|    Nov 20 Tue, 2018 3:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറിയത് ആചാരലംഘനം: തന്ത്രി

Published : 7th November 2018 | Posted By: kasim kzm

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറിയത് ആചാര ലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ആചാരപ്രകാരം തന്ത്രിക്കും മേല്‍ശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാവൂ. ആചാരപ്രകാരം മേല്‍പ്പറഞ്ഞവരൊഴികെ എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍. ആചാരലംഘനം നടന്നതായി ബോധ്യപ്പെടുകയോ, പരാതി വരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്നും തന്ത്രി അറിയിച്ചു. ഏതുതരത്തിലുള്ള പരിഹാരമാണ് ചെയ്യുകയെന്നതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആര്‍—എസ്എസ് നേതാവിന്റെ ആചാരലംഘനം അന്വേഷിക്കുമെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസും വെട്ടിലായി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാവിലെ നടതുറന്ന സമയത്താണു ദേവസ്വം ബോര്‍ഡ് അംഗം ആചാരം ലംഘിച്ചത്. ഇദ്ദേഹം പടിയിറങ്ങിയതും ഇരുമുടിക്കെട്ടില്ലാതെയാണ്. ഇതേത്തുടര്‍ന്ന് കെ പി ശങ്കരദാസിനെതിരേ നടപടി വേണമെന്ന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. സമാനരീതിയില്‍ ആചാരലംഘനം നടത്തിയ തില്ലങ്കേരിക്കെതിരേ ശങ്കരദാസ് നടപടി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
വല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ 18ാംപടി കയറിയത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്നു ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറിയതിനു മുന്‍ മേല്‍ശാന്തി ശങ്കരന്‍നമ്പൂതിരിക്കും ഗായകന്‍ യേശുദാസിനുമെതിരേ ആചാരലംഘനത്തിന് മുമ്പ് ഹൈക്കോടതി കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ വല്‍സന്‍ തില്ലങ്കേരിക്കും ശങ്കരദാസിനുമെതിരേ കേസെടുക്കുന്നതിന് നിയമതടസ്സമുണ്ടാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss