|    Dec 18 Tue, 2018 1:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രനെന്ന് കടകംപള്ളി

Published : 19th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനില്‍ വച്ച് തന്റെ ഇരുമുടിക്കെട്ട് പോലിസ് നിലത്തിട്ടു ചവിട്ടിയെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദം പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിറ്റാര്‍ പോലിസ് സ്റ്റേഷനില്‍ വച്ച് കെ സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് മനപ്പൂര്‍വം താഴെയിടുന്നതിന്റെ ദൃശ്യങ്ങളാണ് മന്ത്രി കടകംപള്ളി പുറത്തുവിട്ടത്.
പോലിസ് ഇരുമുടിക്കെട്ട് താഴെയിട്ടെന്നും തന്നെ നിലത്തിട്ടു വലിച്ചിഴച്ചെന്നുമായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. സുരേന്ദ്രന്‍ ബോധപൂര്‍വം ഇരുമുടിക്കെട്ട് രണ്ടുതവണ താഴെയിടുന്നതും രണ്ടുതവണയും എസ്പി തിരിച്ച് ചുമലില്‍ വച്ചുകൊടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പോലിസ് സ്റ്റേഷനിലെ സിസിടിവി കാമറ ഒപ്പിയെടുത്തതുള്‍പ്പെടെ മൂന്ന് വീഡിയോകളാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കെ സുരേന്ദ്രനു പോലിസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവുമൊരുക്കിയിരുന്നെന്നു മന്ത്രി പറഞ്ഞു. കിടക്കാന്‍ സിഐയുടെ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ ചൂടുവെള്ളവും ഭക്ഷണവും നല്‍കിയെന്നും മരുന്നു കഴിക്കാനുള്ള സൗകര്യമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.
ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. കെ സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാര്‍ പോലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്.
സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ടുതവണയും ഇതു തിരിച്ചെടുത്ത് ചുമലില്‍ വച്ചുകൊടുക്കുന്നുമുണ്ട്.
പുറത്തു തന്നെ കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലിസ് മര്‍ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി. കെ സുരേന്ദ്രന്‍ നടത്തിയത് ആചാരലംഘനമാണെന്ന് ദേവസ്വം മന്ത്രി ആരോപിച്ചു. അമ്മ മരിച്ച് ഒരുവര്‍ഷമാകും മുമ്പ് കെ സുരേന്ദ്രന്‍ മലചവിട്ടി. അമ്മ മരിച്ചാല്‍ സാധാരണ വിശ്വാസികള്‍ ഒരുവര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ല. ഈ ആചാരം തെറ്റിച്ചു സന്നിധാനത്തെത്തിയ ആളാണു വിശ്വാസത്തെക്കുറിച്ചു പറയുന്നത്. ഈ നാടകങ്ങള്‍ വിശ്വാസത്തിന്റെ പേരിലല്ല, വോട്ടിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹന ഫാത്തിമയെ ടാഗ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss