|    Mar 18 Sun, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇരുമ്പനം ഐഒസിയില്‍ സമരം തുടരുന്നു; പെട്രോള്‍ പമ്പുകള്‍ അടഞ്ഞുതുടങ്ങി

Published : 22nd November 2016 | Posted By: SMR

തൃപ്പൂണിത്തുറ: ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം. നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് സംസ്ഥാനത്തെ പമ്പുകള്‍ അടയുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്(എകെഎഫ്പിടി) അറിയിച്ചു.
ഐഒസി പമ്പുകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഇന്നുമുതല്‍ സംസ്ഥാനത്തെ എച്ച്പിസി, ബിപിസി പമ്പുകളും ഇന്ധനം എടുക്കില്ല. ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്നു തവണ ഐഒസിയില്‍ പണിമുടക്ക് നടന്നിരുന്നു. ടെന്‍ഡറിലെ അപാകത പരിഹരിച്ച് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിലാണ് സമരത്തില്‍ നിന്നും പിന്‍മാറിയതെന്ന് തൊഴിലാളി സംഘടനകളും ലോറി ഉടമകളും പറയുന്നു. ഏറ്റവും അവസാനം ഒക്ടോബറില്‍ നടന്ന സമരത്തെ തുടര്‍ന്ന് ഗതാഗത, തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അപാകതകള്‍ പരിഹരിച്ച ശേഷമേ പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയുള്ളൂ എന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പുകള്‍ ലംഘിച്ച് ഡിസംബര്‍ മൂന്നിലേക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ ഐഒസിയില്‍ സമരം ആരംഭിച്ചത്.
ദിനം പ്രതി 600 ഓളം ലോഡ് ഇന്ധനം കയറ്റി പോവുന്ന ഇവിടെ 10 ശതമാനം വാഹനം ഉള്ളവര്‍ക്ക് മാത്രം കരാറില്‍ പങ്കെടുക്കാനാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് വന്‍കിട കരാറുകാരെ സഹായിക്കാനാണ് എന്ന് തൊഴിലാളികളും ചെറുകിട ലോറി ഉടമകളും ആരോപിക്കുന്നു. ഈ വ്യവസ്ഥ വരുന്നതോടെ ചെറുകിട ലോറി ഉടമകള്‍ക്കും അതിലെ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും. കൂടാതെ ലോറികള്‍ രണ്ടര ലക്ഷം രൂപ മുടക്കി ചെന്നൈയില്‍ പോയി ഓവര്‍ ഫില്‍ സെന്‍സര്‍ ഘടിപ്പിക്കണമെന്ന വ്യവസ്ഥയെയും തൊഴിലാളികളും ലോറിയുടമകളും എതിര്‍ക്കുകയാണ്. നിലവല്‍ പമ്പുകളിലും ടെര്‍മിനലുകളിലും ഈ സിസ്റ്റം ഉള്ളപ്പോള്‍ ഈ നിബന്ധന അധികബാധ്യത ഉണ്ടാക്കുമെന്ന് പറയുന്നു.
സമരം രണ്ട് ദിവസം പിന്നിട്ടതോടെ ഇന്ധനനീക്കം പൂര്‍ണമായും നിലച്ചു.  കേരളത്തില്‍ അങ്ങോളം ഉള്ള 900 ത്തോളം വരുന്ന ഐ ഒ സി പമ്പുകളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ പ്രതിസന്ധിയില്‍ ആവും. ഇന്ധന വിതരണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള തൊഴിലാളി സമരം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്(എകെഎഫ്പിടി)ന്റെ നേതൃത്വത്തില്‍ ഇന്നലെ കമ്പനിയിലേക്ക് മാര്‍ച്ചു നടത്തി.  തുടര്‍ന്ന് തൊഴിലാളികളുമായി എകെഎഫ്പിടി സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലം ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ചതിനുശേഷമുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പനത്തെത്തിയ മുഴുവന്‍ ഡീലര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് തോമസ് വൈദ്യന്റ അധ്യക്ഷതയില്‍ പ്രത്യേക ജനറല്‍ ബോഡി കൂടി. ഐഒസി ഇരുമ്പനം ടെര്‍മിനലില്‍ തുടര്‍ച്ചയായി പൊതുജനങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം നടത്തുന്ന സമരത്തില്‍ നിന്നും തൊഴിലാളികളും ട്രാന്‍സ്‌പോര്‍ട്ടര്‍മാരും പിന്‍മാറണമെന്നും പമ്പുകളിലേക്ക് ഇന്ധനം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം പാസാക്കി.
തൊഴിലാളികള്‍ സമരത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കില്‍ ഇന്നുമുതല്‍ സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. എന്നാല്‍, നിലവിലെ സ്‌റ്റോക്ക് തീരുന്ന മുറയ്ക്ക് പമ്പുകള്‍ അടയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss