|    Aug 17 Fri, 2018 11:11 pm
FLASH NEWS

ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം

Published : 6th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കഴിഞ്ഞ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വള്ളിക്കുന്ന് – തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 36 കോടിയുടെ കടലുണ്ടിപ്പുഴ ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് അട്ടിമറിക്കാന്‍ നീക്കം. പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ ശ്രമഫലമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നത്.
കഴിഞ്ഞ മാസം റഗുലേറ്റര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച പരിശോധനാ റിപോര്‍ട്ട് പ്രതികൂലമായിരുന്നു. റിപോര്‍ട്ടിന്റെ മറപിടിച്ചാണ് പദ്ധതിക്കെതിരെയുള്ള നീക്കം നടക്കുന്നത്. ഇരുമ്പോത്തിങ്ങലില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം അനുയോജ്യമല്ലന്ന റിപോര്‍ട്ടാണ് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചാണ് സ്ഥലം അനുകൂലമല്ലന്ന പരിശോധനാ റിപോര്‍ട്ട് തയ്യാറാക്കിയത്. സ്ഥലം അനുയോജ്യമല്ലന്ന റിപോര്‍ട്ട് സമര്‍പ്പിച്ച മുറയ്്ക്ക് ഇനി അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സര്‍ക്കാരാണ്. തീരത്തേയ്്ക്ക് വെള്ളം കയറാനിടയാക്കുമെന്ന കാരണം കണ്ടെത്തിയാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് ഇരുമ്പോത്തിങ്ങല്‍ കടവ് അനുയോജ്യമല്ലന്ന റിപോര്‍ട്ടുണ്ടാക്കിയത്.
കരകളുടെ ഉയര്‍ച്ച കുറവാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മൂന്ന് പഞ്ചായത്തുകള്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുന്ന കുടിവെള്ള, കാര്‍ഷിക പദ്ധതിയുടെ സാധ്യതയാണ് മങ്ങുന്നത്. എംഎല്‍എയുടെ ശ്രമഫലമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതി യാഥാര്‍ഥ്യമാവുമെന്ന ഘട്ടം വന്നപ്പോള്‍ ഇതില്ലാതാക്കാനുള്ള ലോബിയായിരിക്കും പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കര ഉയരമില്ലെന്ന റിപോര്‍ട്ടിലൂടെ പദ്ധതിക്ക് തുരങ്കം വയ്്ക്കുന്നതിന് പകരം കടലുണ്ടിപ്പുഴയുടെ പ്രദേശത്തിന് അനുയോജ്യമായ റിപോര്‍ട്ട് തയ്യാറാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് കെ എന്‍ എ ഖാദര്‍ എംഎല്‍എയായിരിക്കെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് സര്‍ക്കാര്‍ മാറി വന്നപ്പോഴും അബ്ദുല്‍ ഹമീദ് എംഎല്‍എയും പദ്ധതിക്കായി നിരന്തര ശ്രമം നടത്തി. റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ വിദഗ്ധ പഠന സംഘത്തെ നിയോഗിച്ച് സ്ഥലം വീണ്ടും പരിശോധിച്ച് പ്രദേശത്തിന് അനുയോജ്യമായ റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയെ കണ്ട് പി അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വകുപ്പുതല തീരുമാനം പുനപരിശോധിക്കണമെന്നും പദ്ധതി നിലനിര്‍ത്തണമെന്നും തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വള്ളിക്കുന്ന് മണ്ഡലത്തിലെ കര്‍ഷകര്‍ക്കും ശുദ്ധജല വിതരണത്തിനും ഏറെ അനുയോജ്യമായ പദ്ധതി ചേലേമ്പ്ര, മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനും ഉപ്പുവെള്ള ഭീഷണിക്കും ഏറെ സഹായകരമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss