|    Apr 25 Tue, 2017 11:53 pm
FLASH NEWS

ഇരുമ്പനം ഐഒസിയില്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Published : 22nd October 2016 | Posted By: SMR

തൃപ്പൂണിത്തുറ: ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുമ്പനം ഐഒസി യില്‍ ഇന്ന് മുതല്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ ഇവിടെ നിന്നുള്ള ഇന്ധനനീക്കം നിലക്കുന്നത് ഇന്ധന ക്ഷാമം രൂക്ഷമാക്കും. ഐഒസിയില്‍ പുതിയ ടെന്‍ഡറില്‍ മിനിമം പത്ത് ശതമാനം വാഹനങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ എന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയതാണ് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും സമരത്തിന് കാരണം. നേരത്തെ രണ്ട് തവണ ടെന്‍ഡര്‍ നടപടികളുടെ സന്ദര്‍ഭത്തില്‍ ഇതേ കാരണത്താല്‍ ഐഒസിയില്‍ സമരം നടന്നിരുന്നു. ഈ സമയത്ത് ചെറുകിട ലോറി ഉടമകളെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുന്ന ഈ വ്യവസ്ഥ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ നടത്തും എന്ന മാനേജ്‌മെന്റിന്റെ ഉറപ്പിലാണ് അന്നത്തെ സമരം അവസാനിച്ചത്. എന്നാല്‍ പുതിയ ടെന്‍ഡര്‍ നടപടികളിലും പഴയ വ്യവസ്ഥകള്‍ മാറ്റമില്ലാതെ തുടര്‍ന്നതാണ് വീണ്ടും സമരം ആരംഭിക്കാന്‍ കാരണം എന്ന് തൊഴിലാളികള്‍ പറയുന്നു. സമരം ആരംഭിക്കുന്നതോടെ ഇവിടെ നിന്നുള്ള ഇന്ധനനീക്കം പൂര്‍ണമായും നിലക്കും. ഐഒസിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരുമ്പനം എച്ച് പിസിഎല്‍, ബിപിസിഎല്‍ എന്നിവിടങ്ങളിലും രാവിലെ 6 മുതല്‍ 10 വരെ തൊഴിലാളികള്‍ പണിമുടക്കും. സമരം ഒത്തുതീര്‍ക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി ഇന്ന് മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി, ലോറി ഉടമ പ്രതിനിധികളുമായും കോഴിക്കോട്ട് ചര്‍ച്ച നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും. സമരത്തിന്റെ ഭാഗമായി തൊഴിലാളികളും ലോറി ഉടമകളും കമ്പനിക്ക് മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ്ണ സിപി എം ലോക്കല്‍ സെക്രട്ടറി കെടി സൈഗാള്‍ ഉദ്ഘാടനം ചെയ്തു. ബി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എ എം ഡേവിഡ് സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day