|    Feb 20 Mon, 2017 11:37 pm
FLASH NEWS

ഇരുമ്പനം തൊഴില്‍ത്തര്‍ക്കം: ഐഒസി സമരം മൂന്നാം ദിനത്തിലേക്ക്; ഇന്ധനക്ഷാമം രൂക്ഷമാവുന്നു

Published : 24th October 2016 | Posted By: SMR

കൊച്ചി: ഇരുമ്പനത്തെ ഐഒസി ഇന്ധന പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തിവരുന്ന സമരം മുന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം സമരം പരിഹരിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കമ്പനി നടപ്പാക്കിയ പുതിയ ടെന്‍ഡര്‍ സംവിധാനത്തില്‍ വ്യാപക അപാകതകളുണ്ടെന്നാരോപിച്ചാണ് സമരം.
ടാങ്കറുകളുടെ എണ്ണം കുറച്ചതും വാടകയില്‍ മാറ്റം വരുത്തിയതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സമരസമിതിയുടെ നിലപാട്. സമരം സംസ്ഥാനത്ത് രൂക്ഷമായ ഇന്ധനക്ഷാമത്തിന് വഴിയൊരുക്കും. സമരത്തെ തുടര്‍ന്ന് ഇരുമ്പനം പ്ലാന്റിലെ ഇന്ധന നീക്കം രണ്ടാം ദിവസമായ ഇന്നലെയും പൂര്‍ണമായി നിലച്ചു. പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനനീക്കം പൂര്‍ണമായി നിലച്ചത്. ടെന്‍ഡര്‍ നടപടികളിലെ അപാകതകളും ഓവര്‍ സ്പീഡ് സെന്‍സര്‍ യന്ത്രം ഘടിപ്പിച്ചതും സംബന്ധിച്ച തര്‍ക്കങ്ങളാണ് പണിമുടക്കിലേക്ക് നയിച്ചത്. ഐഒസിയില്‍ പ്രവര്‍ത്തിക്കുന്ന 612 ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ ജില്ലകളൊഴിച്ച് സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലേക്കും പെട്രോള്‍, ഡീസല്‍ എത്തിക്കുന്നത് ഐഒസി പ്ലാന്റില്‍ നിന്നാണ്. ഈ പ്ലാന്റില്‍ നിന്നു ദിനംപ്രതി 560 ടാങ്കര്‍ ലോറികളാണ് ഇന്ധനവുമായി മറ്റു ജില്ലകളിലേക്ക് പോവുന്നത്.
പണിമുടക്ക് നീണ്ടുപോവുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാവുകയാണ്. പുതിയ ടെന്‍ഡറില്‍ 512 ലോറികളെ മാത്രമേ വിളിച്ചിട്ടുള്ളൂ. ബാക്കിയുള്ള ടാങ്കര്‍ ലോറികളിലെ 120 ജീവനക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഈ നിലപാടിനെതിരെയാണ് തൊഴിലാളികളുടെയും വാഹന ഉടമകളുടെയും പ്രതിഷേധമെന്ന് യൂനിയന്‍ പ്രസിഡന്റ് ബി ഹരികുമാര്‍ പറഞ്ഞു. പുതിയ ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് കമ്പനിക്ക് ആകെ വേണ്ട ലോറികളുടെ പത്തുശതമാനം ലോറിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥപ്രകാരം 550 ലോറികള്‍ക്കുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 55 ലോറികളെങ്കിലും ഉള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. ഇത് ഒചെറുകിടക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നടപടിയാണ്. ലോറികള്‍ക്ക് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞ വാടകയാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാടക കുറയ്ക്കുന്നത് തൊഴിലാളിയുടെ വേതനത്തെ ബാധിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്നുതവണ ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അത്തരമൊരു സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക്  നീങ്ങിയത്. ഐഒസി, ബിപിസിഎല്‍, എച്ച്പിസി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലാണ് സമരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക