്രഹാര ജയിലില്‍ കഴിയുന്ന സക്കരിയക്ക് സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്‍ഐഎ കോടതി ജഡ്ജി ശിവണ്ണ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. സക്കരിയക്കു വേണ്ടി അഡ്വ. ബാലനാണ് ഹാജരായിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss